Connect with us

Books

ഖലീലുല്‍ ബുഖാരിയുടെ 'ഓര്‍മക്കൂട്ട് ' ഗള്‍ഫ് എഡിഷന്‍ പ്രകാശനം ചെയ്തു

Published

|

Last Updated

ഷാര്‍ജ: യു എ ഇ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി രചിച്ച “ഓര്‍മക്കൂട്ട് ” പുസ്തകത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ് നല്‍കി ഷാര്‍ജ ഇന്റര്‍നാഷനല്‍ ബുക്ക് ഫെയര്‍ എക്‌സ്‌ടേര്‍ണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍ കുമാര്‍ പ്രകാശനം ചെയ്തു.

തീവ്രവാദമടക്കമുള്ള പല കൈവഴികളും പ്രസ്ഥാനങ്ങളും മതത്തെ ചിന്നഭിന്നമാക്കി കൊണ്ടിരിക്കുമ്പോള്‍ പാരമ്പര്യത്തേയും ആധുനികതയെയും സംയോജിച്ചു കൊണ്ടുള്ള ഒരു മഹാ പ്രസ്ഥാനമാണ് ഖലീല്‍ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് മോഹന്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ഹൃദ്യമായ വായനാനുഭവവും നല്ല ഗുണപാഠവും നല്‍കുന്നതാണ് പുസ്തകത്തിലെ ഓരോ അദ്ധ്യായമെന്നും അദ്ദേഹം പറഞ്ഞു.

അനുഭവങ്ങളുടെ ഹൃദ്യമായ സമാഹാരമാണ് ഓര്‍മക്കൂട്ട്. രണ്ടു മാസം മുമ്പ് കേരളത്തില്‍ പ്രകാശനം ചെയ്ത പുസ്തകത്തിന് ഇതിനോടകം തന്നെ അഞ്ചു പതിപ്പുകള്‍ ആയി. ക്യൂ ആര്‍ കോഡ് സംവിധാനത്തിലൂടെ സ്‌കാന്‍ ചെയ്ത് പുസ്തകത്തിലെ ഓരോ അദ്ധ്യായവും ഓഡിയോയിലൂടെ കേള്‍ക്കാം. ഇത്തരം സംവിധാനമൊരുക്കുന്ന ആദ്യ പ്രസിദ്ധീകരണം എന്ന പ്രത്യേകതയും ഓര്‍മക്കൂട്ട് ഗള്‍ഫ് എഡിഷന്റെ സവിശേഷതയാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ കെ കെ എന്‍ കുറുപ്പ്, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ അടക്കം പ്രമുഖര്‍ അവതാരികയും നിര്‍വഹിച്ചിട്ടുണ്ട്. പുസ്തകം യു എ ഇയുടെ വിവിധ സ്ഥലങ്ങളില്‍ ലഭ്യമാണ്.

അസോസിയേഷന്‍ ട്രഷറര്‍ കെ ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് എസ് മുഹമ്മദ് ജാബിര്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി അഡ്വ. സന്തോഷ് കെ നായര്‍, പുന്നക്കന്‍ മുഹമ്മദലി, മഅ്ദിന്‍ ദുബൈ പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍,ഐ സി എഫ് നാഷനല്‍ കമ്മിറ്റി അംഗം കബീര്‍ മാസ്റ്റര്‍ ഐ സി എഫ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി അംഗം കരീം തളങ്കര, ആര്‍ എസ് സി യു എ ഇ നാഷനല്‍ ചെയര്‍മാന്‍ സകരിയ്യ ഇര്‍ഫാനി, മര്‍ക്കസ് അക്കാദമിക് കോഡിനേറ്റര്‍ ഡോ. നാസര്‍ വാണിയമ്പലം, മഅ്ദിന്‍ അക്കാദമി ഐആര്‍ ഒ സഈദ് ഊരകം, മഅ്ദിന്‍ അക്കാദമി യു എ ഇ കോഡിനേറ്റര്‍ മജീദ് മദനി മേല്‍മുറി, ബഷീര്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു.

Latest