Connect with us

National

നീരവ് മോദിയുടെ 100 കോടിയുടെ ആഡംബര ബംഗ്ലാവ് പൊളിക്കാന്‍ നടപടി തുടങ്ങി

Published

|

Last Updated

മുംബൈ: പി എന്‍ ബി തട്ടിപ്പു കേസിലെ പ്രതി നീരവ് മോദി മുംബൈയിലെ അലിബാഗില്‍ കടല്‍ത്തീരത്ത് നിര്‍മിച്ച 100 കോടിയുടെ അനധികൃത ബംഗ്ലാവ് പൊളിക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു. ബോംബെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണിത്.

കടല്‍ത്തീരങ്ങളിലെ അനധികൃത ബംഗ്ലാവുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ ജി ഒ ശംബുരാജെ യുവ ക്രാന്തി സമര്‍പ്പിച്ച പൊതു താത്പര്യ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഈ ഉത്തരവിട്ടത്.
തീരദേശ നിയന്ത്രണ ചട്ടം ലംഘിച്ചാണ് കിഹിം കടല്‍ത്തീരത്തെ 70,000 ചതുരശ്ര അടി സ്ഥലത്തായി 33,000 ചതുരശ്ര അടി ഏരിയയില്‍ ആഡംബര ബംഗ്ലാവ് നിര്‍മിച്ചതെന്നാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. വിശാലമായ നടപ്പാതയും വലിയ മതിലും സുരക്ഷാ ഗേറ്റും ഇവിടെ നിര്‍മിച്ചിട്ടുണ്ട്.

അലിബാഗ് സര്‍വേ ഓഫീസര്‍ ശാരദ പവാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് ബംഗ്ലാവ് പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കാന്‍ ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുള്ളത്.

2009-2010 കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ബംഗ്ലാവ് ആഡംബര പാര്‍ട്ടികള്‍ നടത്തുന്നതിനായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്. 13500 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബേങ്ക് പണമിടപാടു തട്ടിപ്പു കേസിലെ മുഖ്യ പ്രതിയാണ് നീരവ്.

Latest