Connect with us

National

പഞ്ചാബില്‍ മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗവും തമ്മിലുള്ള വാക്ക്‌പോര് കോണ്‍ഗ്രസിന് തലവേദനയാകുന്നു

Published

|

Last Updated

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും സംസ്ഥാന മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോര് കൂടുതല്‍ ശക്തമാകുന്നു. സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലേക്ക് മന്ത്രിസഭയിലെ രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്കം വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ ഇരുവരും തമ്മില്‍ വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍ സിദ്ദു തന്റെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യംവെക്കുന്നതായി ആരോപണവുമായി അമരീന്ദര്‍ ഇന്ന് രംഗത്തെത്തി.

തന്നെ മാറ്റി മുഖ്യമന്ത്രിയാകണമെന്നാണ് സിദ്ദുവിന്റെ ആഗ്രഹമെന്ന് അമരീന്ദര്‍ ആരോപിച്ചു. സിദ്ദു അതിമോഹിയാണ്. എല്ലാവര്‍ക്കും അവരവരുടേതായ ആഗ്രഹങ്ങളുണ്ട്. എനിക്കദ്ദേഹത്തെ ചെറുപ്പം മുതലേ അറിയാം. എനിക്കദ്ദേഹവുമായി അഭിപ്രായവ്യത്യാസമൊന്നും ഇല്ല. പക്ഷേ എന്നെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു മാറ്റി ആ സ്ഥാനത്തെത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ തിരഞ്ഞെടുപ്പ് സമയത്ത് അതു പ്രകടിപ്പിക്കുന്നതു ശരിയല്ല. അത് എന്നെയല്ല, പാര്‍ട്ടിയെയും മത്സരിക്കുന്ന നേതാക്കളെയും ബാധിക്കും- വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമരീന്ദര്‍ പറഞ്ഞു.

സിദ്ദുവിന് ലോക്‌സഭാ സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ നവ്‌ജോത് കൗര്‍ നടത്തിയ വിമര്‍ശനങ്ങളാണ് ഇരു നേതാക്കള്‍ തമ്മിലുള്ള ശത്രുതയിലേക്ക് വളര്‍ന്നത്. അമൃത്‌സറില്‍ നിന്നു മത്സരിക്കാന്‍ നവ്‌ജോത് കൗറിനോട് ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ അവരതു നിഷേധിച്ചതാണെന്നുമായിരുന്നു വിഷയത്തില്‍ അമരീന്ദറിന്റെ പ്രതികരണം. എന്നാല്‍ തന്റെ ഭാര്യ നുണ പറയില്ലെന്നും അവര്‍ക്കക്ക് ധൈര്യമുണ്ടെന്നുമായിരുന്നു സിദ്ദുവിന്റെ പ്രതികരണം.
ഈ പ്രസ്താവന അച്ചടക്കലംഘനമാണെന്നും കോണ്‍ഗ്രസ് പിന്നാലെ സിദ്ദുവിനെതിരെ പാര്‍ട്ടി നേതൃത്വം നടപടിയെടുക്കണമെന്ന് അമരീന്ദര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്താനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ തറക്കല്ലിടല്‍ ചടങ്ങിലും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു സിദ്ദു ക്ഷണിക്കാതെയാണ് ചടങ്ങിനെത്തിയതെന്നായിരുന്നു അമരീന്ദറിന്റെ വിമര്‍ശം. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് തന്റെ ക്യാപ്റ്റനെന്നായിരുന്നു സിദ്ദുവിന്റെ പ്രതികരണം.

Latest