അവസരങ്ങള്‍ അവസാനിക്കുന്നില്ല

Posted on: September 23, 2018 8:33 am | Last updated: September 22, 2018 at 9:48 pm

ഈ ലോകത്ത് നമ്മുടെ സ്ഥാനം എന്താണ്? എവിടെയാണ്? പഠനം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍, പുതിയൊരു ജോലിക്കു ശ്രമിക്കുമ്പോള്‍, ഒരു സംരംഭം തുടങ്ങുമ്പോള്‍, കലാപരമായ ഒരു സൃഷ്ടിയില്‍ ഏര്‍പ്പെടുമ്പോള്‍, കലാകായിക മത്സരങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുമ്പോഴൊക്കെ, നമ്മുടെ മുന്നില്‍ ഉയര്‍ന്നു വരുന്ന ചോദ്യമാണ് ഇതില്‍ തനിക്ക് വിജയിക്കാനാവുമോ? ഈ ലോകത്ത് തനിക്ക് അവസരമുണ്ടോ?

കാരണം, ഏതു കാര്യത്തിലാണോ നാം ഇറങ്ങാന്‍ തുനിയുന്നത് അവിടെ നമുക്ക് കാണാം ലോകം കീഴടക്കിയവരെ, പേരെടുത്തവരെ, പ്രശസ്തിയാര്‍ജിച്ചവരെ. നമ്മോടൊപ്പം തന്നെ കാണാനാവും നമ്മെക്കാള്‍ കഴിവുള്ളവരെ, സാഹചര്യങ്ങള്‍ മോശമാണെന്നും സാമ്പത്തികമായി പിന്നാക്കമാണെന്നും തോന്നും. എന്നാല്‍ ഈ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആളുകളൊക്കെ തന്നെ അവരുടെ മുമ്പേ ഉണ്ടായിരുന്ന പ്രഗത്ഭരെ മറികടന്നവരാണ്. പഴയവരൊക്കെ പുതിയവരുടെ പ്രകടനങ്ങള്‍ മികച്ചതാക്കാന്‍ ഉപകരിച്ചവരാണ്.

ഇലകള്‍ ഇഷ്ടമില്ലാഞ്ഞിട്ടല്ല കള്ളിച്ചെടികള്‍ തന്റെ ഇലകളെ മുള്ളുകള്‍ ആക്കിമാറ്റുന്നത്. പിന്നെയോ തന്നില്‍ നിന്നും ഒരിറ്റു ജലം പോലും പാഴായി പോകാതിരിക്കാനാണ്. മരുഭൂമിയില്‍ കള്ളിച്ചെടികള്‍ പച്ചപിടിച്ചു നില്‍ക്കുന്നുവെങ്കില്‍ നമുക്ക് ഈ ഭൂമിയില്‍ അനേകം സാധ്യതകള്‍ ഉണ്ട്. ഏകകോശ ജീവിയായ അമീബ പോലും തന്റെ മുമ്പിലെ തടസ്സങ്ങളെ നീക്കി ഭക്ഷണം കണ്ടെത്തുന്നു. തലച്ചോറില്‍ 1000 കോടിയിലധികം കോശങ്ങളുള്ള മനുഷ്യന് എന്തെല്ലാം സാധിക്കും? പെന്‍ഗ്വിനുകള്‍ മുട്ടയിടുക കിഴക്കാംതൂക്കായ സ്ഥലങ്ങളില്‍ ഏറ്റവും മുകളിലായിട്ടാണ്. കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത് വരെ അവ അതീവ ശ്രദ്ധയോടെ നോക്കുകയും എന്നാല്‍ കുഞ്ഞുങ്ങള്‍ പുറത്തുവരുന്നതോടെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ ഒറ്റ നടത്തമാണ്. ഭക്ഷണം കിട്ടാതെ വിഷമത്തിലാകുന്ന പെന്‍ഗ്വിന്‍ കുഞ്ഞുങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. അല്‍പ്പനേരം മാതാപിതാക്കളെ തിരയുന്ന കുഞ്ഞുങ്ങള്‍ പിന്നീട് കുത്തനെ താഴോട്ടു വരുന്ന കാഴ്ച ഹൃദയഭേദകമാണ്. അവസാനം സമുദ്രത്തിന്റെ അരികെയെത്തുകയും പതുക്കെ അതിലേക്കെടുത്ത് ചാടുകയും ചെയ്യും. പിന്നെ അവിടെയൊരു ആഘോഷമാണ്. പ്രതിസന്ധികളിലൂടെ അവ കടന്നു വരേണ്ടതുണ്ടായിരുന്നു.

നമ്മള്‍ ഒരു അച്ചിനുള്ളിലാണ്. ഉണ്ണിയപ്പത്തിന്റെ അച്ചില്‍ നമുക്ക് നെയ്യപ്പം ചുടാന്‍ പറ്റുമോ? സാധ്യമല്ല. എന്ത് തന്നെ നമ്മള്‍ ചൂടാന്‍ നോക്കുന്നുവോ അത് ഫ്രെയിം എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കും രൂപം. നമുക്ക് നാം തന്നെ ഒരു അതിര്‍വരമ്പ് നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെയേ ഞാന്‍ ആവൂ. ഇതൊക്കെയേ ചെയ്യൂ എന്ന്. അതില്‍ കടിച്ചു തൂങ്ങി നില്‍ക്കും. അതിനുമപ്പുറം ഒരു ലോകം നാം കാണില്ല.
ഈ ലോകം എത്രയോ വലുതാണ്. എവറസ്റ്റിന്റെ കൊടുമുടിയില്‍, ചന്ദ്രനില്‍, ചൊവ്വയില്‍, കടലിന്റെ അടിത്തട്ടില്‍, ധ്രുവങ്ങളിലൊക്കെ നമ്മളെത്തി. മൊട്ടുസൂചി മുതല്‍ വിമാനങ്ങള്‍ വരെ ഉണ്ടാക്കി, ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കി, അവയവങ്ങള്‍ മാറ്റിവെക്കുന്ന തരത്തിലേക്ക് ആരോഗ്യരംഗത്ത് നാം എത്തി. ഇങ്ങനെ എന്തെന്ത് നേട്ടങ്ങള്‍. എത്ര ചെറുതോ വലുതോ ആയിക്കൊള്ളട്ടെ ഇതിനായി പരിശ്രമിച്ച ഓരോരുത്തരും അവരുടെ അതിര്‍വരമ്പുകള്‍ തകര്‍ത്തു പുറത്തുചാടിയവരാണ്. പുതിയ ആകാശം തേടിപ്പോയവരാണ്.
കുളത്തില്‍ താമരവിരിഞ്ഞിരിക്കുന്നുവെന്നു കരുതി ആമ്പല്‍ വിരിയാതിരിക്കാറില്ല. ഉദ്യാനത്തില്‍ റോസാപുഷ്പങ്ങള്‍ സൗരഭ്യം പരത്തി നില്‍ക്കുന്നുവെന്ന് കുരുതി മുല്ല വിടരാതിരിക്കില്ല. ഒരു മഹാവൃക്ഷം അതിന്റെ സൃഷ്ടിയില്‍ മഹത്തരം തന്നെയാണ്. എന്നാല്‍ ഒരു പുല്‍ക്കൊടിയുടെ വളര്‍ച്ച ആരും ശ്രദ്ധിക്കുന്നത് പോലുമില്ല. എന്നാല്‍ പുഷ്പിക്കുന്ന പ്രതിഭാസം ഒന്നുതന്നെയാണ്. വിടരല്‍ പ്രകൃതിയുടെ നിയമമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ധാന്യവിത്തുകള്‍ ഗുഹകളില്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളവും വെളിച്ചവും വളവും നല്‍കിയാല്‍ അവയും മുളക്കുകയും ഫലങ്ങള്‍ തരികയും ചെയ്യും. ഗുഹക്കകത്തെ വിത്തുകളെ പോലെ ആകരുത് നമ്മള്‍. മാറാന്‍, പഠിക്കാന്‍, അറിവ് വര്‍ധിപ്പിക്കാന്‍, മികച്ചവനാകാന്‍ തയ്യാറാകണം. അപ്പോള്‍ അവസരങ്ങള്‍ ഇഷ്ടം പോലെ ഉണ്ടാകും. അവ നമ്മെ തേടി വരും. ഒരു മികച്ച ഡോക്ടര്‍, അഭിഭാഷകന്‍ അദ്ദേഹം എവിടെ പ്രാക്ടീസ് ചെയ്താലും ആളുകള്‍ അവിടെയെത്തും. മികച്ച ശാസ്ത്രജ്ഞന്‍, എന്‍ജിനീയര്‍ ആളുകള്‍ തേടിയെത്തും.

കലക്ടറുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഒരു മേശക്കിപ്പുറവും അപ്പുറവുമായി നമ്മള്‍ ഇരിക്കുന്നു. കസേരകള്‍ തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. എന്നാല്‍ അവ തമ്മിലെ പ്രാധാന്യത്തിന്റെ വ്യത്യാസം അളക്കാന്‍ കഴിയാത്തത്ര വലിയതായിരിക്കും. ആ കസേരക്ക് നമ്മളും അര്‍ഹനാണ്, ആയിരുന്നു. എന്നാല്‍ നമ്മളതിന് തയ്യാറാവുന്നില്ല. ഇങ്ങനെ ഈ ലോകത്ത് നിരവധിയായ വിവിധങ്ങളായ കസേരകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്. ആ അധികാര സ്ഥാനങ്ങളില്‍ ഇരിക്കാന്‍ തയ്യാറാവണമെന്ന് മാത്രം.

ഒരു മുട്ട പുറമെ നിന്നും പൊട്ടിക്കുകയാണെങ്കില്‍ ഒന്നുകില്‍ നശിച്ചുപോവും അല്ലെങ്കില്‍ ഭക്ഷണമാക്കാം. എന്നാല്‍ ഉള്ളിലെ ശക്തിയില്‍ പൊട്ടിയാലോ ഒരു ജീവന്‍ സൃഷ്ടിക്കപ്പെടുന്നു. വ്യക്തിപരമായ കഴിവുകള്‍ ഉപയോഗിക്കാതെ, ഉണങ്ങിവരണ്ടു നശിച്ചു പോവാന്‍ ഇടയാകരുത്. നമ്മുടെ സാമര്‍ഥ്യത്തിലും കഴിവുകളിലും വിശ്വസിച്ച് പരിശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കുക. ചിന്തയോടൊപ്പം പ്രാര്‍ഥനയും ധൈര്യവും കൂട്ടിച്ചേര്‍ക്കൂ. അത്ഭുതങ്ങള്‍ സംഭവിക്കും. നമ്മളുടെ ദിവസവും സമാഗതമാവും.
ഒരു മെഴുകുതിരി പ്രകാശിക്കുമ്പോള്‍ എങ്ങനെയാണ് മുറിയിലെ ഇരുട്ടിന് വഴിമാറാതിരിക്കാനാവുക. സൂര്യന്‍ കിഴക്കുദിക്കുമ്പോള്‍ രാത്രിയുടെ ഇരുട്ടിന് എങ്ങനെയാണ് ഭൂമിയില്‍ അവശേഷിക്കാനാവുക.