പ്രതിഫലം നഷ്ടപ്പെടാത്ത കർമം

Posted on: May 20, 2019 11:08 am | Last updated: May 20, 2019 at 11:08 am

ഒരു മഞ്ഞ ബോർഡ് പള്ളിയുടെ ചുവരിൽ തൂങ്ങുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മിക്ക പള്ളികളിലും ഹൗളിന്റെ പരിസരത്തായുണ്ടാകുമിത്. ചില പള്ളികളിൽ റമസാനിൽ അത് പുതുക്കി സ്ഥാപിക്കും. ചിലയിടങ്ങളിൽ പഴകി ജീർണിച്ചും കിടക്കുന്നുണ്ടാകും. എന്തായാലും വുളൂഇന്റെ ശേഷമുള്ള ദുആ എന്നെഴുതിയ ഈ ബോർഡ് ഉപയോഗപ്പെടുത്തുന്നവർ വളരെ വിരളമാണ്. വുളൂഇനെപ്പോലെത്തന്നെ മഹത്വമേറിയതാണ് ശേഷമുള്ള പ്രാർഥന. മനഃപാഠമാക്കാൻ എളുപ്പവും ചൊല്ലാൻ ലളിതവുമാണത്. വുളൂഅ് കഴിഞ്ഞ് സമയം ദീർഘിക്കുന്നതിന് മുമ്പ് ഖിബ്‌ലയിലേക്ക് തിരിഞ്ഞ് രണ്ട് കൈയ്യും കണ്ണും മേൽപ്പോട്ടുയർത്തിയാണ് ഈ പ്രാർഥന നിർവഹിക്കേണ്ടത്. പണ്ട് മദ്‌റസയിൽ വെച്ച് ഇങ്ങനെയൊന്ന് കേട്ടതോർമയില്ലേ ? പക്ഷേ ഉപയോഗമില്ലാത്തത് കൊണ്ട് മറന്നുപോയി.

അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹു… എന്നു തുടങ്ങി വ അതൂബു ഇലൈക്ക് എന്നവസാനിക്കുന്ന പ്രാർഥനയുടെ ഓരോ ഭാഗത്തിനും വ്യത്യസ്ത ഫലങ്ങളാണുള്ളത്. ഉമർ (റ) വിൽ നിന്നുള്ള നിവേദനം: നബി (സ) പറഞ്ഞു: പൂർണ രൂപത്തിൽ വുളൂഅ് ചെയ്ത ശേഷം അശ്ഹുദു അല്ലാഇലാഹ ഇല്ലല്ലാഹു…

അബ്ദുഹു വ റസൂലുഹു എന്ന് ദിക്ർ ആരെങ്കിലും ചൊല്ലിയാൽ അവർക്ക് മുമ്പിൽ സ്വർഗത്തിന്റെ എട്ട് കവാടങ്ങൾ തുറക്കപ്പെടും. ഇഷ്ടമുള്ള കവാടത്തിലൂടെ അവനിക്ക് സ്വർഗത്തിൽ പ്രവേശിക്കാം. (മുസ്‌ലിം 234). സുബ്ഹാനകല്ലാഹുമ്മ… വ അതൂബു ഇലൈക്ക് വരെ ചൊല്ലിയാൽ അത് തുകലിൽ രേഖപ്പെടുത്തി സീൽ ചെയ്ത് വെക്കും. ഖിയാമത്ത് നാൾ വരെ പൊട്ടിക്കുകയില്ല. അതിന്റെ പ്രതിഫലം അയാൾക്ക് ലഭിക്കുക തന്നെ ചെയ്യും. അപ്പോൾ ഈമാൻ നഷ്ടപ്പെട്ട് കൊണ്ടൊരാൾ മരിച്ചാൽ അയാൾക്ക് അതിന്റെ പ്രതിഫലം ലഭിക്കുമോ എന്ന സംശയത്തിന് മറുപടിയായി ഈ ദുആ പതിവാക്കുന്നത് ഈമാൻ ഉറപ്പിച്ച് നിർത്തുന്നതിന് കാരണമാകുമെന്ന് പണ്ഡിതൻമാർ രേഖപ്പെടുത്തുന്നു. ഈ പ്രാർഥനക്ക് ശേഷം നബി (സ) യുടെ കുടുംബത്തിന്റെ മേൽ സ്വലാത്തും സലാമും ചൊല്ലലും പ്രത്യേകം സുന്നത്തുണ്ട്. ശേഷം ഖിബ്‌ലക്ക് തിരിഞ്ഞുകൊണ്ട് തന്നെ ഇന്നാ അൻസൽനാഹു… (ഖദ്ർ) സൂറത്ത് മൂന്ന് തവണ ഓതലും സുന്നത്താണ്.

തുടർന്ന് രണ്ട് റക്അത്ത് നിസ്‌കരിക്കലും സുന്നത്തുണ്ട്. അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്നു. നബി (സ) ഒരിക്കൽ ബിലാൽ (റ) വിനോട് പറഞ്ഞു: “ബിലാൽ’, മുസ്‌ലിമായ ശേഷം നീ ചെയ്യാറുള്ള കർമങ്ങളിൽ ഏറ്റവും പ്രതിഫലം പ്രതീക്ഷിക്കുന്നത് ഏതാണെന്ന് പറയൂ. സ്വർഗത്തിൽ എന്റെ മുന്നിൽ നിന്റെ പാദരക്ഷയുടെ ശബ്ദം ഞാൻ കേട്ടല്ലോ.

ബിലാൽ(റ) പറഞ്ഞു: അത്ര പ്രതിഫലം പ്രതീക്ഷിക്കുന്ന കർമങ്ങളൊന്നും ഞാൻ ചെയ്യുന്നില്ല. എന്നാൽ രാത്രിയായാലും പകലായാലും വുളൂഅ് ചെയ്താൽ എനിക്ക് കണക്കാക്കിയത്ര ഞാൻ നിസ്‌കരിക്കാറുണ്ട്. (വുളൂഇന്റെ സുന്നത്ത് നിസ്‌കാരം പതിവായി നിസ്‌കരിച്ചിരുന്നു എന്നർഥം). വുളൂഇന്റെ ശേഷമുള്ള മറ്റേത് സുന്നത്ത് നിസ്‌കാരത്തിന്റെ കൂടെ ഇതിന്റെ നിയ്യത്ത് ചെയ്താലും പ്രതിഫലം ലഭിക്കുന്നതാണ്. പുണ്യ റമസാനിൽ ധാരാളം അമലുകൾ ചെയ്യുന്ന കൂട്ടത്തിൽ ലളിതമായ കർമങ്ങളിലൂടെ വലിയ നേട്ടങ്ങൾ ലഭിക്കുന്ന ഇത്തരം അമലുകൾ ശീലമാക്കാൻ നാം ശ്രമിക്കണം.