ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ ചാര്‍ജില്ല; വിമാനം വൈകിയാല്‍ ഫുള്‍ റീഫണ്ട്; വരുന്നു പുതിയ വ്യോമ നയം

Posted on: May 22, 2018 9:47 pm | Last updated: May 23, 2018 at 9:36 am

ന്യൂഡല്‍ഹി: വിമാനയാത്രക്കാരുടെ അവകാശം സംബന്ധിച്ച ചാര്‍ട്ടിന്റെ കരട് രേഖ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറത്തിറക്കി. വിമാന ടിക്കറ്റ് എടുത്ത് 24 മണിക്കൂറിനുള്ളില്‍ ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് ഒഴിവാക്കിയും നാല് മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ ടിക്കറ്റ് തുക പൂര്‍ണമായും തിരിച്ചുനല്‍കാന്‍ വ്യവസ്ഥ ചെയ്തുമാണ് കരട് രേഖ അവതരിപ്പിച്ചത്.

കരട് വ്യോമനയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:

  • വിമാനം നാല് മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ യാത്രക്കാരന് ടിക്കറ്റ് തുക പൂര്‍ണമായും തിരിച്ച് നല്‍കും
    ഇന്ന് യാത്ര പോകേണ്ട വിമാനം അടുത്ത ദിവസത്തേക്ക് സര്‍വീസ് നീട്ടിയാല്‍ വിമാനക്കമ്പനി യാത്രക്കാരന് സൗജന്യ താമസം നല്‍കും.
  • 24 മണിക്കൂറിനുള്ളിലാണ് വിമാനം ക്യാന്‍സല്‍ ചെയ്തതായി യാത്രക്കാരന് വിവരം ലഭിക്കുന്നതെങ്കില്‍ ടിക്കറ്റ് തുക പൂര്‍ണമായും തിരിച്ചുനല്‍കും
  • ഒരു വിമാനം വൈകിയ്ത മൂലം യാത്രക്കാരന് കണക്ടിംഗ് ഫ്‌ളയ്റ്റ് നഷ്ടമായാല്‍ വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കും.
  • ഒന്നാമത്തെ വിമാനം മൂന്ന് മണിക്കൂറില്‍ അധികം വൈകിയത് മൂലം കണക്ടിംഗ് ഫ്‌ളയിറ്റ് നഷ്ടമായാല്‍ 5000 രൂപയും നാല് മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ ആദ്യ വിമാനം വൈകിയാല്‍ പതിനായിരം രൂപയും അതില്‍ കൂടുതല്‍ സമയം വൈകിയാല്‍ 20,000 രൂപയുമാകും നഷ്ടപരിഹാര തുക.
  • വിമാനം ഒരു മണിക്കൂറിലധികം റണ്‍വേയില്‍ കിടക്കുന്ന സ്ഥിതിയുണ്ടായാല്‍ യാത്രക്കാരന് വിമാനക്കമ്പനി സൗജന്യമായി ഭക്ഷണം നല്‍കും. രണ്ട് മണിക്കൂറില്‍ കൂടിയാല്‍ യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറങ്ങുവാനും അനുവദിക്കും.