Connect with us

Articles

ഒരു ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാനുള്ള വഴികള്‍

Published

|

Last Updated

ഒരു ബലാത്സംഗം എങ്ങനെയൊക്കെ റിപ്പോര്‍ട്ട് ചെയ്യാം? ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം ഗൗരവത്തോടെ ചോദിച്ചത് 2012-ലെ നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തിലാണ്. ഡല്‍ഹിയിലെ മുനീര്‍ഖയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ പേരും ഫോട്ടോയും പുറത്തുവിടരുതെന്ന് അന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം, അതിക്രൂരമായി കൊലചെയ്യപ്പെട്ട കശ്മീരി പെണ്‍കുട്ടിയുടെ പടം ഉള്‍പ്പെടെ പേരും മേല്‍വിലാസവും വിശദീകരിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ തന്നെ ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.

ബലാത്സംഗത്തിന് ഇരയാകുന്നവരുടെ വ്യക്തിവിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന മാധ്യമനിയമം നിലനില്‍ക്കേ, കശ്മീര്‍ പെണ്‍കുട്ടിയുടെ വിഷയത്തില്‍ ഇത്ര വലിയ പ്രതിഷേധം പടര്‍ത്താന്‍ സഹായകമായത് അവളുടെ പടം ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ വന്നതിനാലാണ് എന്ന വിശദീകരണമാണ് മാധ്യമവിദഗ്ധര്‍ കണ്ടെത്തിയ ഒരു ന്യായീകരണം. ഒപ്പം, ഇരകളല്ല, മറിച്ച് ബലാത്സംഗം ചെയ്ത പ്രതികളാണ് യഥാര്‍ഥത്തില്‍ തങ്ങളുടെ പേരുവിവരങ്ങള്‍ മറച്ചുപിടിക്കേണ്ടതെന്ന നേരത്തെയുള്ള വിശദീകരണവും വന്നു. മാധ്യമപ്രവര്‍ത്തകുടെയും ആക്ടിവിസ്റ്റുകളുടെയും ഇത്തരം പ്രതികരണങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങള്‍ എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന അന്വേഷണം വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ചക്കെടുത്തത്. സ്ത്രീപീഡന വാര്‍ത്തകളോട് ഇന്ത്യന്‍ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിസ്സംഗതയും പക്ഷപാതിത്വവും വിമര്‍ശിച്ചുകൊണ്ടാണ് ബി ബി സി, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ദി ഇന്റിപെന്‍ഡന്റ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുന്നോട്ടുവന്നത്. കേന്ദ്ര സര്‍ക്കാറിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മൗനവും ഇത്തരം വിഷയങ്ങളിലുണ്ടാകുന്ന വര്‍ഗീയ ചേരിതിരിവും രാഷ്ട്രീയ മുതലെടുപ്പും ഈ മാധ്യമങ്ങള്‍ ഉദാഹരണസഹിതം വിശദീകരിക്കുകയുണ്ടായി.

ബലാത്സംഗം ഉള്‍പ്പെടെ സ്ത്രീകള്‍ നേരിടുന്ന വിവിധ പീഡനങ്ങള്‍ പലപ്പോഴും നഗരങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രങ്ങളില്‍ വാര്‍ത്തയാകാറില്ലായിരുന്നു. അത്തരം കാര്യങ്ങള്‍ പലപ്പോഴും ഗ്രാമീണവാര്‍ത്തയായി ചുരുങ്ങി. ഈ വിശ്വാസത്തെ അട്ടിമറിച്ചത് നേരത്തേ നിര്‍ഭയയും ഇപ്പോള്‍ കശ്മീര്‍ പെണ്‍കുട്ടിയുമാണ്. ഇവ രണ്ടും ദേശീയതലത്തില്‍ നിന്ന് ആഗോളതലത്തിലേക്ക് പടര്‍ന്ന വാര്‍ത്തകളായി മാറി. അപ്പോഴും ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യുമ്പോഴുണ്ടാകുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ ശൈലിക്ക് മാറ്റം വന്നില്ല.

ഇത്തരം പീഡന വാര്‍ത്തകളുടെ പ്രാഥമിക വായനക്കാര്‍ മധ്യവര്‍ഗ കുടുംബപശ്ചാത്തലത്തില്‍ നിന്നുള്ളവരായിരുന്നു. അവരെ തൃപ്തിപ്പെടുത്താന്‍ അത്തരം വാര്‍ത്തകളില്‍ അത്യാവശ്യത്തിന് എരിവും പുളിയും വേണം. അര്‍ധരാത്രി കാമുകനോടൊപ്പം സിനിമ കണ്ട് മടങ്ങുമ്പോള്‍ ബസ്സില്‍ കയറിയ നിര്‍ഭയ എന്ന വിശേഷണത്തോടെയായിരുന്നു മിക്ക മാധ്യമങ്ങളും ഡല്‍ഹി പീഡനം വാര്‍ത്തയാക്കിയത്. വായക്കാരുടെ മനോവൈകൃതങ്ങളെ പോലും തൃപ്തിപ്പെടുത്തി മാത്രമാണ് പീഡനവാര്‍ത്തകള്‍ വരുന്നത്. വാര്‍ത്തയുടെ തലക്കെട്ട് മുതല്‍ ഇന്‍ട്രോയും ഉദാഹരണങ്ങളുമെല്ലാം ഈ തൃപ്തിപ്പെടുത്തലിന് അനുയോജ്യമാകുന്നു. വായനക്കാരന് കിട്ടുന്ന രസത്തിന് ഭംഗം വരാതിരിക്കാന്‍ ശ്രദ്ധയോടെ നിര്‍മിക്കുന്ന വാക്കുകളും വാക്യഘടനയും. വേണമെങ്കില്‍ പീഡനരംഗം ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകളും. തൊട്ടടുത്ത ദിവസങ്ങളില്‍ ഫോളോ-അപ് സ്റ്റോറികള്‍. ഇരകളുടെ പക്ഷത്ത് നിന്നല്ലാത്ത വ്യാഖ്യാനങ്ങളും പോലീസിനെ വെല്ലുന്ന കണ്ടെത്തലുകളും. ഇരയോടൊപ്പം നില്‍ക്കുക എന്ന ധാര്‍മിക ഉത്തരവാദിത്തവും പീഡിപ്പിച്ചവര്‍ക്കെതിരെ ഉണ്ടാവേണ്ട പ്രതിഷേധവുമെല്ലാം വാര്‍ത്തയുടെ ഘടനയില്‍ തന്നെ ചോര്‍ന്നുപോകുന്നു. കത്‌വ പീഡനത്തിലെ പ്രതികളെ പിന്തുണച്ച് ബി ജെ പി- സംഘ്പരിവാര്‍ റാലിയില്‍ പങ്കെടുത്തവര്‍ക്ക് പോലും ഇത്തരം വാര്‍ത്താ ശൈലി നല്‍കുന്ന ഊര്‍ജം എത്ര വലുതായിരിക്കും? നിര്‍ഭയ സംഭവത്തെക്കുറിച്ച് ഗവേഷണ പഠനം നടത്തിയ ഹാര്‍വാര്‍ഡ് ബെക്മാന്‍ ക്ലൈന്‍ മീഡിയ റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തുന്നത്, ഇന്ത്യന്‍ പത്രങ്ങളില്‍ ഡല്‍ഹി പീഡനവാര്‍ത്തകള്‍ വായിച്ചവരില്‍ 20 ശതമാനം പേര്‍ അത് സംഭവിക്കേണ്ടതുതന്നെയായിരുന്നു എന്ന് വിശ്വസിച്ചവരായിരുന്നു. ഡല്‍ഹി പീഡനത്തെക്കുറിച്ച് പ്രിന്റ്, ഇലക്ട്രോണിക്, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ലക്ഷക്കണക്കിന് വാര്‍ത്തകളുടെ ഉള്ളടക്കം പരിശോധിച്ചാണ് പ്രസ്തുത പഠനം നടത്തിയത്. അപ്പോള്‍ എത്രമേല്‍ നെഗറ്റീവായാണ് പീഡനവാര്‍ത്തകള്‍ വായനക്കാരില്‍ സ്വാധീനം ചെലുത്തുന്നത്. കശ്മീര്‍ പെണ്‍കുട്ടിയുടെ വിഷയത്തില്‍ വന്ന ചില വ്യാജവാര്‍ത്തകളും പീഡിപ്പിച്ചവരെ പരസ്യമായി പിന്തുണച്ച് നടത്തിയ പ്രകടനങ്ങളും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

ഇന്ത്യന്‍ മാധ്യമങ്ങളിലെ ബലാത്സംഗം, സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ഗാര്‍ഹിക പീഡനങ്ങള്‍, അബോര്‍ഷന്‍, ബാലവിവാഹം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് മീഡിയ ക്ലൗഡ് നടത്തിയ മറ്റൊരു ഗവേഷണപഠനം അടുത്തിടെ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പഠനത്തിലെ സുപ്രധാന കണ്ടെത്തല്‍ രാഷ്ട്രീയ പഴിചാരലും റിപ്പോര്‍ട്ടിംഗ് ശൈലിയും പീഡനത്തിനിരകളാകുന്ന സ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നാണ്. കുറേ ദിവസത്തേക്ക് വാര്‍ത്തയാക്കാനുള്ള വിഭവം എന്ന പരിമിതമായ വൃത്തത്തിനപ്പുറത്തേക്ക് ബലാത്സംഗ വാര്‍ത്തകള്‍ വളരുന്നില്ല എന്നും ഈ പഠനം കണ്ടെത്തുന്നു. ഇതുപ്രകാരം ഇന്ത്യന്‍ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം, ലൈംഗികാതിക്രമണങ്ങളും പീഡനങ്ങളും ചര്‍ച്ചക്കുള്ള വിഷയം മാത്രമാണ്. ഇത്തരം വാര്‍ത്തകളില്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ചും മീഡിയ ക്ലൗഡ് ഗവേഷണത്തില്‍ വിശദീകരണങ്ങളുണ്ട്.

പീഡനമേറ്റ ഇരയുടെ പക്ഷത്തു നിന്ന് വസ്തുതകളെ വിശകലനം ചെയ്യുന്നതിന് പകരം അന്വേഷണ റിപ്പോര്‍ട്ടുകളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന അവതരണശൈലി ഇപ്പോഴും മാധ്യമങ്ങള്‍ പിന്തുടരുന്നു. ഇരയുടെ വേദനയേക്കാള്‍, വായനക്കാരുടെ ലൈംഗിക വൈകൃതത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം രൂപപ്പെടുത്തുന്ന ഭാഷയും കൂടിയാകുമ്പോള്‍ പീഡിപ്പിച്ചവരും വാര്‍ത്ത പ്രസിദ്ധീകരിക്കുന്നവരും തമ്മില്‍ എന്താണ് വ്യത്യാസമുള്ളത്? ഒരു സാമൂഹിക പ്രശ്‌നം എന്ന നിലയിലോ ഒരു മാനുഷിക വിഷയം എന്ന നിലയിലോ ഉള്ള സാധ്യതകളെ പൂര്‍ണമായും ഇല്ലാതാക്കാനാണ് ഇത്തരം വാര്‍ത്തകളിലൂടെ സാധിക്കുന്നത്. പ്രതിഷേധത്തിനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനുമുള്ള അവസരങ്ങളും സാമൂഹികബോധവും ഇത്തരം വാര്‍ത്തകളിലൂടെ നഷ്ടപ്പെടുന്നു. പീഡനം, ബലാത്സംഗം, പരാതിക്കാരിയുടെ പശ്ചാത്തലം, ഇന്ത്യന്‍ പീനല്‍ കോഡ്, പോലീസിന്റെ വിശദീകരണം, മുമ്പ് നടന്ന സമാനമായ സംഭവങ്ങള്‍ തുടങ്ങി പീഡനവാര്‍ത്തകളില്‍ സാധാരണ ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ പോലും ഈ നീതിനിഷേധത്തിന് കൂട്ടുനില്‍ക്കുന്നു. പീഡനം സാധാരണ ഇവിടെ നടക്കുന്നതല്ലേ എന്ന ലാഘവത്തിലേക്ക് അല്ലെങ്കില്‍ അത്തരം പ്രസ്താവനകള്‍ നടത്തുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയനേതാക്കള്‍ പറഞ്ഞതിലും കുറച്ച് ശരിയില്ലേ എന്ന അപകടകരമായ ചിന്തയിലേക്ക് പൊതുജനങ്ങളെ കൊണ്ടെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അങ്ങനെ വരുമ്പോള്‍ കശ്മീര്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതികളെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചവരും എരിവും പുളിയും ചേര്‍ത്ത് പീഡനവാര്‍ത്തകള്‍ ലൈവായി പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളും എവിടെയാണ് വ്യത്യാസപ്പെടുന്നത്?

വലിയ സാമൂഹിക വിഷയമായി ഉയര്‍ന്നുവരേണ്ട കൂട്ടബലാത്സംഗങ്ങള്‍ പോലും ഒന്നുമല്ലാതായിപ്പോകുന്നതും പ്രതികളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിടത്ത് ഇരയെക്കുറിച്ച് മാത്രം സംസാരിക്കേണ്ടി വരുന്നതും ഒട്ടും യാദൃശ്ചികമല്ല. ഇരകളെ വ്യക്തമായി കുറ്റപ്പെടുത്തുന്ന വ്യാജവാര്‍ത്തകള്‍ നിര്‍ലോഭം ലഭ്യമാകുന്ന ഒരു കാലഘട്ടത്തില്‍ ബലാത്സംഗ വാര്‍ത്തകളുടെ ഉള്ളടക്കത്തിലും വിന്യാസത്തിലും ഇനിയും പ്രകടമായ മാറ്റങ്ങള്‍ വരേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം എന്നതില്‍ നിന്ന് നമ്മുടെ എല്ലാവരുടെയും പ്രശ്‌നം എന്ന നിലയിലേക്ക് വാര്‍ത്തകള്‍ വളരണം. പോലീസ് പറയുന്നതിങ്ങനെ എന്നതിനപ്പുറം ഇരക്ക് വേണ്ടി ഇനി നമുക്ക് ചെയ്യാനുള്ളത് ഇങ്ങനെ എന്ന രീതിയിലേക്ക് നാം ചിന്തിച്ചുതുടങ്ങണം. ഇരകളുടെ വേദന വായനക്കാരിലേക്ക് പടരണം. അപ്പോള്‍ മാത്രമാണ് ആത്മാര്‍ത്ഥമായ പ്രതിഷേധങ്ങള്‍ ഉണ്ടാവുക. ഏറ്റവും ചുരുങ്ങിയത് എങ്ങനെയാണ് ഒരു ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യേണ്ടത് എന്ന് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുന്ന എഡിറ്റേഴ്‌സ് ഗില്‍ഡിലെ മാര്‍ഗനിര്‍ദേശങ്ങളെങ്കിലും വായിക്കാന്‍ മനസ്സുണ്ടാവുക.

ഇതിനിടയില്‍, നവമാധ്യമങ്ങള്‍ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത് എന്നുപറയാതെ വയ്യ. ഇരയുടെ വേദനക്കൊപ്പം നിന്നുകൊണ്ട്, പ്രതികരിക്കാനും പ്രതിഷേധിക്കാനും നവമാധ്യമങ്ങളാണ് ഒരളവോളം അവസരങ്ങള്‍ സൃഷ്ടിക്കുന്നത്. ഫേസ്ബുക്കും വാട്‌സ്ആപ്പുമൊന്നുമില്ലാത്ത ഒരു കാലത്താണ് കശ്മീര്‍ പീഡനം നടക്കുന്നതെങ്കില്‍ ചിത്രം മറ്റൊന്നായേനെ. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളും ചര്‍ച്ചകളും ഇരയോടൊപ്പം തന്നെ നില്‍ക്കാന്‍ വായനക്കാരെ സഹായിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന പല പീഡനസംഭവങ്ങളും വെളിച്ചത്തുകൊണ്ടുവരാന്‍ കഴിയുന്നു എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.