മാര്‍പ്പാപ്പ ഹജ്ജിന്? സത്യം ഇതാണ്…

Posted on: August 30, 2018 9:47 pm | Last updated: August 30, 2018 at 9:49 pm
SHARE

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി വത്തിക്കാനിലെ മുന്‍ മാര്‍പ്പാപ്പ ബെനെഡിക്റ്റ് പതിനാറാമന്‍ മക്കയിലേക്കെത്തി എന്ന തരത്തില്‍ പ്രചരിക്കുന്നത് തികച്ചും വ്യാജ വാര്‍ത്ത. മിനയിലെ കല്ലേറു കര്‍മ്മം പോപ്പ് നിര്‍വഹിക്കുന്നതായാണു വീഡിയോ പ്രചരിക്കുന്നത്.

എന്നാല്‍ ഈ വീഡിയോയില്‍ കല്ലെറിയുന്നത് മക്ക ഗവര്‍ണ്ണറും സൗദി രാജാവിന്റെ പ്രധാന ഉപദേഷ്ടാവുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനാണു എന്നതാണു സത്യം. അദ്ദേഹത്തിന്റെ സമീപത്ത് സുരക്ഷാ സൈനികരും അനുചരരും നില്‍ക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

സോഷ്യല്‍ മീഡിയകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ധാരാളമായി ഈ വീഡിയോ പോപ്പാണെന്ന വ്യാജേന ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. കാര്യം അന്വേഷിക്കാതെ ആവേശത്തില്‍ പല മലയാളികളും വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്യുന്നതില്‍ അമാന്തം കാണിച്ചിട്ടില്ല.

‘നിങ്ങള്‍ മറന്നോ പ്രൗഡിയുടെയും അധികാരത്തിന്റെയും അത്യുന്നതങ്ങളില്‍ നിന്നും കിരീടവും ചെങ്കോലും ഉപേക്ഷിച്ച് പൊയ മാര്‍പാപ്പ ബനഡിക്ട് പതിനാറാമനെ’. എന്തിനാണദ്ദേഹം ആ മഹാ സൗഭാഗ്യം ഉപേക്ഷിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരമിതാ.. ” എന്ന വര്‍ണ്ണനകളൊക്കെ ചേര്‍ത്താണു വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്.

ഏതായാലും എന്തെങ്കിലും കിട്ടുംബോഴേക്കും ഷെയര്‍ ചെയ്ത് മുന്‍ പന്തിയിലെത്താനുള്ള വ്യക്തികളുടെ മനോഭാവം പല സന്ദര്‍ഭങ്ങളിലും വില്ലനാകാറുണ്ട്. ഇവിടെയും ഏതോ ഒരു വിരുതന്‍ അറിഞ്ഞോ അറിയാതെയോ ഒപ്പിച്ച വ്യാജ വാര്‍ത്തയാണു ശരവേഗത്തില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുമ്പോള്‍ എന്ത് ഷെയര്‍ ചെയ്യുന്നതിനു മുംബും ഒന്നാലോചിക്കുന്നത് നല്ലതാണു എന്ന് എല്ലാവരെയും ഈ സംഭവം ഓര്‍മ്മപ്പെടുത്തുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here