Connect with us

International

ഗുഹയില്‍ നിന്ന് ആശ്വാസ വാക്ക്; 'ഞങ്ങള്‍ സ്‌ട്രോംഗ് ആണ്'

Published

|

Last Updated

ഗുഹക്കുള്ളില്‍ കഴിയുന്ന കുട്ടികളുടെയും കോച്ചിന്റെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രം

ബാങ്കോക്ക്: “നിങ്ങളാരും വേവലാതിപ്പെടേണ്ട..ഞങ്ങള്‍ സ്‌ട്രോംഗ് ആണ്” വടക്കന്‍ തായ്‌ലാന്‍ഡിലെ ലവോംഗ് ഗുഹയില്‍ നിന്ന് കുട്ടികളുടെ ആശ്വാസ വാക്കുകള്‍ കത്തിന്റെ രൂപത്തില്‍ പുറത്തുവന്നു. ഗുഹക്കുള്ളില്‍ ഫോണ്‍ സംവിധാനം സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കിയ കത്തുകളിലൂടെയാണ് കുട്ടികള്‍ തങ്ങളുടെ ബന്ധുക്കളോട് ഇക്കാര്യം അറിയിച്ചത്.
ഞങ്ങളെല്ലാവരും സ്‌ട്രോംഗ് ആണെന്നും വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും കുട്ടികള്‍ കത്തില്‍ പറയുന്നു. പൊരിച്ച ചിക്കന്‍ അടക്കമുള്ള സാധനങ്ങള്‍ എത്തിക്കാനും കുട്ടികള്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ചുവന്നാല്‍ കുടുതല്‍ ഹോം വര്‍ക്ക് നല്‍കി കഷ്ടപ്പെടുത്തരുതെന്ന് അധ്യാപകരോടും തമാശരൂപേണ കുട്ടികള്‍ ആവശ്യപ്പെടുന്നുണ്ട്.

ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളും വീട്ടുകാര്‍ക്ക് കത്തയച്ചിട്ടുണ്ട്. കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനേയും പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കത്ത് പുറത്തുവന്നത്.
അതേസമയം, കുട്ടികളുടെ രക്ഷിതാക്കളോട് മാപ്പ് ചോദിച്ചുകൊണ്ട് കോച്ചും കുറിപ്പ് എഴുതി. എക്കപോള്‍ ചന്ദോംഗ് എന്ന 25 കാരന്‍ ഫുട്്‌ബോള്‍ കോച്ചാണ് മാപ്പ് ചോദിച്ചുകൊണ്ട് കുറിപ്പെഴുതിയത്.
“എല്ലാ രക്ഷിതാക്കളും അറിയാന്‍, കുട്ടിളെല്ലാവരും നിലവില്‍ സുരക്ഷിതരാണ്. കുട്ടികളെ നന്നായി സംരക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. എല്ലാവരും നല്‍കുന്ന ധാര്‍മിക പിന്തുണക്ക് നന്ദി.” കുട്ടികളുടെ രക്ഷിതാക്കളോട് മാപ്പു ചോദിക്കുന്നുവെന്നുമാണ് കോച്ചിന്റെ കുറിപ്പിലുള്ളത്. കഴിഞ്ഞ ദിവസം കോച്ച് രക്ഷാ പ്രവര്‍ത്തകരുടെ കൈവശം കൊടുത്തയച്ച കുറിപ്പ് ഉദ്യോഗസ്ഥര്‍ ഫേസ്ബുക്കിലൂടെയാണ് പ്രസിദ്ധീകരിച്ചത്
കുറിപ്പ് സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് പൊതു സമൂഹത്തില്‍നിന്നുയരുന്നത്. ചിലര്‍ കോച്ചിനെ അനുകൂലിക്കുമ്പോള്‍ മറ്റു ചിലര്‍ ശക്തമായ വിമര്‍ശമാണ് ഉന്നയിക്കുന്നത്.

അതിനിടെ, സമയത്തോട് പൊരുതി ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്താനുള്ള കഠിന ശ്രമം തുടരുകയാണെന്നും മണ്‍സൂണ്‍ എത്തുന്നതിന് മുമ്പ് തന്നെ അവരെ രക്ഷപ്പെടുത്തുമെന്നും തായ് നാവിക സേന മേധാവി വ്യക്തമാക്കി. ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്തുവിലകൊടുത്തും കുട്ടികളെ പുറത്തെത്തിക്കുമെന്ന് ഗവര്‍ണറും ഉറപ്പ് നല്‍കിയിട്ടുണ്ട്. കുട്ടികള്‍ നീന്തല്‍ പഠിച്ചിട്ടുണ്ടെന്നും പക്ഷെ രക്ഷപ്പെടാന്‍ ആവശ്യമായ രീതിയില്‍ അവര്‍ നീന്താനിടയില്ലെന്നും ഗവര്‍ണര്‍ നാരോംഗ്‌സാക് വ്യക്തമാക്കി.

അഞ്ച് മണിക്കൂര്‍ എടുത്താണ് കുട്ടികളുടെ അടുത്തേക്ക് മുങ്ങല്‍ വിദഗ്ധര്‍ എത്തുന്നത്. ഇത്രയും സമയം കുട്ടികള്‍ക്ക് നീന്താന്‍ സാധിക്കില്ലെന്നും അവര്‍ ക്ഷീണിച്ച് അവശരാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ഗുഹക്കുള്ളിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം സമാന്‍ ഗുനാന്‍ എന്ന രക്ഷാപ്രവര്‍ത്തകന്‍ ശ്വാസം മുട്ടി മരിച്ചിരുന്നു.

Latest