Connect with us

Health

വ്രതകാലത്തെ പ്രമേഹ നിയന്ത്രണം

Published

|

Last Updated

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം കൂടുതലാണ്; 19.4 ശതമാനം പേരിലും രോഗമുണ്ട്. പ്രമേഹരോഗികൾ ഭക്ഷണം കഴിക്കാതിരിക്കുന്നത് മൂലമുള്ള അപകടസാധ്യത കൂടുതൽ പ്രകടമാകുന്ന വേളയാണ് വ്രതകാലം. റമസാൻ വ്രതമനുഷ്ഠിക്കുമ്പോൾ പ്രായോഗിക പ്രമേഹ നിയന്ത്രണ നടപടികൾ കൈക്കൊള്ളേണ്ടത് അതിപ്രധാനമാണ്. വ്രതമെടുക്കുമ്പോൾ പ്രമേഹ രോഗികൾ മതിയായ കരുതലും ശ്രദ്ധയും രക്ഷാ നടപടികളും സ്വീകരിക്കണം. ആരോഗ്യകാര്യങ്ങളെ കുറിച്ച് കൃത്യമായി നിരീക്ഷിക്കാതെ വ്രതമെടുക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. വ്രതം ആരംഭിക്കുമ്പോഴും മുറിക്കുമ്പോഴും അനുയോജ്യ ഭക്ഷ്യ വിഭവങ്ങൾ ശരിയായ രീതിയിൽ കഴിച്ചാൽ അപകടസാധ്യത ഒഴിവാക്കാൻ സാധിക്കും.

വ്രതമെടുക്കുമ്പോൾ ആദ്യഘട്ടത്തിൽ, ശരീരം സംഭരിച്ചുവെച്ച ഗ്ലൂക്കോസ് ഉപയോഗിക്കുകയും പിന്നീട് ആവശ്യമായ ഊർജം ലഭിക്കുന്നതിനായി ശരീരത്തിലെ കൊഴുപ്പ് വേർപ്പെടുത്തുകയുമാണ് ചെയ്യുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിശ്ചിത ക്രമത്തിൽ നിലനിർത്തേണ്ടത് ശരീരത്തിന് അനിവാര്യമാണ്. വ്രതമെടുക്കുമ്പോൾ അത് കുത്തനെ കുറയാനിടയുണ്ട്. 12 മണിക്കൂറിലേറെ തുടർച്ചയായി വ്രതമെടുക്കുമ്പോൾ അന്നജത്തിന്റെ അളവ് വല്ലാതെ കുറയുകയോ അമിതമാകുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകാം. വ്രത വേളയിൽ പുലർകാലത്ത് ആദ്യഭക്ഷണം കഴിക്കുന്ന രോഗികളിൽ ഉച്ചക്ക് ശേഷം അന്നജം ശൂന്യമാകുന്ന അവസ്ഥയുണ്ടാകാം. നിർജലീകരണവും ഇതിന് കാരണമാണ്. ഈ ഘട്ടത്തിൽ കീറ്റോ ഉത്പാദനം സംഭവിക്കും. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതോടെ അന്നജത്തിന്റെ അളവിൽ വലിയ കുറവിനും നേരത്തെയുള്ള കീറ്റോസിസിനും കാരണമാകും.

കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ ചേർന്ന ഭക്ഷണമാണ് വ്രതം മുറിക്കാൻ അനുയോജ്യം. നല്ല നാരുള്ളതും അന്നജം കുറഞ്ഞതുമായ വിഭവങ്ങളാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. ബീൻസ്, ഓട്‌സ്, അന്നജം കുറഞ്ഞ പച്ചക്കറികൾ, ധാന്യങ്ങൾ കൊണ്ടുള്ള ബ്രഡ്, അരി തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളും ഹൈഡ്രേറ്റഡ് ഭക്ഷ്യവസ്തുക്കളും തീർച്ചയായും ഒഴിവാക്കേണ്ടതാണ്.

വ്രതകാലത്ത് പ്രമേഹ രോഗികൾക്ക് പൊതുവെ ക്ഷീണം അനുഭവപ്പെടുകയും രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും വായ വറ്റിവരളുകയും ചെയ്യാറുണ്ട്. നോമ്പ് വേളയിൽ ടൈപ്പ് 2 പ്രമേഹരോഗികളുടെ രക്തത്തിൽ ഗ്ലൂക്കോസ് കുറയുന്നതും പ്രമേഹം ഉയരുന്നതും കാണാം. ആമാശയവീക്കം, മൂത്രാശയ അണുബാധ, കീറ്റോ അസിഡോസിസ് തുടങ്ങിയ പ്രശ്‌നങ്ങളും ഈ വേളയിൽ കാണാറുണ്ട്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് തീവ്രമായി കുറയുന്ന അവസ്ഥ വ്രതകാലത്ത് കൂടുതലാണ്. അതുകൊണ്ട് തന്നെ വ്രതം എടുക്കുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് ശാരീരികാവസ്ഥ വിലയിരുത്തുകയും നോമ്പ് സമയത്ത് വീട്ടിൽ വെച്ച് ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് തുടർച്ചയായ പ്രമേഹ പരിശോധന നടത്തുകയും വേണം. പ്രമേഹം നിയന്ത്രിക്കുന്ന ഗുളിക/ ഇൻസുലിൻ എന്നിവയുടെ ഡോസ് വർധിപ്പിക്കുകയും ഇവ ഉപയോഗിക്കുന്ന സമയത്ത് ഡോക്ടറുടെ നിർദേശാനുസരണം മാറ്റം വരുത്തുകയും വേണം. ഭക്ഷണം കഴിക്കാത്ത സമയങ്ങളിൽ ഗുളികയുടെ ഡോസ് കുറക്കുന്നതാണ് അഭികാമ്യം. മെറ്റ്‌ഫോമിൻ, ഗ്ലിറ്റസൺസ് തുടങ്ങിയവ വ്രതകാലത്ത് സുരക്ഷിതമാണ്. എന്നാൽ, ചില മരുന്നുകൾ ഈ വേളയിൽ ഒഴിവാക്കണം.
പകൽ വിശന്നിരുന്നത് കാരണം രാത്രിയിൽ പഞ്ചസാരയുടെ തോത് കൂടാനുള്ള പ്രവണത ശരീരം കാണിക്കുമെന്നതിനാൽ പ്രമേഹ രോഗികൾ ശരിയായ അളവിലും സമയത്തും മരുന്ന് കഴിക്കേണ്ടത് അനിവാര്യമാണ്. കരൾ, ഹൃദയ, കിഡ്‌നി രോഗങ്ങളുള്ള പ്രായമേറിയ പ്രമേഹ രോഗികൾ നോമ്പെടുക്കുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടേണ്ടത് നിർബന്ധമാണ്.

(കൊച്ചി റിനൈ മെഡിസിറ്റി മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി മെഡിക്കൽ ഡയറക്ടറും പ്രമേഹരോഗ വിദഗ്ധനുമാണ് ലേഖകൻ)
.

---- facebook comment plugin here -----

Latest