Malappuram
നിലമ്പൂരില്‍ സൈന്യത്തെ ഇറക്കണമെന്ന് പി വി അന്‍വര്‍

നിലമ്പൂര്‍: പോത്ത്കല്ല് പഞ്ചായത്തിലെ കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണെന്ന് നിലമ്പൂര്‍ എം എല്‍ എ പറഞ്ഞു. രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ ദുരന്തപ്രദേശത്ത് സൈന്യത്തിന്റെ സേവനം ഉണ്ടെങ്കില്‍ മാത്രമേ മണ്ണിനിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കില്‍ അവരെ രക്ഷിക്കാനാകൂവെന്ന് അന്‍വര്‍ പറഞ്ഞു.
കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 30ഓളം വീടുകള്‍ മണ്ണിനടിയിലായിട്ടുണ്ട്. ഏകദേശം അന്‍പതിനും നൂറിനുമിടയില്‍ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികളില്‍ നിന്ന് ലഭ്യമായ വിവരം. മലയുടെ താഴ്വരയായ ഒരു പ്രദേശം ഒന്നാകെ ഉരുള്‍പൊട്ടലില്‍ പെട്ട് ഒലിച്ച് പോയി മണ്ണില്‍ അമരുകയാണുണ്ടായത്.
പ്രദേശത്തേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ട്. സിഗ്‌നല്‍ ലഭ്യതയുടെ അഭാവം മൂലം കമ്മ്യൂണിക്കേഷനിലും ബുദ്ധിമുട്ടുണ്ട്. രാവിലെ മുതല്‍ എം എല്‍ എ ഉള്‍പ്പടെ കവളപ്പാറയില്‍ ക്യാമ്പ് ചെയ്ത് സാധ്യമായ തരത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനപ്രകാരം പാലക്കാട് നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടന്‍ കവളപ്പാറയില്‍ എത്തും. കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. കവളപ്പാറയിലെ ജനങ്ങള്‍ക്കൊപ്പം ഈ നാട് ഒന്നാകെ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു -അന്‍വര്‍ പറഞ്ഞു.
അതേ സമയം പെട്രോള്‍ പമ്പുകള്‍ അടക്കം വെള്ളത്തിനടിയിലായതിനാല്‍ സ്വകാര്യ വാഹനങ്ങളില്‍ നിറക്കാനുള്ള ഇന്ധനവും ലഭ്യമാകുന്നില്ല.