Connect with us

Kerala

അഡ്വക്കേറ്റ് ജനറലിനും ക്യാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം, ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയും കുറച്ചു

Published

|

Last Updated

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര്‍ പ്രസാദിന് ക്യാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ മന്ത്രിമാര്‍ക്കു പുറമേ ക്യാബിനറ്റ് പദവി ലഭിച്ചവരുടെ എണ്ണം അഞ്ചായി.നിയമവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി. സുപ്രധാന ഭരണഘടനാ പദവി ആയതിനാലാണ് കാബിനറ്റ് പദവി നല്‍കുന്നത്.

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍, മുന്നോക്ക സമുദായ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, സര്‍ക്കാര്‍ ചീഫ് വിപ്പ് ആര്‍ രാജന്‍, ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധി സമ്പത്ത് എന്നിവര്‍ക്കാണ് ക്യാബിനറ്റ് റാങ്കുള്ളത്.

ഭരണഘടനാ പദവി വഹിക്കുന്നതിനാല്‍ സുധാകരപ്രസാദിന് ഇപ്പോള്‍ത്തന്നെ സവിശേഷ അധികാരങ്ങളുണ്ട്. ഇതിനു പുറമേയാണ് ക്യാബിനറ്റ് പദവി നല്‍കുന്നത്. മോട്ടോര്‍ വാഹനനിയമത്തിലെ ഉയര്‍ന്ന പിഴത്തുക കുറയ്ക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഹെല്‍മറ്റ് , സീറ്റ് ബെല്‍റ്റ് എന്നിവക്കുള്ള പിഴത്തുക ആയിരത്തില്‍നിന്നും അഞ്ഞൂറ് രൂപയാക്കി. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴത്തുക പതിനായിരമായി തുടരും. അമിത ഭാരം കയറ്റിയാലൂുള്ള പിഴത്തുക ആദ്യത്തെ പ്രാവശ്യം 1500 രൂപയാക്കിയിട്ടുണ്ട്. കായികമേളയ്ക്കിടെ ഹാമര്‍ വീണ് മരിച്ച അഫീലിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കാനും യോഗം തീരുമാനിച്ചു.

Latest