Connect with us

Kerala

'അമ്മ' തിരഞ്ഞെടുപ്പ്: മത്സരിക്കാന്‍ ആഗ്രഹിച്ച പാര്‍വതിയെ പിന്തിരിപ്പിച്ചെന്ന് ആരോപണം

Published

|

Last Updated

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ “അമ്മ”യുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കുന്നതിനായി ആഗ്രഹിച്ചിരുന്നുവെങ്കിലും പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന ആരോപണവുമായി വിമെന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളായ പാര്‍വതിയും പത്മപ്രിയയും രംഗത്ത്. ചില ആളുകളെ മുന്‍കൂട്ടി തീരുമാനിച്ച് അവരെ സംഘടനയുടെ തലപ്പത്തേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിനുപുറത്ത് യാത്രയിലായിരിക്കുമെന്ന കാരണത്താല്‍ നോമിനേഷന് അപേക്ഷിക്കുന്നതില്‍നിന്നു തന്നെ പിന്തിരിപ്പിച്ചെന്നാണ് പാര്‍വതിയുടെ ആരോപണം.

പലരുടേയും നോമിനികളാണ് ഇത്തവണ ജയിച്ചെത്തിയത്. അവരുടെ ധാര്‍മികതയില്‍ സംശയമുണ്ടെന്നും നടിമാര്‍ ആരോപിച്ചു. സ്ഥാനാര്‍ഥികളുടെ എണ്ണമനുസരിച്ച് ജനറല്‍ ബോഡിയില്‍ ശബ്ദവോട്ടോടെയോ അല്ലെങ്കില്‍ തിരഞ്ഞെടുപ്പിലൂടെയോ ഭാരവാഹികളെ തിരഞ്ഞെടുക്കാമെന്നാണ് അമ്മയുടെ ബൈലോയില്‍ പറയുന്നത്. എന്നാല്‍, ഇത്തവണ സംഭവിച്ചത് അതല്ല. എന്തടിസ്ഥാനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതെന്ന് അറിയില്ലെന്നും നടിമാര്‍ പറയുന്നു.

ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം വിവാദമായിരുന്നു. തുടര്‍ന്നു റിമ കല്ലിങ്കല്‍, ഭാവന, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് അമ്മക്കെതിരെ ഉയരുന്നത്. .

Latest