Connect with us

Kerala

വര്‍ഗീയതക്കെതിരെ കോണ്‍ഗ്രസിന്റെ നയമെന്തെന്ന് പിണറായി

Published

|

Last Updated

പത്തനംതിട്ട: കോണ്‍ഗ്രസിനെതിരെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയെ ഒരു കൂട്ടര്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ ഉതകുന്ന എന്ത് നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പത്തനംതിട്ടയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആര്‍ എസ് എസ് ഉയര്‍ത്തുന്ന വര്‍ഗീയ പ്രശനങ്ങളെ മതനിരപേക്ഷത സംരക്ഷിക്കാനും വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് വേണ്ടത്. ഇത് കോണ്‍ഗ്രസില്‍നിന്നും ഉണ്ടാകുന്നില്ല.

രാജ്യത്തെ ബി ജെ പി എം പിമാരേയും നേതാക്കളേയും നോക്കിയാല്‍ കാണാനാകുന്നത് മുന്‍ കോണ്‍ഗ്രസ് നേതാക്കളെയാണ്. ഒരുപറ്റം കോണ്‍ഗ്രസ് നേതാക്കന്‍മാരാണ് ബി ജെ പിയുടെ തലപത്ത് ഇരിക്കുന്നത്. എങ്ങിനെയാണ് ഇത്തരത്തില്‍ ഇവര്‍ക്ക് മാറാന്‍ കഴിയുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ആര് എപ്പോള്‍ ബി ജെ പിയിലേക്ക് മാറും എന്ന് പറയാന്‍ പറ്റില്ല. ആരും മാറാവുന്നതേയുള്ളൂ . നാം വോട്ട് നല്‍കുന്ന ആള്‍ ഒരുതരത്തിലും വഞ്ചന കാണിക്കരുത്.
കേരളത്തില്‍ വന്ന് ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതുപോലെ പല സംസ്ഥാനങ്ങളിലും ബി ജെ പിക്കെതിരായ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് രാഹുല്‍ഗാന്ധി സ്വീകരിക്കുന്നത്. ബി ജെ പിക്കെതിരെ ഒറ്റക്ക് പോരാട്ടം നടത്താനുള്ള ശേഷി കോണ്‍ഗ്രസിനില്ല. ബി ജെ പിക്കെതിരെയാണ് മത്സരമെന്ന് പറയുന്ന രാഹുല്‍ഗാന്ധി വയനാട്ടില്‍ പത്രിക കൊടുത്തു. ഇടതുപക്ഷത്തെ എതിര്‍ക്കുന്നതിലൂടെ എന്ത് സന്ദേശമാണ് രാഹുല്‍ഗാന്ധി നല്‍കുന്നതെന്നും പിണറായി ചോദിച്ചു.

ബദല്‍ സര്‍ക്കാരിന് ഉദാഹരണമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭ അഴിമതി നിറഞ്ഞതായിരുന്നു. ജീര്‍ണതയുടെ രാഷ്ട്രീയമല്ലേ അക്കാലത്ത് സംസ്ഥാനത്തുണ്ടായത്. എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നിട്ട് മൂന്ന് വര്‍ഷമായി. ഇപ്പോള്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest