Connect with us

Kerala

നാഥനില്ലാതെ ബി ജെ പി; ആര്‍ എസ് എസിന് അതൃപ്തി

Published

|

Last Updated

കോഴിക്കോട്:ഒരു മാസമായിട്ടും സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കാത്തതില്‍ ആര്‍ എസ് എസ്, ബി ജെ പി കേന്ദ്ര നേതൃത്വത്തെ അസംതൃപ്തി അറിയിച്ചു. പാര്‍ട്ടിക്ക് സംസ്ഥാനത്ത് നാഥനില്ലാതായിട്ടും പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ കഴിയാത്തത് രൂക്ഷമായ വിഭാഗീയത കാരണമാണെന്നാണ് ആര്‍ എസ് എസ് സംസ്ഥാന സഹ പ്രാന്ത പ്രചാരക് കേന്ദ്രനേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാന ഘടകത്തിന് നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ കഴിയാത്തതിനാല്‍ തങ്ങളുടെ നോമിനിയെ പ്രസിഡന്റാക്കണമെന്ന ആവശ്യം കൂടിയാണ് അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നത്.

കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കണമെന്ന ആര്‍ എസ് എസിന്റെ ആവശ്യം തള്ളിയ കേന്ദ്ര നേതൃത്വം ആവര്‍ത്തിച്ചുള്ള ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാനുള്ള സാധ്യത വിലയിരുത്തപ്പെടുന്നുണ്ട്. ആര്‍ എസ് എസ് പ്രജ്ഞാപ്രവാഹിന്റെ അഖിലേന്ത്യാ കണ്‍വീനറായ പന്തളം സ്വദേശി ജെ നന്ദകുമാര്‍, ആര്‍ എസ് എസ് ബൗദ്ധിക സെല്ലിന്റെ ചുമതലക്കാരനായ ഡോ. ബാല ശങ്കര്‍, മധ്യപ്രദേശില്‍ സംഘടനാ സെക്രട്ടറിയായിരുന്ന പാലക്കാട് സ്വദേശി അരവിന്ദ് മേനോന്‍, സ്വദേശി ശാസ്ത്ര പ്രസ്ഥാനം നേതാവ് കെ ജയകുമാര്‍, ബി ഗോപാലകൃഷ്ണന്‍, കണ്ണൂരില്‍ നിന്നുള്ള സദാനന്ദന്‍ മാസ്റ്റര്‍, വത്സന്‍ തില്ലങ്കേരി എന്നിവരാണ് ആര്‍ എസ് എസിന്റെ പരിഗണനയിലുള്ളത്.

ആര്‍ എസ് എസില്‍ നിന്നുള്ള ഒരാളെ പ്രസിഡന്റാക്കണമെന്ന ആവശ്യം ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ ആര്‍ എസ് എസ് നേതാക്കളായ എ സേതുമാധവന്‍, ഹരികൃഷ്ണന്‍, ഗോപാലന്‍കുട്ടി മാസ്റ്റര്‍, കെ കെ ബല്‍റാം എന്നിവര്‍ ഉന്നയിച്ചിരുന്നു ഇതോടെ പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകളും വെട്ടിലായി. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ശബ്ദമുയര്‍ന്നതോടെ പാര്‍ട്ടിക്കാരനായ പ്രസിഡന്റ് തന്നെ വരട്ടെ എന്ന നിലപാടിലേക്ക് ആര്‍ എസ് എസ് ചുവടുമാറ്റി. പക്ഷേ സ്ഥിതിഗതികള്‍ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ തങ്ങളുടെ നോമിനിയെ തന്നെ കൊണ്ടുവരാനുള്ള നീക്കമാണ് ആര്‍ എസ് എസ് നടത്തുന്നതെന്നാണ് സൂചന.
കെ സുരേന്ദ്രന്‍ പ്രസിഡന്റായി വരുന്നത് ആര്‍ എസ് എസ് അംഗീകരിക്കുന്നില്ല. തുടക്കത്തില്‍ തന്നെ ആര്‍ എസ് എസ് ഇതിനെതിരെ നീക്കം നടത്തിയിരുന്നു. ആര്‍ എസ് എസ് നേതൃത്വത്തിന്റെ പരോക്ഷ പിന്തുണ കൃഷ്ണദാസ് വിഭാഗത്തിനുണ്ട്. സുരേന്ദ്രന് പകരം എം ടി രമേശിനെയോ എ എന്‍ രാധാകൃഷ്ണനെയോ പദവി ഏല്‍പ്പിക്കണമെന്നാണ് കൃഷ്ണദാസ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, ശോഭാ സുരേന്ദ്രന്‍ കൂടി സംസ്ഥാന പ്രസിഡന്റ് പദവിക്ക് വേണ്ടി രംഗത്തത്തിയതോടെ കേന്ദ്രനേതൃത്വം തീരുമാനമെടുക്കാനാകാതെ കുഴങ്ങി. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ സംസ്ഥാന പ്രസിഡന്റില്ലാതെ ഒരു മാസം പിന്നിടുന്ന അവസ്ഥയിലാണ് ബി ജെ പി.
ഒരു മാസമായിട്ടും പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സമവായത്തിലെത്താന്‍ കഴിയാത്തത് പാര്‍ട്ടിയില്‍ പരിഹരിക്കാന്‍ കഴിയാത്ത വിധം വിഭാഗീയത മൂര്‍ച്ഛിച്ചുവെന്നതിന്റെ സൂചനയാണ്. വിഭാഗീയതക്ക് ശമനമില്ലെന്ന സൂചന ലഭിച്ച സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നീക്കം നിര്‍ണായകമാണ്. മുമ്പ് വിഭാഗീയതയെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന സൂചന നല്‍കിയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയത്. സംസ്ഥാന പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും മെഡിക്കല്‍ കോഴ വിവാദവും കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ച സാഹചര്യത്തിലായിരുന്നു ഈ നീക്കം.

പാര്‍ട്ടിക്ക് കേരളത്തില്‍ മോശം പ്രതിച്ഛായ ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഒരാള്‍ പോലും പെട്ടെന്ന് മന്ത്രിസഭയിലേക്ക് വരേണ്ടെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ് ഇതോടെ നടപ്പായത്. പക്ഷേ ക്രിസ്റ്റ്യന്‍ ന്യൂനപക്ഷങ്ങളുമായി പാര്‍ട്ടിയെ അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കണ്ണന്താനത്തെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്നതെന്ന് പ്രചരിപ്പിക്കപ്പെട്ടത് സംസ്ഥാന ഘടകത്തിലെ വിഭാഗീയത മറച്ച് വെക്കാനാണെന്നാണ് വിലയിരുത്തപ്പെട്ടത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം നല്‍കിയ പോലെ ആര്‍ എസ് എസ് നേതൃത്വത്തെയും പാര്‍ട്ടി സംസ്ഥാന ഘടകത്തെയും ഞെട്ടിച്ച് കൊണ്ടാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സംസ്ഥാന അധ്യക്ഷ പദം രാജിവെച്ച് ഗവര്‍ണറാകാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം കുമ്മനത്തിന് നിര്‍ദേശം നല്‍കിയത്. തന്റെ വിശ്വസ്തനായ കെ സുരേന്ദ്രനെ പ്രസിഡന്റാക്കാനുള്ള വി മുരളീധരന്റെ ചരടുവലിയായായാണ് ഇത് വിലയിരുത്തപ്പെട്ടത്. എന്നാല്‍, മുരളീധര പക്ഷത്തിന്റെ ആവശ്യത്തെ ശക്തമായി എതിര്‍ത്ത് ആര്‍ എസ് എസ് നേതൃത്വം രംഗത്തെത്തിയതോടെ കേന്ദ്ര നേതൃത്വം തിരക്കിട്ട് തീരുമാനമെടുത്തില്ല. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ആര്‍ എസ് എസിന്റെ ആവശ്യം അംഗീകരിക്കുമോ അതുമല്ലെങ്കില്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി കെ കൃഷ്ണദാസ്, പി എസ് ശ്രീധരന്‍പിള്ള എന്നിവരെ ഒത്തുതീര്‍പ്പിലൂടെ പരിഗണിക്കപ്പെടുമോ എന്നാണ് കണ്ടറിയേണ്ടത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest