പൂട്ടിയ ത്രീസ്റ്റാര്‍ ബാറുകളും തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • പുതിയ മാര്‍ഗ നിര്‍ദേശമിറങ്ങി
  • മൂന്ന് ത്രീ സ്റ്റാര്‍ ബാറുകളും അഞ്ഞൂറ് കള്ളുഷാപ്പുകളും തുറക്കും
Posted on: March 16, 2018 7:03 pm | Last updated: March 17, 2018 at 9:53 am

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ അഞ്ഞൂറ് മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ വരുന്ന പഞ്ചായത്തുകളിലെ അടച്ചിട്ട ബാറുകള്‍ കൂടി തുറക്കാന്‍ സര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശം. കോര്‍പറേഷന്‍, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെയാണ് പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകളില്‍ കൂടി ബാറുകള്‍ തുറക്കാമെന്ന പുതിയ നിര്‍ദേശം. നിലവിലെ സെന്‍സസ്, പഞ്ചായത്ത് വകുപ്പ് രേഖകള്‍ക്ക് അനുസൃതമായി പതിനായിരത്തിന് മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരമേഖലയായി കണക്കാക്കാമെന്നാണ് ഉത്തരവ്. വിനോദസഞ്ചാര മേഖലയാണെങ്കില്‍ നിശ്ചിത ജനസംഖ്യ ഇല്ലെങ്കിലും മദ്യശാലകള്‍ തുറക്കുന്നതിന് ഇളവ് നല്‍കും. ഇതോടെ സംസ്ഥാനത്ത് അടച്ചുപൂട്ടിയ ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും കള്ളുഷാപ്പുകളും പൂര്‍ണമായി തുറക്കും.

ത്രീ സ്റ്റാര്‍ ബാറുകള്‍ അനുവദിക്കുന്നതില്‍ നഗരസ്വഭാവമുള്ള പഞ്ചായത്തുകള്‍ക്ക് ഇളവ് അനുവദിക്കാമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കിയത്. ഏപ്രില്‍ ഒന്ന് മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക. അതേസമയം, പുതിയ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പൂട്ടിയ ബാറുകള്‍ തുറക്കാനാണ് അനുമതിയെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

ദേശീയ, സംസ്ഥാന പാതയോരത്ത് അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. നഗരപാതകളെ പിന്നീട് സുപ്രീം കോടതി തന്നെ ഒഴിവാക്കി. നഗര മേഖലകളിലൂടെ കടന്നുപോകുന്ന റോഡുകളുടെ ഹൈവേ പദവി റദ്ദ് ചെയ്ത ചില സംസ്ഥാനങ്ങളുടെ നടപടി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ഈ ഇളവ് മുനിസിപ്പല്‍ മേഖലകളിലേക്കു കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളമടക്കം വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജികളില്‍ കഴിഞ്ഞ മാര്‍ച്ച് 31നും ജൂലൈ 11നും അനുകൂലമായ ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. പാതയോര മദ്യവില്‍പ്പന നിരോധത്തില്‍ നിന്ന് പഞ്ചായത്തുകളെ കൂടി ഒഴിവാക്കണമെന്ന് കാണിച്ചായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.

പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളിലും മദ്യവില്‍പ്പനശാലകള്‍ തുടങ്ങാമെന്നും ഇത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ വിധി. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നഗരസ്വഭാവമുള്ള പ്രദേശങ്ങളില്‍ മദ്യശാലകള്‍ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. സംസ്ഥാനത്തെ ദേശീയ സംസ്ഥാനപാതകള്‍ കടന്നുപോകുന്ന പഞ്ചായത്തുകളിലെ ജനസാന്ദ്രതയും ഭൂമിശാസ്ത്ര പ്രത്യേകതകളും കണക്കിലെടുത്താല്‍ പഞ്ചായത്തുകള്‍ പൊതുവില്‍ നഗരസ്വഭാവം ഉള്ളവയാണെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നടപടി.

വിനോദസഞ്ചാര മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളെ നഗരമേഖലയായി കണക്കാക്കാമെന്നാണ് പുതിയ ഉത്തരവ്. ഇതു പ്രകാരവും എല്‍ ഡി എഫ് സര്‍ക്കാറിന്റെ മദ്യനയത്തിന്റെ അടിസ്ഥാനത്തിലും സംസ്ഥാന, ദേശീയ പാതയോരങ്ങളിലുള്ള നഗരസ്വഭാവ പഞ്ചായത്തുകളില്‍ ത്രീ സ്റ്റാര്‍ സൗകര്യങ്ങളുള്ള ബാറുകള്‍ തുറക്കും. പുതിയ സാഹചര്യത്തില്‍ മൂന്ന് ബാറുകളും അഞ്ഞൂറ് കള്ളുഷാപ്പുകളും 150 ബിയര്‍- വൈന്‍ പാര്‍ലറുകളും തുറക്കാന്‍ സാഹചര്യമൊരുങ്ങുമെന്നാണ് വിലയിരുത്തല്‍.