Connect with us

Kerala

വീണ്ടും മഴ; നാളെ നാലിടത്ത് യെല്ലോ അലർട്ട്

Published

|

Last Updated

തിരുവനന്തപുരം: ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം കനക്കുന്നു. നാളെ നാല് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച എട്ട് ജില്ലകളിലും വ്യാഴാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാ തീരത്ത് ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അറബിക്കടലിൽ ഗുജറാത്ത് തീരത്തിന് സമീപം രൂപപ്പെട്ട ന്യുനമർദം തീവ്ര ന്യുനമർദമായി മാറി അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ വീണ്ടും ശക്തിപ്രാപിച്ച് അതിതീവ്ര ന്യുനമർദമാകാനും തുടർന്ന് ചുഴലിക്കാറ്റായി മാറി ഒമാൻ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്.

ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്. 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും 26ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ, ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ 25 വരെ മധ്യപടിഞ്ഞാറ്, അതിനോട് ചേർന്നുള്ള വടക്കു പടിഞ്ഞാറ് അറബിക്കടൽ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Latest