Connect with us

Prathivaram

എന്തുകൊണ്ട്, ആ കാമുകന്‍ പിരാന്തനായി?

Published

|

Last Updated

ഭൗതികജീവിതത്തെ ആഹ്ലാദാത്മക അര്‍മാദിക്കലില്‍ കുളിപ്പിച്ചു നിര്‍ത്തണമെന്ന വെമ്പല്‍ ജമാഅത്തു മനസ്സുകളെ കീഴടക്കിയത് പോലെ തോന്നിപ്പോകുന്നു. മതം നിര്‍ദേശിക്കുന്ന നിഷ്ഠാപരമായ സാധനകള്‍ നിവൃത്തിയില്ലാത്തത് കൊണ്ട് നിര്‍വഹിക്കുന്ന ദുരവസ്ഥ പോലും അവരെ പിടികൂടി. അതുകൊണ്ടുതന്നെ ആ മിനിമത്തിനപ്പുറത്തുള്ള എല്ലാനേയും പരമാവധി പ്രായോഗികവും ആസ്വാദ്യകരവുമാക്കി തീര്‍ക്കാനുള്ള ഉള്‍ത്തള്ളലാണ് കണ്ടുവരുന്നത്.

ഓര്‍ത്തുപോകുന്നു, ഒരു ബദവീ സ്വഹാബി മുത്തുനബിയെ കാണാന്‍ വരുന്നു. ദീനിനെ പറ്റി ചോദിച്ചറിയുന്നു. നബി (സ) മിനിമം കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊടുക്കുന്നു. ശരി, ഇത്രയേ ഉള്ളൂ, ഇതിനപ്പുറമുള്ളതൊന്നും ഞാന്‍ ചെയ്യില്ല കെട്ടോ എന്ന് പറഞ്ഞ് തിരിച്ചുപോവുകയാണ് ആ അഅ്‌റാബി. ശരിയാണ്, അദ്ദേഹത്തിനതു മതി. എന്ന് കരുതി എല്ലാവരും ബദവികള്‍ അല്ലല്ലൊ.

ജമാഅത്ത് അബോധപൂര്‍വം ചെയ്യാന്‍ ശ്രമിക്കുന്നത് എല്ലാവരെയും ഒരു ബദവിക്കണ്ണിലൂടെ നോക്കിക്കാണാനാണ്. ആളുകള്‍ വ്യത്യസ്തരല്ലേ? അവരുടെ ധൈഷണിക/ വൈകാരിക/ സാമ്പത്തിക/ സൗന്ദര്യപര വിതാനങ്ങളെല്ലാം വ്യത്യസ്തങ്ങളാണ്. കൂട്ടിവായിക്കണം, എന്നത് പോലെത്തന്നെയാണ് ആത്മീയ വിതാനവും. ആയതിനാല്‍ എല്ലാവരെയും ബദവി കാഴ്ചപ്പാടിന്റെ വരുതിയില്‍ കുരുക്കി, അതിനപ്പുറത്തേക്ക് നീങ്ങുന്നവരെ വിവരമില്ലാത്തവരും ആത്മീയരോഗികളുമാക്കി പടിക്കപ്പുറം തള്ളുന്നത് കാണുമ്പോള്‍ സഹതാപം കിനിയുന്നു.

എന്തിനാണ് നാം ജീവിക്കുന്നത് എന്ന കഠിനമായ ചോദ്യത്തിന് കിട്ടുന്ന ഉത്തരങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും ഓരോരുത്തരുടെയും ആത്മീയ കാഴ്ചപ്പാടിലെ ആഴവും ആഴരാഹിത്യവും. പാരത്രികലോകത്ത് സുഖദമായി ജീവിക്കുമ്പോലെത്തന്നെ സൗഖ്യപൂര്‍വം ഈ ലോകത്തും ജീവിക്കണം എന്ന ഒറ്റ ഉത്തരത്തിലേക്ക് മതത്തിന്റെ സകല വിശാലതകളെയും ചുരുട്ടിക്കളയുന്നുണ്ട് ജമാഅത്ത്. സമ്മതിക്കാം, അതൊരു ജനകീയ നിലപാടാണ്. അതിനപ്പുറമുള്ള ആഴമേറിയ ഒരു കാഴ്ചപ്പാടിനെ നിഷേധിക്കേണ്ടതുണ്ടോ? നാം പൊതിഞ്ഞുമൂടിക്കിടക്കുന്ന ഭൗതികലോകത്തിന്റെ ചെളിയടരുകളില്‍ നിന്ന് വഴുതിപ്പുളഞ്ഞ് പുറത്തേക്ക് കുതറുകയും ദൈവികമായ പ്രഭയില്‍ ലയിക്കുകയും/ മണ്ണുശരീരത്തെ മല്ലിട്ടു മല്ലിട്ട് തോല്‍പ്പിച്ച് ഉള്‍ദ്യുതി വീണ്ടെടുക്കുകയും ചെയ്യുക എന്നീ തുടങ്ങിയ ഉദാത്ത ലക്ഷ്യമാണ് ഒരാള്‍ ജീവിതത്തില്‍ കാണുന്നതെങ്കില്‍ അവര്‍ക്ക് ഭൗതികജീവിതം എന്നും കയ്ക്കുന്ന കഷായമായാണ് അനുഭവപ്പെടുക. പ്രത്യുത, ഈമ്പിനുണയാനുള്ള പാലൈസായല്ല.

അപ്പോള്‍ ഭൗതികജീവിതത്തെ അപേക്ഷിച്ച് ആത്മീയ ലോകത്തിനുള്ള അളവില്ലാ വലുപ്പവും മനുഷ്യജന്മത്തിന്റെ ഏറ്റവും ഉള്‍ക്കാമ്പായ പരിശുദ്ധലക്ഷ്യവും ഉള്ളില്‍ മുളച്ചവന് ഭൗതിക ലോകം കൊതുകുചിറകായും കഴുതയുടെ ചകമായും മരത്തിന്റെ നിഴലായും മാത്രമേ തോന്നൂ. മസ്‌നവിയില്‍ റൂമി പാടുമ്പോലെ, അവരുടെ ഉള്ളില്‍ തിക്കുകൂട്ടുന്ന ഏക അസ്വസ്ഥത, പുല്ലാങ്കുഴലിന് കാട്ടിലെ മുളയിലേക്ക് വിലയിക്കാെനന്നപോലെ മനുഷ്യാസ്തിത്വം ദിവ്യാസ്തിത്വത്തിലേക്ക് വിലയം പ്രാപിക്കാനുള്ള അസഹ്യമായ ശ്വാസംമുട്ടലാണ്. അവരുടെ ഉള്ളില്‍ ദിവ്യമായ ഒരു പ്രഭയുടെ നേര്‍ത്ത നാളം കത്തുന്നുണ്ട്. ഭൗതികതയുടെ മണ്ണടര്‍ന്ന് വീണ് അതെങ്ങാനും അണഞ്ഞുപോകുമോ എന്ന ആധിയില്‍ ഉഴറുകയാണ്. ആയതുകൊണ്ട് ഭൗതികലോകത്തിലെ നീക്കുപോക്കുകള്‍ക്ക് ഉപ്പുണ്ടോ രുചിയുണ്ടോ ചേര്‍ച്ചയുണ്ടോ പൊളിച്ചോ കലകലക്കിയോ എന്നൊന്നും നോക്കാനേ നേരമില്ല, മനസ്സില്ല, ഇഷ്ടമില്ല.

ഇതെത്ര പറഞ്ഞിട്ടും ഈ തലം ഉള്‍ക്കൊള്ളാന്‍ ജമാഅത്ത് പൊതുജനത്തിന് ആകുന്നില്ല. എങ്കിലും അവരിലെ ഉള്‍ക്കാഴ്ച വിരിഞ്ഞ ചിലര്‍ക്കെങ്കിലും കണ്ണ് തെളിഞ്ഞേക്കും എന്ന ഉറച്ച പ്രതീക്ഷയില്‍ തന്നെയാണ് ഇതെഴുതുന്നത്. ഒരാളുടെ ജീവിതം ഒരു പ്രത്യേക കാര്യത്തില്‍ കല്ലിച്ചുകിടന്നാല്‍, മറ്റുകാര്യങ്ങളില്‍ അയാള്‍ അരക്കിറുക്കനോ ഏറ്റവും ചുരുങ്ങിയത് വിരക്തനോ ആവുമെന്നതിന് തെളിവ് പറയേണ്ടി വരിക എന്നത് വല്ലാത്ത കഷ്ടപ്പാടായി പോയി. എന്തുകൊണ്ടാ, ലൈലാ മജ്‌നൂന്‍, മജ്‌നൂന്‍ (പിരാന്തന്‍) ആയത്? ലൈലയില്‍ മനസ്സ് ഉരുകിയലിഞ്ഞതുകൊണ്ട്. വേണ്ട, ലോക പ്രശസ്തരായ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും കഥകള്‍ തേടിപ്പിടിച്ച് വായിച്ചു നോക്ക്്. എത്രത്തോളം അവര്‍ അവരുടെ മേഖലയില്‍ ചൂഴ്ന്നുപൂണ്ടുപോയോ അത്രമേല്‍ അവര്‍ മറ്റുകാര്യങ്ങളില്‍ അലമ്പായിരുന്നു എന്ന് മനസ്സിലാവും. ഒന്നുമില്ലെങ്കില്‍ നിങ്ങള്‍ രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം മറിച്ച് നോക്ക്, വാനപര്യവേക്ഷണം തലക്ക് പിടിച്ച യുവ എന്‍ജിനീയര്‍മാരായ കുട്ടിശങ്കരനും ഹസന്‍ കുട്ടിയും എവ്വിധമാണ് വ്യക്തിജീവിതത്തില്‍ ഭ്രാന്തമായി പെരുമാറുന്നതെന്ന് കാണാം.

അപ്പോ അങ്ങനെ, ഭൗതികലോകത്തെ പുറങ്കാലുകൊണ്ട് ചവിട്ടിത്തള്ളി ദൈവികോന്മുഖമായി പരിവ്രാജ്യ ജീവിതം നയിക്കാന്‍ എത്ര പേര്‍ക്കാ കഴിയുക? എന്നതായിരിക്കും ജമാഅത്തിന്റെ തീരാസംശയം. അതെ! അതു പറ! അവിടെ പറ!! അത് തിരിച്ചറിഞ്ഞാല്‍ ജമാഅത്ത് തെളിഞ്ഞു. പൊതുജനത്തിന് സമ്പൂര്‍ണ പരിത്യാഗികളായി ജീവിക്കാന്‍ കഴിയില്ലെന്നും അവരുടെ ആത്മീയ ഭൗതിക പങ്കുവെപ്പനുപാതം സമാസമം ആയിരിക്കുമെന്നുമൊക്കെയുള്ള ജമാഅത്തിന്റെ നിലപാടുകള്‍ നൂറ്റുക്കുനൂറ് ശരി തന്നെയാണ്. പക്ഷേ ചിലര്‍ക്ക്, അതെ ചുരുക്കം ചിലര്‍ക്കെങ്കിലും അതിന്റെ അപ്പുറം കടക്കാനാകില്ല അല്ലെങ്കില്‍ കടക്കേണ്ടതുണ്ടോ അപ്പോഴേക്കും ഇസ്‌ലാമിന്റെ സൗന്ദര്യപ്പൂ വാടിപ്പോകില്ലേ, പ്രായോഗികക്കനി കരിഞ്ഞുപോവില്ലേ എന്നോര്‍ത്ത് വാതില്‍ അപ്പാടെ കൊട്ടിയടക്കുന്നിടത്താണ് ജമാഅത്തിന് കാലുതെന്നുന്നത്. അപൂര്‍വം ചിലര്‍ക്ക് പതിനായിരത്തിലൊന്ന് വേണ്ട ലക്ഷത്തിലൊരാള്‍ക്കെങ്കിലും അനിതരസാധാരണമായ ആത്മീയവ്യോമങ്ങളില്‍ ആരോഹണപ്പെടാന്‍ കഴിയുമെന്ന സാധ്യത തള്ളിക്കളയേണ്ട കാര്യമെന്താ? അമര്‍ത്തിയാലോചിക്ക്!!

എന്തിനിങ്ങനെ ഓവറാക്കി എടങ്ങേറാകണം. സാദാമട്ടില്‍ അത്യാവശ്യത്തിന് ഓതി നിസ്‌കരിച്ച് നോമ്പെടുത്ത് നന്നായി ജീവിച്ചങ്ങ് ഒടുങ്ങിയാല്‍ പോരേ എന്നതായിരിക്കും ജമാഅത്ത് മനസ്സിനെ മാന്തുന്ന ചോദ്യച്ചിരവ. പക്ഷേ നമ്മുടെ ദൈനംദിന ജീവിതത്തിലെ മറ്റുകാര്യങ്ങള്‍ വിശകലനം നടത്തിയാല്‍ എളുപ്പം കാര്യം പിടികിട്ടില്ലേ? ആളിനനുസരിച്ച് സന്ദര്‍ഭത്തിനനുസരിച്ച് നമ്മള്‍ ഓരോന്നിന്റെയും കനവും ഗാംഭീര്യവും കൂട്ടുകയും കുറക്കുകയും ചെയ്യുന്നില്ലേ. ചോദിക്കട്ടെ, വിശപ്പുമാറ്റാന്‍ എന്താ വേണ്ടത്. നല്ല കഞ്ഞിയും ചെമ്മുളക് ചുട്ട് പുളിചാലിച്ചതും. വേണേല്‍ മുള്ളന്‍ പൊരിച്ചതും. പ്ചം… പ്ചം.. എന്തു രസം. അല്ലെങ്കില്‍, ചോറും തേങ്ങാച്ചമ്മന്തിയും കൂട്ടിനൊരു ഓംലേറ്റും. എന്നാല്‍, ചോദിക്കട്ടെ, ജമാഅത്ത് നേതാവിന്റെ മകളുടെ ഭര്‍ത്താവിനെയും കുടുംബത്തെയും ആദ്യമായി സല്‍ക്കരിക്കുമ്പോള്‍ കഞ്ഞിയും ഉണക്ക മുള്ളനും വിളമ്പുമോ? ഇല്ല. അതെന്താ? കഞ്ഞി മോന്തിയാല്‍ പശി മാറില്ലേ? മാറും. പിന്നെ? – അത് അങ്ങനെയാണ്. നാല് തലമുറക്ക് ജീവിക്കാന്‍ എറണാകുളത്തെ ഒരു മാള്‍ പോരേ, സ്വസ്ഥമായി നന്നായി ജീവിച്ചുകൂടേ. എന്തിനാണ് നാടായ നാടുകളിലെല്ലാം മാളും മാര്‍ക്കറ്റും സ്ഥാപിച്ച് നോര്‍മാലിറ്റിക്കപ്പുറം പോവുന്നത്? എന്ന് ചോദിക്കാം- പക്ഷേ, യൂസുഫലിയിലെ ബിസിനസ്സ്മാന് അത് മതിയാവില്ല. അത് അങ്ങനെയാണ്.

എന്നാല്‍ ഓര്‍ക്കുക! ചിലര്‍ക്ക് അഥവാ അപൂര്‍വം ചിലര്‍ക്ക്, ഇബാദത്തെന്നാല്‍ മിനിമത്തില്‍ ഒതുക്കിയാല്‍ തൃപ്തിയാവില്ല, മതിയാവില്ല. അവര്‍ക്ക് ആരാധന എന്നും പുതിയാപ്പിള സല്‍ക്കാരമാണ്. കെങ്കേമമായി നടക്കണം.

ഏറനാട്ടുകാരന്‍ അഹ്മദ്കുട്ടിക്കാക്ക് മതിയാവുന്ന യാത്രാചെലവ് പോരാ അമേരിക്കന്‍ പ്രസിഡന്റിന്, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്. എന്തിനാ ഇതൊക്കെ, എമ്മൈടിയിലോ തോണിയിലോ ഹെലികോപ്ടറിലോ പോയാല്‍ പോരേ എന്ന് ദയവ് ചെയ്ത് ചോദിക്കല്ലേ. ആ ബദവി അറബിക്ക് അപ്പോള്‍ പരിമിതമായ ആ ഇബാദത്ത് മതിയാകും. പക്ഷെ, സപ്തലോകങ്ങളെയും പരിശുദ്ധിയാലും മഹത്വത്താലും കീഴടക്കിയ മുത്തുനബിക്ക് രാത്രി നിന്ന് നിസ്‌കരിച്ച് നിസ്‌കരിച്ച് കാലില്‍ നീര്‍ക്കെട്ട് കൂടുകൂട്ടണം. നമ്മളൊക്കെ മഗ്‌രിബ് ബാങ്ക് കേള്‍ക്കേണ്ടതും നോമ്പുതുറയുടെ ചിറ തകര്‍ക്കുമ്പോള്‍ മുത്തുനബിക്ക് വിസ്വാല്‍ ആണ്- ഇല്ല തുറക്കാറായിട്ടില്ല.

ശരിക്കുപറഞ്ഞാല്‍ ഇത്രമാത്രം സഹികെട്ട് കഴിയേണ്ട വല്ല കാര്യവും ഉണ്ടോ? വിളിച്ചാല്‍ ഉഹ്ദ് മല പൊന്നായി പൊരിഞ്ഞുവരുമെന്നല്ലേ പറയുന്നത്. നന്നായി തിന്ന് കുടിച്ച് ഉത്സാഹവാനായി ജനക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൂടെ? നിങ്ങള്‍ക്കങ്ങനെ പറഞ്ഞാല്‍ മതി. പക്ഷെ മുത്തുനബിക്കത് പോരാ. അടുപ്പുപുകയാത്ത ദിവസങ്ങള്‍ വേണം, വെറും അസ്‌വദാനി കഴിച്ച് നാളുനീക്കണം, വിശപ്പിന്റെ തിളപ്പില്‍ വെന്ത് വയറ്റില്‍ കല്ല് കെട്ടിവെക്കണം…എട്‌സിറ്റ്ര… എട്‌സിറ്റ്ര….

സ്വദഖ ചെയ്യുമ്പോള്‍ കുടുംബത്തിന് കൊടുക്കാന്‍ ബാക്കി വെക്കാതെ അതിരുവിട്ടു കളിക്കരുതെന്നാണ് നിയമം. നമുക്കൊക്കെ അത് ബാധകമായിരിക്കാം. പക്ഷെ അബൂബക്കര്‍ സിദ്ദീഖ് (റ)ന് അത് മതിയാവണമെന്നില്ല. നബി (സ) സമ്പത്ത് ചോദിച്ചപ്പോള്‍ സകലം കൊണ്ടുകൊടുത്തു. ഇനി എന്താ അബൂബക്കറേ ബാക്കി. നതിംഗ്! അല്ലാഹുവും റസൂലും മാത്രം. നമ്മള്‍ റമസാനില്‍ രണ്ട് ഖത്തം എങ്ങനെയെങ്കിലും ഉരുട്ടിയെത്തിച്ചാലായി. എന്നാല്‍ ഇമാം ശാഫി(റ)ന് ദിവസം രണ്ട് വെച്ച് വേണം ഖുര്‍ആന്‍ ഖത്തം. എന്താ പറഞ്ഞത്? ഓരോ ദിവസവും ഈരണ്ട് ഖത്തം!!! യാ കടലേ….

വുളുവെടുത്ത് ശുദ്ധിയോടുകൂടിയാണ് കിടക്കേണ്ടത്. പക്ഷെ ഉറങ്ങുമ്മുമ്പ് വുളു തട്ടിപ്പോയാല്‍ വീണ്ടും ശുദ്ധിവരുത്തല്‍ നമുക്കൊക്കെ കൊല്ലുമ്പോലെയാ. പക്ഷെ കഠിനമായ ശൈത്യമുള്ള രാവില്‍ 40 തവണ ജനാബത്ത് നല്‍കി പരീക്ഷിച്ചു അല്ലാഹു. നാല്‍പ്പതിലും സുഖമായി കുളിച്ച് വിജയിച്ചു ശൈഖവര്‍കള്‍. ജമാഅത്തിന് തോന്നും എന്തോ ഐതിഹ്യം പറയുകയാണെന്ന്! ചിരിക്കണ്ട, സുലൈമാന്‍ നബിക്ക് ഒറ്റരാവില്‍ എഴുപതിലേറെ ജനാബത്തുണ്ടായ കാര്യം ഹദീസിലില്ലേ? പ്രായോഗികബുദ്ധി പറയുക ഒരിക്കക്കുളിച്ചില്ലേ, ഇനി അനങ്ങാണ്ട് കിടന്നുറങ്ങ,് എങ്കിലേ നാളെ ഉഷാറോടെ ഇബാദത്തെടുക്കാന്‍ പറ്റൂ, ഒരാള്‍ ശരാശരി എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് അമേരിക്കന്‍ ഉറക്ക സംഘടന പറയുന്നത് എന്നൊക്കെയാണ്.

പുഴയിലൂടെ ഒഴുകിപ്പോവുന്ന പഴം നമുക്ക് പിടിച്ച് ശാപ്പിടാം, തെറ്റില്ല. പക്ഷെ അപ്പടി ഒരു പഴം തിന്നുപോയ ഒരാളുണ്ട് മനസ്സുനുറുങ്ങി സങ്കടപ്പെടുന്നു, പശ്ചാത്തപിക്കുന്നു. അങ്ങനെയുള്ള ഒരാളിന്റെ മോനാണ് ഈ ശൈഖ് മുഹ്‌യുദ്ദീന്‍ എന്നോര്‍മ വേണം. കുട്ടിക്കളിയല്ല, ഇതൊന്നും. എല്ലാം പരസ്പരം ബന്ധിച്ചാണ് കിടക്കുന്നത്. നമുക്ക് തുടരാന്‍ മുമ്പില്‍ ഒരിമാമിനെ കിട്ടിയാല്‍ മതി. പക്ഷെ പത്തൊന്‍പത് വയസ്സുമാത്രം പ്രായമുള്ള ഒരാളുണ്ട് ജുമുഅ നിസ്‌കാരം തുടങ്ങിയപ്പോള്‍ കൈയിളക്കി ഒറ്റക്ക് നിസ്‌കരിക്കുന്നു, എന്താ കാര്യം. ഇമാമിന്റെ മനസ്സ് തെല്ലിട ഒരു പശു നക്കിയത്രെ! മമ്പുറം തങ്ങളായിരുന്നു, ആ ബാല്യക്കാരന്‍.

നിസ്‌കാരത്തില്‍ പോലും നമുക്ക് അല്ലാഹുവിനെ ഓര്‍മ കിട്ടുന്നുണ്ടോ? എന്നാല്‍ കേള്‍ക്കണോ, ജീവിതത്തില്‍ ഒരു നിമിഷം അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ വിട്ടുപോയാല്‍ ഞാന്‍ മതഭ്രഷ്ടനായി എന്നു കല്‍പ്പിക്കുന്നു ഇബ്‌നുല്‍ ഫാരിള്. ഇപ്പറയുന്നതിന്റെയൊക്കെ ഉള്‍പരിപ്പ് പിടികിട്ടുന്നുണ്ടോ ജമാഅത്തിന്? നമ്മളൊക്കെ ഒരു റകഅത് വിത്‌റ് ആനമടിയോടെ ഉരുണ്ട് നിസ്‌കരിച്ച് കയ്ച്ചിലാക്കുന്നു. തൊണ്ണൂറ് കഴിഞ്ഞ ഉള്ളാള്‍ തങ്ങള്‍ 11 റകഅത് നിന്ന് നിസ്‌കരിച്ച് നിര്‍വൃതികൊള്ളുന്നു, വിയോഗം വരെ. എന്തുകൊണ്ടാണ് അത്യുദാരവും അനിതരസാധാരണവുമായ ഒരു ആത്മീയാവസ്ഥ സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത വിധം ജമാഅത്തിന്റെ മതജീവിത സന്ദര്‍ഭങ്ങള്‍ ചുട്ടുപൊള്ളുന്ന സഹാറകളായി മാറിയതിന് പിന്നില്‍, അതിലെ വ്യക്തികളല്ല ഉത്തരവാദികള്‍. മറിച്ചോ, പറയാം.
.