Connect with us

Kerala

കള്ളവോട്ട്; കേരളത്തിൽ റീ പോളിംഗ് ഇതാദ്യം

Published

|

Last Updated

തിരുവനന്തപുരം: കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് റീ പോളിംഗ് നടക്കുന്നത് ഇതാദ്യം. പോളിംഗ് കഴിഞ്ഞ ശേഷമുണ്ടാകുന്ന സാങ്കേതിക കാരങ്ങൾ ഉന്നയിച്ച് റീപോളിംഗുകൾ നടന്നിട്ടുണ്ടെങ്കിലും കള്ളവോട്ട് തെളിഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് റീപോളിംഗ് നടത്തുന്നത് ഇതാദ്യമാണ്.

കാസർകോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജമാഅത്ത് എച്ച്എസ് നോർത്ത് ബ്ലോക്ക്, ബൂത്ത് നമ്പർ 70 ജമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക് എന്നിവടങ്ങളിലും കണ്ണൂർ തളിപ്പറമ്പ ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്. ഇക്കുറി മൂന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും കള്ളവോട്ടിനെ തുടർന്ന് റീപോളിംഗ് നടത്തിയിരുന്നു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ധർമജ് ഗ്രാമത്തിലെ പോളിംഗ് ബൂത്തിലാണ് റീ പോളിംഗ് നടന്നത്. ഈ പോളിംഗ് ബൂത്തിൽ കള്ളവോട്ട് നടന്നതായി റിട്ടേണിംഗ് ഓഫീസർ നൽകിയ പരാതിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവിടെ റീ പോളിംഗ് നടത്തിയത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ് ആനന്ദ്.

ആദ്യ ഘട്ടത്തിൽ ഏപ്രിൽ 11ന് തിരഞ്ഞെടുപ്പ് നടന്ന പടിഞ്ഞാറൻ ത്രിപുര ലോക്‌സഭാ മണ്ഡലത്തിലെ 168 പോളിംഗ് സ്‌റ്റേഷനുകളിൽ പോളിംഗ് നടപടി ക്രമങ്ങൾ ലംഘിച്ചതിനെ തുടർന്ന് റീപോളിംഗ് നടത്തിയിരുന്നു.
ഈ മാസം 12നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മണ്ഡലത്തിൽ റീപോളിംഗ് നടത്തിയത്.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ലോക്‌സഭാ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പോളീംഗ് സ്‌റ്റേഷനിൽ റീപോളിംഗ് നടക്കുന്ന മണ്ഡലം കൂടിയാണ് പടിഞ്ഞാറൻ ത്രിപുര.

Latest