ആ ‘ഭീകരന്‍’ പാവം റിക്ഷാ തൊഴിലാളി

Posted on: January 13, 2019 5:58 pm | Last updated: January 13, 2019 at 5:58 pm

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ 2002ല്‍ വധിക്കാന്‍ എത്തിയെന്ന് ആരോപിച്ച് പോലീസ് ‘ഏറ്റുമുട്ടലില്‍’ കൊലപ്പെടുത്തിയത് നിരപരാധിയെയെന്ന് റിപ്പോര്‍ട്ട്.

മോദിയെ വധിക്കാന്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് അയച്ച തീവ്രവാദിയെന്ന് ആരോപിച്ച പോലീസ് കൊലപ്പെടുത്തിയത് റിക്ഷാത്തൊഴിലാളിയെയായിരുന്നെന്നാണ് എച്ച് എസ് ബേഡി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന് 16 വര്‍ഷം കഴിയുമ്പോഴാണ് കൊല്ലപ്പെട്ട യുവാവിന്റെ നിരപരാധിത്വം പുറത്തുവരുന്നത്. 2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ നടന്ന 17 ഏറ്റുമുട്ടല്‍ കേസുകളില്‍ അവസാനത്തേതായിരുന്നു സമീര്‍ ഖാന്‍ എന്ന റിക്ഷാ തൊഴിലാളിയുടെത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പുറത്തുവിട്ടത്. 17 ഏറ്റുമുട്ടലുകളില്‍ മൂന്നെണ്ണം വ്യാജമാണെന്നാണ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നത്. ഇതില്‍ സമീര്‍ ഖാന്റെ കേസ് ‘വലിയ പിഴവ്’ ആണെന്ന് റിപ്പോര്‍ട്ട് എടുത്തു പറയുന്നു. 1996ല്‍ പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് സമീര്‍ ഖാന്‍ എന്നാണ് പോലീസ് പറയുന്നത്. ഭോപ്പാലില്‍ നിന്ന് ലഭിച്ച വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ പാക്കിസ്ഥാനിലേക്ക് കടന്നുവെന്നും പോലീസ് പറയുന്നു. കറാച്ചിയില്‍ നിന്നും ലാഹോറില്‍ നിന്നും മറ്റും ജയ്‌ഷെ മുഹമ്മദിന്റെ പരിശീലനം ലഭിച്ച ഇയാള്‍ പിന്നീട് പാക് ചാരസംഘടനയായ ഐ എസ് ഐയുടെ സഹായത്തോടെ നേപ്പാള്‍ വഴി ഇന്ത്യയില്‍ തിരിച്ചെത്തി. മുംബൈ, രാജ്‌കോട്ട്, ഭോപ്പാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിച്ചുകഴിഞ്ഞ സമീര്‍ ഖാനെ പിന്നീട് നരേന്ദ്ര മോദിയെ വധിക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നുവെന്നാണ് ഗുജറാത്ത് പോലീസ് പറഞ്ഞത്.

എന്നാല്‍, ഈ വാദം അവിശ്വസനീയമാണെന്ന് ജസ്റ്റിസ് ബേദി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സമീര്‍ ഖാന്‍ പോലീസ് കസ്റ്റഡിയിലാണ് മരിക്കുന്നതെന്നും അതിനെ ഏറ്റുമുട്ടലായി കാണാനാകില്ലെന്നും അതുകൊണ്ടുതന്നെ പോലീസ് അവകാശവാദം വ്യാജമാണെന്നുമാണ് റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നത്.

സമീര്‍ ഖാന്റെ വയോധികനായ പിതാവ് ഇത്രയും കാലം അനുഭവിച്ച പീഡനങ്ങളും യാതനകളും റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് ബേദി പരാമര്‍ശിക്കുന്നുണ്ട്. 1996ല്‍ സമീര്‍ ഖാനെ പിടികിട്ടാപ്പുള്ളിയായി പോലീസ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ താനിക്ക് 30 വര്‍ഷമായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഓഫീസില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ജോലി നഷ്ടമായെന്ന് സമീര്‍ ഖാന്റെ പിതാവ് സര്‍ഫറാസ് ഖാന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മകനെ നഷ്ടപ്പെട്ട സര്‍ഫറാസ് ഖാന് പത്ത് ലക്ഷം രൂപ നഷ്ടരിഹാരം നല്‍കണമെന്നും ജസ്റ്റിസ് ബേദിയുടെ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്.