Connect with us

Articles

ഒരിറ്റ് നെറ്റ് കിട്ട്വോ മക്കളേ..?

Published

|

Last Updated

പഴയകാലം. മഴ പെയ്യുകയാണ്. അടുക്കളയില്‍ നിന്ന് പുക ഉയരുന്നുണ്ട്. ചോറിന് വെച്ച വെള്ളം തിളക്കാന്‍ തുടങ്ങി. അപ്പോഴാണ് ഓര്‍ത്തത്, അരിയില്ല. അരി സൂക്ഷിക്കുന്ന പാത്രം പരതി നോക്കി. ഒരു മണി പോലുമില്ല. അമ്മ പിന്നെയൊന്നുമോര്‍ത്തില്ല. ആമിനോമ്മയുടെ അടുത്തേക്ക് ഒരൊറ്റയോട്ടമാണ്. കിതച്ചുകൊണ്ട് പറഞ്ഞു. ഇരുന്നാഴി അരി വേണം. കഴിഞ്ഞ ദിവസം വാങ്ങിയതും കൂട്ടി അടുത്താഴ്ച തന്നേക്കാം. റേഷന്‍ കിട്ട്വോല്ലോ. അരി കിട്ടി, ആശ്വാസായി. കുട്ടന്റെ അച്ഛന്‍ വരുമ്പോള്‍ ഊണില്ലെന്ന് പറയേണ്ടല്ലോ.
അങ്ങനെയായിരുന്നു അന്ന്. ആമിനോമ്മയുടെ വീട്ടില്‍ വിരുന്നുകാര്‍ വന്നിട്ടുണ്ടെങ്കില്‍ അറിയും. നാലഞ്ചു പേരുണ്ടെങ്കില്‍ ഉമ്മ വേഗം വീട്ടില്‍ എത്തും. ഗ്ലാസ് വേണം. റസീനാന്റെ വീട്ടില്‍ നിന്ന് ആള് വന്നിട്ടുണ്ട്. കുറച്ചു കഴിയുമ്പോള്‍ വിരുന്നുകാര്‍ കൊണ്ടു വന്ന പലഹാരങ്ങളും ഗ്ലാസുമായി ആമിനോമ്മ വീണ്ടും. ഉപ്പും മുളകും ചായപ്പൊടിയും പഞ്ചസാരയും ഇങ്ങനെ കൊടുത്തും വാങ്ങിയുമാണ് അയല്‍പക്കങ്ങള്‍ മുന്നോട്ട് പോയത്. നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം. അങ്ങനെയൊരു കാലം.
പിന്നെപ്പിന്നെ മാറ്റങ്ങള്‍ വന്നു. അല്ലറ ചില്ലറ പണമുണ്ടായി. കൂലി കൂടി. ഗള്‍ഫ് പണം പൂത്തുലഞ്ഞു. വീട് പുതുക്കിപ്പണിതു. മതിലുകള്‍ ഉയര്‍ന്നു. തലങ്ങും വിലങ്ങും വണ്ടിയായി. മിണ്ടാനും പറയാനും ആളില്ലാതായി. അയല്‍വാസി ആരെന്നുപോലുമറിയാതായി. എല്ലാം നമ്മുടെ കൈയിലുണ്ടെന്നായി. അങ്ങനെ കുറെക്കാലം.
പിന്നെയാണ് മഴ വന്നത്. പ്രളയം. നാടും നഗരവും വെള്ളത്തില്‍ മുങ്ങി. നാട്ടുകാര്‍ ദുരിതാശ്വാസ ക്യാമ്പിലായി. എവിടെ നിന്നൊക്കെയോ വന്ന കുറെ മനുഷ്യര്‍. അവര്‍ ഒന്നായി. ഒന്നിച്ചുണ്ടു. ഉറങ്ങി. കളിച്ചും ചിരിച്ചും കുട്ടികള്‍.
പല നാടുകളില്‍ നിന്നും സഹായങ്ങള്‍. സ്‌നേഹത്തിന്റെ തലോടലുകള്‍. സൗഹൃദത്തിന്റെ പൂമരങ്ങള്‍. കഴിഞ്ഞു പോയ ആ പഴയ കാലത്തിന്റെ ഓര്‍മപ്പെടുത്തല്‍. ഉപ്പും മുളകും ചായപ്പൊടിയും പഞ്ചസാരയും… കൊടുത്തും വാങ്ങിയും… തീര്‍ത്താല്‍ തീരാത്ത കടപ്പാടുമായി അവര്‍ വീടുകളിലേക്ക് മടങ്ങി.
അങ്ങനെയിരിക്കെ, സന്ധ്യക്ക് ആമിനോമ്മ വീട്ടുമുറ്റത്ത്. മുറുക്കാന്‍ വാങ്ങാനായിരിക്കും. അല്ലെങ്കില്‍ അമ്മയോട് കുടുംബശ്രീ കാര്യം സംസാരിക്കാന്‍.
ആമിനോമ്മ വന്നിട്ടുണ്ട്. ഒന്ന് മുറുക്കാനായിരിക്കും. കുട്ടികള്‍ വിളിച്ചു പറഞ്ഞു.
മക്കളേ, ഞാനത് നിര്‍ത്തി. വെറ്റില മുറുക്കിയാല്‍ ക്യാന്‍സര്‍ വരുമെന്നാ ഡോക്ടര്‍ പറയുന്നത്.
പിന്നെന്താ വേണ്ടത്?
രണ്ടീസായി വാട്‌സാപ്പ് നോക്കീട്ട്. ഒരിറ്റ് നെറ്റ് കിട്ടിയാല്‍ മതിയായിരുന്നു. മഴ കഴിഞ്ഞേപ്പിന്നെ ആ ബാലന്‍ മൊബൈല്‍കട തുറന്നിട്ടില്ലാലോ? നെറ്റ് തീരെയില്ല. മക്കളേ, അര മണിക്കൂറ് വൈഫൈ മതി !

---- facebook comment plugin here -----

Latest