Connect with us

Kerala

തേനിയില്‍ വാഹനാപകടം; അഴിഞ്ഞിലം സ്വദേശികളായ നാലംഗ കുടുംബം മരിച്ചു

Published

|

Last Updated

ഫറോക്ക്: തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തില്‍ ഫാറൂഖ് കോളജ് അഴിഞ്ഞിലം സ്വദേശികളായ നാലംഗ കുടുംബം മരിച്ചു. വാഴയൂര്‍ പഞ്ചായത്തില്‍ കടവ് റിസോര്‍ട്ടിനടുത്ത് അഴിഞ്ഞിലം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കളത്തില്‍തൊടി പരേതനായ കുഞ്ഞഹമ്മദിനെ മകന്‍ അബ്ദുര്‍റഷീദ് (40), ഭാര്യ റസീന (32), മകള്‍ ലാമിയ തസ്‌നി (14), മകന്‍ ബാസില്‍ റഷീദ് (12 ) എന്നിവരാണ് മരിച്ചത്.

തേനി വെത്തിലക്കുണ്ടില്‍ ഇന്നലെ രാവിലെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന ബാസിലിന്റെ ഇരട്ട സഹോദരന്‍ ഫായിസ് റഷീദിനെ (12) ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അബ്ദുര്‍റഷീദ് വര്‍ഷങ്ങളായി ചെന്നൈയില്‍ തായ് ഗ്രൂപ്പ് കമ്പനിയില്‍ മാനേജറാണ്. മക്കള്‍ക്ക് അവധിക്കാലമായതിനാല്‍ വിനോദയാത്ര ലക്ഷ്യമാക്കി കഴിഞ്ഞ മാസം 23ന് കുടുംബത്തെ ചെന്നൈയിലേക്ക് കൊണ്ടുപോയിരുന്നു. രണ്ട് ദിവസം മുമ്പ് കൊടൈക്കനാലിലേക്ക് പോയ ഇവര്‍ തിരിച്ചുവരുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു.

നാല് പേരുടെയും മൃതദേഹം ഡിണ്ടിഗല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പത്തോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകീട്ടോടെ പൊതു ദര്‍ശനം കഴിഞ്ഞ് അഴിഞ്ഞിലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. റഷീദിന്റെ മാതാവ്: ഫാത്വിമ. സഹോദരങ്ങള്‍: ജലീല്‍ (ജിദ്ദ), നഫീസ.

---- facebook comment plugin here -----

Latest