Connect with us

Kerala

400 ഹാജിമാരുടെ കൂടി യാത്ര മുടങ്ങി; യാത്ര മുടങ്ങിയവരുടെ എണ്ണം 1100 ആയി

Published

|

Last Updated

കോഴിക്കോട്: സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള ഹാജിമാരുടെ യാത്രാ പ്രശ്‌നത്തിന് അറുതിയായില്ല. ഇന്നലെയും ഇന്നുമായി 400 ഹാജിമാരുടെ കൂടി യാത്ര മുടങ്ങി. ഇന്നലെ രാത്രി 8.55നും ഇന്ന് രാവിലെ അഞ്ചിനും പോകേണ്ട ഹാജിമാരുടെ യാത്രയാണ് മുടങ്ങിയിരിക്കുന്നത്. ഇതോടെ മൂന്ന് ദിവസത്തിനുള്ള യാത്ര മുടങ്ങിയ ഹാജിമാരുടെ എണ്ണം 1100 ആയി.

വിമാനക്കമ്പനിയുടെ നിരുത്തരവാദ സമീപനത്തെ തുടര്‍ന്നാണ് വിവിധ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിലുള്ള ഹാജിമാരുടെ യാത്ര മുടങ്ങിയിരിക്കുന്നത്. ഈ വിഷയം ഇതുവരെ പരിഹരിക്കാന്‍ വിമാനക്കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ഇവരെ മറ്റ് ഫ്‌ളൈറ്റുകളില്‍ വിശുദ്ധ ഭൂമിയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

ഒമാന്‍ എയറില്‍ മാസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റെടുത്ത ഹാജിമാര്‍ക്കാണ് ഇപ്പോള്‍ യാത്രാ പ്രശ്‌നമുണ്ടായിരിക്കുന്നത്. യാത്ര മുടങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ തുക നല്‍കി മറ്റ് വിമാനക്കമ്പനികളെ ആശ്രയിക്കുകയാണ് പോംവഴി. എന്നാല്‍ മറ്റ് വിമാനക്കമ്പനികളില്‍ സീറ്റ് ലഭ്യമാകുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. ദിവസങ്ങളെടുക്കുകയും ചെയ്യും. സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ പോര്‍ട്ടലുമായി വിമാനക്കമ്പനിയുടെ സൈറ്റ് ലിങ്ക് ചെയ്തില്ലെന്ന ചെറിയ സാങ്കേതിക പ്രശ്‌നമാണ് ഹാജിമാരുടെ യാത്ര വരെ മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്.

കോഴിക്കോട് നിന്ന് ദിവസേന മൂന്ന് സര്‍വീസുള്ളതിനാല്‍ മിക്ക സ്വകാര്യ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരും ഒമാന്‍ എയറിലാണ് സീറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. എന്നാല്‍ ഗള്‍ഫ് എയര്‍, ഇത്തിഹാദ്, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത സ്വകാര്യ ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്ക് ഹാജിമാരെ യാത്രയാക്കാനാകും. അതിനിടെ എയര്‍ ഇന്ത്യ വലിയ വിമാനത്തിന് പകരം 140 പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന ചെറിയ വിമാനമാക്കി ചുരുക്കിയത് ഹാജിമാരെയും പ്രതികൂലമായി ബാധിച്ചേക്കും.

നേരത്തെ 420 യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ വലിയ വിമാനങ്ങളായിരുന്നു എയര്‍ ഇന്ത്യ കോഴിക്കോട് നിന്ന് ഏര്‍പ്പെടുത്തിയിരുന്നത്. കരിപ്പൂരില്‍ എല്ലാ സൗകര്യങ്ങളുണ്ടായിട്ടും വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ നടപടികള്‍ സ്വീകരിക്കാത്തത് ഇവിടെ നിന്നുള്ള ഹാജിമാരുടെ യാത്രക്കും പ്രയാസം സൃഷ്ടിക്കുകയാണ്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest