അമ്മയുടെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കി മുഖ്യന് മുമ്പില്‍ ശിശിര ചിരിച്ചു

കോഴിക്കോട്
Posted on: January 20, 2019 11:52 am | Last updated: January 20, 2019 at 11:52 am
കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കാന്‍ എത്തിയ ചെറുപ്രായത്തില്‍ പോളിയോ ബാധിച്ച ശിശിര  |ചിത്രം: ശിഹാബ് പള്ളിക്കല്‍

കൊതിച്ച് കാത്തിരുന്ന മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടപ്പോള്‍ അമ്മ നല്‍കിയ കത്തിലെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ശിശിര ചിരിച്ചു. വീല്‍ചെയറിലിരുന്ന് അവള്‍ മുഖ്യമന്ത്രിയുടെ കൈപിടിച്ചു. അമ്മ തന്ന കത്ത് കൈമാറി. പ്രവാസിയായ മാതാവ് സുജാതയുടെ സങ്കടങ്ങള്‍ നേരിലറിയിക്കാനാണ് ശിശിര ഇന്നലെ കേരള പ്രവാസി സംഘം കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിക്കെത്തിയത്.
സെറിബ്രല്‍ പാള്‍സി ബാധിച്ച് ശരീരം തളര്‍ന്ന ശിശിരയുള്‍പ്പെടെ മൂന്ന് മക്കളാണ് ഈസ്റ്റ്ഹില്‍ എടക്കാട് സുജാതക്കുള്ളത്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ മൂന്ന് മക്കളുടെയും സംരക്ഷണം സുജാതയുടെ ചുമലിലായി. കുട്ടികള്‍ വളര്‍ന്നതോടെ ഒരു വീട് നിര്‍മിക്കാനും അവരെ വിവാഹം ചെയ്തയക്കാനും വേണ്ടിയാണ് സുജാത യു എ ഇയില്‍ ജോലിക്ക് പോയത്. ഏഴ് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടക്ക് നിത്യചെലവിന് തുക കണ്ടെത്തിയതൊഴിച്ചാല്‍ കാര്യമായ സമ്പാദ്യമുണ്ടാക്കാനായില്ല. ഇതിനിടക്ക് കരുവിശ്ശേരി ബേങ്കില്‍ നിന്ന് 20 ലക്ഷത്തോളം രൂപ വായ്പയെടുത്തു. എന്നാല്‍ ഗള്‍ഫിലായിരുന്ന സമയത്ത് ആദ്യമൊക്കെ പണമടച്ചെങ്കിലും ജോലി മതിയാക്കി നാട്ടിലെത്തിയതോടെ അടവ് തെറ്റി. ഇതോടെ പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ ബേങ്കില്‍ അടക്കാനുള്ള തുക 25 ലക്ഷമായി. അദാലത്തില്‍ പലിശയില്‍ അല്‍പ്പം ഇളവ് ചെയ്യാമെന്ന് ബേങ്ക് അധികൃതര്‍ അറിയിച്ചെങ്കിലും ബാക്കി തുക പോലും അടക്കാന്‍ സുജാതക്ക് ഗതിയില്ലായിരുന്നു. ഇതോടെ ഏഴ് സെന്റിലുള്ള ഇപ്പോഴത്തെ വീട് വില്‍ക്കാന്‍ തയ്യാറായെങ്കിലും ചെറിയ തുകക്ക് മാത്രമേ ആവശ്യക്കാര്‍ വാങ്ങാന്‍ തയ്യാറാകുന്നുള്ളൂ. ഇതേത്തുടര്‍ന്ന് ഗതിമുട്ടിയ അവസ്ഥയിലാണ് അവര്‍ മുഖ്യമന്ത്രിയെ കാണാന്‍ ശിശിരയോടൊപ്പമെത്തിയത്.
ബേങ്കിലെ കടം വീട്ടാന്‍ പ്രവാസി ലോണിന് അപേക്ഷിച്ചെങ്കിലും ആധാരം വേണമെന്നാണ് ബേങ്ക് ആവശ്യപ്പെട്ടത്. എന്നാല്‍ ആധാരം നേരത്തെ വായ്പയെടുത്ത സഹകരണ ബേങ്കിലാണുള്ളത്. ഈ ആധാരം പ്രവാസി ലോണിന് അപേക്ഷിച്ച ബേങ്കിലേക്ക് മാറ്റിത്തരണമെന്നാണ് അവര്‍ മുഖ്യമന്ത്രിയോട് നിവേദനത്തില്‍ ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ സര്‍ക്കാറിന്റെ ഏതെങ്കിലും പദ്ധതിയിലുള്‍പ്പെടുത്തി സഹായം അനുവദിക്കണമെന്നും സുജാത ആവശ്യപ്പെട്ടിട്ടുണ്ട്.
ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയതോട ജീവിതം പുലര്‍ത്താന്‍ കഴിയാതെ കുഴങ്ങുകയാണ് സുജാതയും കുടുംബവുമിപ്പോള്‍. കൂടാതെ വലിയ കടബാധ്യതയും. രണ്ട് മക്കളെ കെട്ടിച്ചയച്ചതോടെ ശിശിരയെ നോക്കാന്‍ ആളില്ലാതായതോടെയാണ് സുജാത ഗള്‍ഫ് മതിയാക്കി നാട്ടിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ നാട്ടിലെത്തിയെങ്കിലും കാര്യമായ ജോലിയൊന്നും ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായമെത്തുമെന്ന പ്രതീക്ഷയിലാണിവര്‍.