Connect with us

International

ഉന്‍- ട്രംപ് കൂടിക്കാഴ്ചക്ക് ദിവസങ്ങള്‍ മാത്രം; ബശ്ശാറുല്‍ അസദും ഉ. കൊറിയയിലേക്ക്

Published

|

Last Updated

സിയോള്‍: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഉത്തര കൊറിയ സന്ദര്‍ശിക്കുന്നു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. സന്ദര്‍ശനം യാഥാര്‍ഥ്യമാകുകയാണെങ്കില്‍, കിം ജോംഗ് ഉന്‍ ഉത്തര കൊറിയയയില്‍ അധികാരത്തിലേറിയ ശേഷം ആ രാജ്യം സന്ദര്‍ശിക്കുന്ന മറ്റൊരു രാജ്യത്തിന്റെ പ്രഥമ ഭരണാധികാരിയാകും ബശ്ശാറുല്‍അസദ്. ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശന വിവരം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ മാസം 30ന് നടന്ന ഒരു യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കുകയാണ്. അവസാന വിജയം കിം ജോംഗ് ഉന്നിനായിരിക്കുമെന്ന കാര്യത്തില്‍ തനിക്കുറപ്പുണ്ട്. അതുപോലെ ഇരു കൊറിയകളും യോജിപ്പിലെത്തുമെന്നും ഇതില്‍ പിഴവുകള്‍ സംഭവിക്കില്ലെന്നും അസദിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ബശ്ശാറുല്‍ അസദിന്റെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തെ കുറിച്ച് പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല.
കാലങ്ങളായി ഉത്തര കൊറിയയും സിറിയയും നല്ല ബന്ധത്തിലാണ്. രാസായുധ വിഷയത്തില്‍ ഉത്തര കൊറിയ സിറിയയുമായി സഹകരിക്കുന്നുണ്ടെന്ന് നേരത്തെ ഐക്യരാഷ്ട്ര സഭ ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും ഉത്തര കൊറിയ തള്ളിക്കളഞ്ഞിരുന്നു. ഇരു രാജ്യങ്ങളും വ്യത്യസ്ത വിഷയങ്ങളുടെ പേരില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ഉത്തര കൊറിയക്കെതിരെ ആണവ പരീക്ഷണത്തിന്റെ പേരിലും സിറിയക്കെതിരെ ആഭ്യന്തര സംഘര്‍ഷത്തിന്റെ പേരിലുമാണ് വിമര്‍ശം. 2011ല്‍ അധികാരത്തിലേറിയ കിം ജോംഗ് ഉന്‍, ഇതുവരെയും ഉത്തര കൊറിയയില്‍ വെച്ച് മറ്റൊരു രാഷ്ട്രത്തലവനുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ല.

1973ലെ അറബ്- ഇസ്‌റാഈല്‍ യുദ്ധത്തിനിടെ, ഉത്തര കൊറിയ സിറിയക്ക് വേണ്ടി പൈലറ്റുമാരും ടാങ്ക് ഡ്രൈവര്‍മാരും, മിസൈല്‍ വിദഗ്ധരുമായ 530 പേരെ അയച്ചുനല്‍കിയിരുന്നു. ഇതിന് ശേഷം ഇരു രാജ്യങ്ങളും അടുത്ത സൗഹൃദബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്.

Latest