Connect with us

Articles

ആംഗ്യഭാഷയുടെ പ്രാധാന്യം

Published

|

Last Updated

സ്വന്തമായി ഒരു ഭാഷ എതൊരു വ്യക്തിയുടെയും സമൂഹത്തിന്റെയും അവകാശമാണ്. മനുഷ്യരാശിയുടെ എറ്റവും അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ് സ്വതന്ത്രമായ ആശയ വിനിമയം. അതിനു അത്യന്താപേക്ഷിതമായതു ഭാഷയാണ്. അത് സംസാര ഭാഷയാകാം, ആംഗ്യ ഭാഷയാകാം.
അമേരിക്കയില്‍ ഫ്‌ളോറെന്‍സ് ചുഴലിക്കാറ്റ് വരുന്നതിന്റെ മുന്നറിയിപ്പ് നല്‍കി അവിടത്തെ ഗവര്‍ണര്‍ നടത്തിയ വാര്‍ത്താസമ്മേളനങ്ങള്‍ ശ്രദ്ധിച്ചുകാണും. ഈ വാര്‍ത്താ സമ്മേളനങ്ങളില്‍ ആംഗ്യഭാഷാ പരിഭാഷകരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ദുരന്തങ്ങളില്‍ പെടുന്നവരില്‍ ബധിരരും മൂകരും അടക്കമുണ്ടെന്നുള്ള അവബോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ഇന്ത്യയിലും ഇത്തരം അവബോധത്തിന്റെ സ്ഫുരണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. നമ്മുടെ ചില ടെലിവിഷന്‍ ചാനലുകളിലും ബധിര മൂകര്‍ക്കു വേണ്ടി വാര്‍ത്താ സംപ്രേക്ഷണം ഉണ്ട്. വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ ബധിരര്‍ക്കും താത്പര്യം ഉണ്ടെന്ന തിരിച്ചറിവ് ഇവിടെയുമുണ്ട്. ആശയവിനിമയം സഫലമാകുന്നത് സ്വീകര്‍ത്താവും പ്രേക്ഷകനും ഭാഷാപരമായി ഒരേ തലത്തില്‍ നില്‍ക്കുമ്പോഴാണ്.

ഇന്ന് ബധിര മൂകരില്‍ പലരും ആംഗ്യഭാഷ ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു ഏകീകൃത രൂപത്തിലല്ല ഇതിന്റെ ഉപയോഗം. പ്രാദേശികമായ ആംഗ്യങ്ങള്‍ പരസ്പര വിനിമയത്തിന് ഉതകും. പക്ഷേ സങ്കീര്‍ണമായ ആവശ്യങ്ങള്‍ക്ക്, പ്രത്യേകിച്ചും വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഒരു ഏകീകൃത ഇന്ത്യന്‍ ആംഗ്യ ഭാഷ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്. ശാസ്ത്രം, സാങ്കേതിക വിദ്യ, സാമൂഹിക ശാസ്ത്രങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും ഉപയോഗിക്കാന്‍ ഉതകുന്ന പദാവലികള്‍ വേണം. ഇതിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ എതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ പുരോഗമിച്ചു വരുന്നു. 2016ല്‍ പാസായ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടിയിട്ടുണ്ട്.
ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഒരു എകീകൃത ആംഗ്യ ഭാഷയായി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് 20 വര്‍ഷത്തോളമേ പഴക്കമുള്ളൂ. ഡല്‍ഹിയില്‍ എതാനും വര്‍ഷം മുന്‍പ് സ്ഥാപിതമായ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്റര്‍ ഈ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
ആംഗ്യഭാഷക്കും മറ്റു ഭാഷകള്‍ക്കൊപ്പം സ്ഥാനം നല്‍കണം എന്നത് ബധിര മൂകരുടെ ഏറെ നാളത്തെ ആവശ്യമാണ്. ഇതിനു ശക്തി പകര്‍ന്നുകൊണ്ട് കഴിഞ്ഞ ഡിസംബറില്‍ ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 23 അന്താരാഷ്ട്ര ആംഗ്യഭാഷ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ആദ്യ അന്താരാഷ്ട്ര ആംഗ്യ ഭാഷ ദിനം ഇന്നലെ ആചരിക്കുകയുണ്ടായി.
ബധിര മൂകര്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്തു തുടങ്ങിയ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ് (നിഷ്) ഇതോടനുബന്ധിച്ചു നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെ അന്താരാഷ്ട്ര ബധിര വാരവും ആചരിക്കുന്നു. കേരളത്തിലെ പല ടെലിവിഷന്‍ ചാനലുകളും നിരവധി സ്ഥാപനങ്ങളും ഈ വാരാചരണവുമായി സഹകരിക്കുന്നുണ്ട്.
ഈ വാരാചരണത്തിന്റെ പ്രധാന പ്രമേയം ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് പ്രചരിപ്പിക്കുക എന്നതാണ്. കേള്‍വിശക്തി കുറഞ്ഞ ഒരു വിഭാഗം സംസാരഭാഷ സ്വായത്തമാക്കുന്നുണ്ടെങ്കിലും നല്ലൊരു പങ്ക് ബധിരരും സംസാരഭാഷ ഇല്ലാത്തവരാണ്. അവര്‍ക്കു ആംഗ്യ ഭാഷ കൂടിയേ തീരു. ഇതു കൂടാതെ സംസാരഭാഷ വശമുള്ളവരിലും ആംഗ്യ ഭാഷക്കു പ്രാധാന്യം നല്‍കുന്നവര്‍ ഏറെയാണ്. ആംഗ്യ ഭാഷ ഉപയോഗിക്കുന്നവരുമായി ഇടപെടുന്ന കുടുംബാംഗങ്ങള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പോലീസുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഈ ഭാഷ ഉപയോഗിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അവര്‍ ആംഗ്യഭാഷാ പരിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്തേണ്ടിവരും.ബധിരവാരത്തോടനുബന്ധിച്ചു നിഷില്‍ ഇന്ത്യന്‍ ആംഗ്യ ഭാഷയില്‍ മത്സരങ്ങള്‍, ക്ലാസുകള്‍, മറ്റു പരിപാടികള്‍ തുടങ്ങിയവ നടത്തുന്നുണ്ട്. കൂടാതെ ദേശീയ ഗാനത്തിന്റെ ആംഗ്യ ഭാഷാ പതിപ്പ് നിഷ് തയാറാക്കിയിട്ടുണ്ട്. ഒരു ആംഗ്യ ഭാഷ സാക്ഷരതാ പദ്ധതിയും തയാറാക്കിയിട്ടുണ്ട്.
(നിഷ് എക്‌സിക്യൂട്ടിവ് ഡയറക്ടറാണ് ലേഖകന്‍)

---- facebook comment plugin here -----

Latest