മേഘാലയയില്‍ വീണ്ടും ഖനി ദുരന്തം; രണ്ട് പേര്‍ മരിച്ചു

Posted on: January 7, 2019 9:40 am | Last updated: January 7, 2019 at 10:50 am

ഗുവാഹത്തി: മേഘാലയയില്‍ ഖനിക്കുള്ളില്‍ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരവെ മറ്റൊരു ഖനി തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ഈസ്റ്റ് ജയന്തി ഹില്‍സ് ജില്ലയിലെ ജലയ്യ ഗ്രാമത്തിലെ മുക്‌നോറിലെ ഖനി തകര്‍ന്നാണ് രണ്ട് പേര്‍ മരിച്ചത്. ഖനി തൊഴിലാളിയായ എലാദ് ബറേയെ കാണാനില്ലെന്ന് കാണിച്ച് വെള്ളിയാഴ്ച ബന്ധുക്കള്‍ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഖനിക്കുള്ളിലെ എലിമടകള്‍ പോലെയുള്ള ഇടുങ്ങിയ അറകളിലൊന്നില്‍നിന്ന് രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മനോജ് ബസുമത്രിയെന്നയാളാണ് മരിച്ച രണ്ടാമന്‍. കല്‍ക്കരി ഖനനത്തിനിടെ പാറക്കല്ലുകള്‍ വീണാണ് അപകടമെന്ന് കരുതുന്നു. അനധിക്യത ഖനിയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതേ സമയം ഇതേ ജില്ലയിലെ ക്‌സാന്‍ ഗ്രാമത്തിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളെ 25 ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല.