Editorial
സ്റ്റേയില്ലാതെ പുനഃപരിശോധന

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഭരണഘടനാ ബഞ്ചിന്റെ വിധി പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതി തീരുമാനം ഒരുപാട് മാനങ്ങളുള്ളതാണ്. സെപ്തംബര്‍ 28 ലെ വിധിക്ക് കോടതി സ്റ്റേ അനുവദിച്ചില്ല എന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. റിവ്യൂ ഹരജികള്‍ ജനുവരി 22ന് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ചാണ് ഇന്നലെ തീരുമാനമെടുത്തത്. സെപ്തംബര്‍ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന് വിധി പുറപ്പെടുവിച്ചത്. 1965ലെ കേരള ക്ഷേത്രപ്രവേശന നിയമം അനുശാസിക്കുന്ന 3(ബി) ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ട് അന്ന് ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചത്. ഭരണഘടനയുടെ 25 -ാം വകുപ്പ് പ്രകാരം മതാചാരം പാലിക്കാനുള്ള ഹിന്ദു സ്ത്രീയുടെ അവകാശം സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ലംഘിക്കുന്നതാണ് കേരള സര്‍ക്കാര്‍ പാസ്സാക്കിയ 3ചട്ടം എന്നും കോടതി ചൂണ്ടിക്കാട്ടി. പുനഃപരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ ആവില്ലെന്നായിരുന്നു കോടതിയുടെ നേരത്തെയുള്ള നിലപാടെങ്കിലും തുറന്ന കോടതിയില്‍ തന്നെ വാദം കേള്‍ക്കുമെന്നാണ് ഇന്നലത്തെ വിധിയില്‍ വ്യക്തമാക്കിയത്.
ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി സി ജോര്‍ജ്, ബി രാധാകൃഷ്ണ മേനോന്‍ എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 20 വ്യക്തികളും എന്‍ എസ്എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്, കേരള ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങി 29 സംഘടനകളുള്‍പ്പെടെ മൊത്തം 49 പുനഃപരിശോധനാ ഹരജികളാണ് കോടതി മുമ്പാകെ എത്തിയിരുന്നത്. ഒരു സുപ്രീം കോടതി വിധിക്കെതിരെ ഇത്രയധികം റിവ്യൂ ഹര്‍ജികള്‍ വരുന്നത് ചരിത്രത്തില്‍ ആദ്യമാമാണ്. ചിലര്‍ റിട്ട് ഹരജികളും സമര്‍പ്പിച്ചിരുന്നെങ്കിലും അവ ഒരുമിച്ചേ പരിഗണിക്കുകയുള്ളൂ. ചെന്നൈ സ്വദേശി ജി വിജയകുമാര്‍, വിഎച്ച് പി സംസ്ഥാന അധ്യക്ഷന്‍ എസ് ജയരാജ് കുമാര്‍, ഷൈലജ വിജയന്‍ എന്നിവരാണ് റിട്ട് ഹര്‍ജികള്‍ സമരപ്പിച്ചത.് ജയരാജ് കുമാറിന്റെ ഹരജിയില്‍ കേന്ദ്രസര്‍ക്കാറും മറ്റു രണ്ടിലും സംസ്ഥാന സര്‍ക്കാറുമാണ് ഒന്നാം എതിര്‍കക്ഷി.
വിധിക്ക് സ്റ്റേ അനുവദിക്കാത്തതും പുനഃപരിശോധന മണ്ഡല കാലത്തിനു ശേഷത്തേക്ക് നീട്ടിവെച്ചതും സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ചില പ്രയാസങ്ങളുണ്ടാക്കുന്നതാണ്. ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ ശബരമലയില്‍ സംഘ്പരിവാര്‍ നടത്തി വരുന്ന പ്രക്ഷോഭവും സംഘര്‍ഷവും വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. യുവതികള്‍ സന്ദര്‍ശനത്തിനെത്തിയാല്‍ അവിടം കൂടുതല്‍ സംഘര്‍ഷഭരിതമാവുകയും ചെയ്യും. സ്റ്റേ ക്കുള്ള ആവശ്യം നിരാകരിച്ച സുപ്രീംകോടതി നിലപാടിനോടുള്ള ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പ്രതികരണത്തില്‍ നിന്ന് ഇത് വ്യക്തമാണ്. “”കോടതി വിധി സ്‌റ്റേ ചെയ്തിട്ടില്ലെങ്കിലും ജനുവരി 22 വരെ സ്‌റ്റേ ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം. അതിനുള്ള എല്ലാ ആസൂത്രണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. എത്ര ദിവസം എന്നത് പ്രശ്‌നമല്ല. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളെ സംബന്ധിച്ച് അത് പ്രയാസമുള്ള കാര്യമല്ലെ””ന്നായിരുന്നു അവരുടെ പ്രതികരണം.
കേരളം സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം കടുത്ത അക്രമങ്ങളും നിയമലംഘനങ്ങളുമാണ് ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. അയ്യപ്പ ഭക്തര്‍ എന്ന പേരില്‍ സന്നിധാനത്തും പമ്പയിലും തമ്പടിച്ച സംഘ്പരിവാറുകാര്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ വളഞ്ഞു ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും മാധ്യമപ്രവര്‍ത്തകരെയും പോലീസിനെയും അക്രമിക്കുകയും നിരവധി വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയുമുണ്ടായി. കലാപസമാനമായ അന്തരീക്ഷമായിരുന്നു ആഴ്ചകളോളമായി അവിടം. വിശ്വാസ പ്രശ്‌നമെന്നതിലുപരി ബി ജെ പിയും ആര്‍ എസ് എസും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കിയതാണ് ശബരിമലയെ ഇത്രമാത്രം സംഘര്‍ഷഭരിതമാക്കിയത്. തീര്‍ത്തും സമാധാനപരമായിരിക്കും പ്രതിഷേധമെന്നായിരുന്നു ശബരിമലസംരക്ഷണ സമിതി തുടക്കത്തില്‍ പോലീസിനും അധികൃതര്‍ക്കും ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍, പ്രക്ഷോഭം പിന്നീട് ആസൂത്രിതമായി സംഘ്പരിവാര്‍ ഏറ്റെടുക്കുകയും വര്‍ഗീയ ധ്രുവീകരണത്തിലൂടെ ബി ജെ പിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്താനുള്ള അവസരമായി ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞതാണ്. സര്‍ക്കാര്‍ അയഞ്ഞ നിലപാട് സ്വീകരിക്കുന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശബരിമല കൂടുതല്‍ സംഘര്‍ഷ ഭരിതമാകാനാണ് സാധ്യത. സന്നിധാനത്തും പമ്പയിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വ്യാഴാഴ്ച സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇത് സ്വാഗതാര്‍ഹമാണ്. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്ന ഉടനെ സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അന്ന് അതിന് സന്നദ്ധമായിരുന്നെങ്കില്‍ പ്രശ്‌നം ഇത്രമാത്രം രൂക്ഷമാവുകയില്ലെന്ന ഒരു വിലയിരുത്തലുണ്ട്.
മതപരമായ കാര്യത്തിലുള്ള ഇടപെടലായതിനാല്‍, കൂടുതല്‍ അവധാനത ആവശ്യമായ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ പുനഃപരിശോധനാ സാധ്യത ആരായുന്നതും ആശാവഹമാണ്. വിധി പുനഃപരിശോധിച്ചാലും ഇല്ലെങ്കിലും സ്വാഭാവിക നീതി ലഭിച്ചു എന്ന് എല്ലാവര്‍ക്കും ബോധ്യമാകേണ്ടതുണ്ട്.