Connect with us

Kerala

മഹാരാഷ്ട്രയും ഹരിയാനയും ബൂത്തിൽ

Published

|

Last Updated

മുംബൈ/ ചണ്ഡീഗഢ്: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങൾ ഇന്ന് ബൂത്തിലേക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ രണ്ട് സംസ്ഥാനങ്ങളിലും ഭരണത്തുടർച്ച ലഭിക്കുമെന്ന വിശ്വാസത്തിലാണ് ബി ജെ പി നേതൃത്വത്തിലുള്ള സഖ്യം. ഭരണവിരുദ്ധ വികാരങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ. കേരളമുൾപ്പെടെ പതിനേഴ് സംസ്ഥാനങ്ങളിലായി 51 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും.

മഹായുതി Vs മഹാ അഘാഡി

ബി ജെ പി- ശിവസേന നേതൃത്വത്തിലുള്ള മഹായുതിയും കോൺഗ്രസ്- എൻ സി പി നേതൃത്വത്തിലുള്ള മഹാ അഘാഡിയും തമ്മിലാണ് മഹാരാഷ്ട്രയിൽ പ്രധാന മത്സരം. ആകെയുള്ള 288 മണ്ഡലങ്ങളിലായി 3,237 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇവരിൽ 235 പേർ സ്ത്രീകളാണ്. 96,661 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്.
ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി ജെ പി 150 സീറ്റിലും സഖ്യകക്ഷിയായ ശിവസേന 124 സീറ്റിലുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് 147ഉം എൻ സി പി 121ഉം സീറ്റിൽ ജനവിധി തേടുന്നു. രാജ് താക്കറെയുടെ എം എൻ എസ്, സി പി ഐ (16), സി പി എം (എട്ട്) എന്നീ കക്ഷികളും മത്സരരംഗത്തുണ്ട്.

സത്താറ ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും. എൻ സി പി മുൻ നേതാവും എം പിയുമായ ഉദയരാജെ ഭോസ്‌ലെ ബി ജെ പി ടിക്കറ്റിലാണ് ഇത്തവണ മത്സരിക്കുന്നത്. ശ്രീനിവാസ് പാട്ടീൽ ആണ് പ്രധാന എതിരാളി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും എൻ സി പി നേതാവ് ശരദ് പവാറും തമ്മിലുള്ള വാക്‌പോരിനാണ് തിരഞ്ഞെടുപ്പ് പ്രചാരണം സാക്ഷ്യം വഹിച്ചത്. സംയുക്ത റാലികൾ സംഘടിപ്പിക്കുന്നതിൽ സഖ്യ കക്ഷികളായ എൻ സി പിയും കോൺഗ്രസും പരാജയപ്പെട്ടത് തിരിച്ചടിയായിട്ടുണ്ട്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് ബി ജെ പി വോട്ട് തേടുന്നത്. നിലവിൽ ബി ജെ പിക്ക് 122ഉം ശിവസേനക്ക് 63ഉം സീറ്റുകളും കോൺഗ്രസിനും എൻ സി പിക്കും യഥാക്രമം 42ഉം 41ഉം സീറ്റുകളുമാണുള്ളത്.

ഹരിയാന

ഭരണകക്ഷിയായ ബി ജെ പിയും പ്രധാന പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ജനനായക് ജനതാ പാർട്ടിയും (ജെ ജെ പി) തമ്മിലാണ് ഹരിയാനയിൽ മത്സരം. അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. തൊണ്ണൂറംഗ നിയമസഭയിൽ ബി ജെ പിക്ക് 47 സീറ്റുകളാണുള്ളത്. ഐ എൻ എൽ ഡിക്ക് 19ഉം കോൺഗ്രസിന് 15ഉം സീറ്റുകളാണ് കഴിഞ്ഞ തവണ ലഭിച്ചത്. ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെ ജെ പിയുടെ രംഗപ്രവേശം തിരഞ്ഞെടുപ്പിൽ നിർണായകമാകും. ഐ എൻ എൽ ഡി- എസ് എ ഡി സഖ്യം, എ എ പി, ബി എസ് പി എന്നീ കക്ഷികളും മത്സരിക്കുന്നുണ്ട്.
കായിക താരങ്ങളായ ബബിത ഫൊഗോട്ട്, യോഗേശ്വർ ദത്ത്, സന്ദീപ് സിംഗ് എന്നിവർ ബി ജെ പി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. 2014ൽ നടന്ന തിരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ബി ജെ പി ആദ്യമായി അധികാരത്തിലെത്തുന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 51 നിയമസഭാ മണ്ഡലങ്ങളിൽ മുപ്പത് സീറ്റ് ബി ജെ പിയുടെയോ സഖ്യ കക്ഷിയുടെയോ സിറ്റിംഗ് സീറ്റുകളാണ്. പന്ത്രണ്ട് സീറ്റുകൾ കോൺഗ്രസിന്റെ കൈകളിലായിരുന്നു. ബിഹാറിലെ സമസ്തിപൂർ ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

Latest