നവജാത ശിശു ഉള്‍പ്പടെ കുടുംബത്തിലെ നാലുപേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Posted on: January 23, 2019 12:40 pm | Last updated: January 23, 2019 at 6:42 pm

ഭോപാല്‍: നവജാത ശിശു ഉള്‍പ്പടെ ഒരു കുടുംബത്തിലെ നാലു പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശില്‍ റെയ്‌സനിലെ മന്‍ഡിദീപ് ഹിമന്‍ശു കോളനിയിലാണ് സംഭവം. പൂര്‍ണിമ ഭൂരിയ (20), ഇവരുടെ 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ്, മാതാവ് ദീപ്‌ലത ധീമര്‍ (40), സഹോദരന്‍ ആകാശ് ധീമര്‍ എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ മറ്റൊരംഗം ഷണ്ണു ഭൂരിയയെ (25) അബോധാവസ്ഥയില്‍ കണ്ടെത്തി.

ഷണ്ണുവിനെയും കുടുംബത്തെയും തിങ്കളാഴ്ചക്കു ശേഷം പുറത്തു കണ്ടിട്ടില്ലെന്നും വിളിച്ചിട്ട് പ്രതികരണമൊന്നുമില്ലെന്നും കോളനി നിവാസിയായ നിതിന്‍ ചൗഹാന്‍ പോലീസില്‍ അറിയിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് മോനിക്ക ശുക്ല പറഞ്ഞു. പോലീസ് വീട്ടില്‍ ചെന്ന് വാതില്‍ പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടത്. അബോധാവസ്ഥയിലായിരുന്ന ഷണ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബത്തിന് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്ന്

ബോധം തെളിഞ്ഞപ്പോള്‍ ഷണ്ണു പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയാണ് ഷണ്ണു.
കാര്‍ബണ്‍ മോണോക്‌സൈഡ്‌ വിഷവാതകം ശ്വസിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.