ദുബൈ ആഗോള ഗ്രാമ രാജ്യാന്തര മാധ്യമ പുരസ്‌കാരം സിറാജിന്

Posted on: April 23, 2018 4:50 pm | Last updated: April 23, 2018 at 8:58 pm
കെ എം അബ്ബാസ് പുരസ്‌കാരം സ്വീകരിക്കുന്നു

ദുബൈ: ദുബൈ ആഗോള ഗ്രാമ മാധ്യമ പുരസ്‌കാരങ്ങള്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പുത്രനും മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രൗഢ ചടങ്ങില്‍ വിതരണം ചെയ്തു. ഏഷ്യന്‍ പബ്ലിക്കേഷന്‍സ് വിഭാഗത്തില്‍ മികച്ച ആര്‍ട്ടിക്കിളിനുള്ള പുരസ്‌കാരം സിറാജ് ദിനപത്രത്തില്‍ കെ എം അബ്ബാസ് എഴുതിയ ‘സംസ്‌കാരങ്ങളുടെ സംഗമ കേന്ദ്രം ‘നേടി. 8,000 ദിര്‍ഹത്തിനു തുല്യമായ സ്വര്‍ണപ്പതക്കം ആണ് പുരസ്‌കാരം. മികച്ച കവറേജിനുള്ള പുരസ്‌കാരം മലയാള മനോരമയിലെ ജയ്മോന്‍ ജോര്‍ജ്, മികച്ച ടി വി ചാനല്‍ കവറേജിനുള്ള പുരസ്‌കാരം മീഡിയ വണ്ണിലെ എം സി എ നാസര്‍ നേടി. ദുബൈയില്‍ ആറു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ ലോകരാജ്യങ്ങളില്‍ നിന്ന് പവലിയനുകളെത്താറുണ്ട്. ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇവയില്‍ നിന്നാണ് മികച്ചവ തിരഞ്ഞെടുക്കുന്നത്.

യു എ ഇ യില്‍ ഏറ്റവും വിലപിടിപ്പുള്ള മാധ്യമ പുരസ്‌കാരങ്ങളിലൊന്നാണിത്. സിറാജ് ഗള്‍ഫ് എഡിഷനിലെ ഞായറാഴ്ചയില്‍ വന്ന ഫീച്ചറാണ് അബ്ബാസിന് പുരസ്‌കാരം നേടിക്കൊടുത്തത്. കാസര്‍കോട് ആരിക്കാടി സ്വദേശിയായ കെ എം അബ്ബാസ് കഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പ്, സഹകാരീ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.