പ്രധാനമന്ത്രിയുടെ വിദേശ യാത്ര: കൂടെ പോകുന്നവര്‍ ആര്?

പേരുകള്‍ വെളിപ്പെടുത്തണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിര്‍ദേശം
Posted on: January 29, 2018 8:56 am | Last updated: January 29, 2018 at 10:14 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളില്‍ അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘാംഗങ്ങളുടെ പേര് വിവരം വെളിപ്പെടുത്തണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍ കെ മഥൂര്‍ നിര്‍ദേശിച്ചു. ദേശീയ സുരക്ഷയുടെ ഭാഗമായി പ്രതിനിധി സംഘാംഗങ്ങളുടെ വിവരം പുറത്തുവിടാന്‍ സാധിക്കില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (പി എം ഒ) വാദം അദ്ദേഹം തള്ളി. അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും അതുമായി ബന്ധപ്പെട്ട ആളുകളുടെയും വിവരം വെളിപ്പെടുത്തുന്നതില്‍ നിന്ന് പി എം ഓവിനെ ഒഴിവാക്കിയിട്ടുണ്ട്.

വിദേശ യാത്രകളില്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്ന സര്‍ക്കാറേതര വ്യക്തികളുടെ (സുരക്ഷയുമായി ബന്ധപ്പെട്ടല്ലാത്ത) പേര് വിവരം ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കണം എന്നു തന്നെയാണ് കമ്മീഷന്റെ നിലപാടെന്ന് കമ്മീഷന് മുമ്പാകെ എത്തിയ രണ്ട് വ്യത്യസ്ത കേസുകള്‍ തീര്‍പ്പാക്കി ആര്‍ കെ മഥൂര്‍ വ്യക്തമാക്കുകയായിരുന്നു.
വിദേശ യാത്രകളില്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നവരെ കുറിച്ചുള്ള വിവരമാരാഞ്ഞപ്പോള്‍ വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് നീരജ് ശര്‍മ, അയൂബ് അലി എന്നിവരാണ് വിവരാവകാശ നിയമത്തിന്റെ പരമോന്നത കേന്ദ്രമായ മുഖ്യ വിവരാവകാശ കമ്മീഷണറെ സമീപിച്ചത്. മോദിക്കൊപ്പം വിദേശ യാത്രകളില്‍ പോകാറുള്ള സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളുടെ സി ഇ ഓമാര്‍, ഉടമകള്‍, പാര്‍ട്ണര്‍മാര്‍, സ്വകാര്യ ബിസിനസ് പ്രതിനിധികള്‍ തുടങ്ങിയവരെ കുറിച്ചുള്ള വിവരമായിരുന്നു നീരജ് ശര്‍മ തേടിയത്. പ്രധാനമന്ത്രിയുടെ ഓഫീസ്, വസതി എന്നിവക്ക് വേണ്ടിവരുന്ന ചെലവ്, അദ്ദേഹത്തെ കാണുന്നതിനുള്ള നടപടി ക്രമങ്ങള്‍, ഓഫീസിലും വസതിയിലുമായി പ്രധാനമന്ത്രി നടത്തിയ പൊതുയോഗങ്ങളുടെ എണ്ണം, പ്രധാനമന്ത്രി പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളുടെ എണ്ണം, അതിനായി സര്‍ക്കാറിന് ചെലവായ തുക എന്നീ വിവരങ്ങളാണ് അയൂബ് അലി തേടിയത്. ശര്‍മ 2017 ജൂലൈയിലും അലി 2016 ഏപ്രിലിലുമാണ് ഈ വിവരങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചത്. പക്ഷേ, ഇരുവര്‍ക്കും വ്യക്തമായ മറുപടി നല്‍കാന്‍ പി എം ഒ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇരുവരും മുഖ്യ വിവരാവകാശ കമ്മീഷണറെ സമീപിക്കുകയായിരുന്നു. അപേക്ഷ പരിഗണിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ശര്‍മയും അലിയും ആവശ്യപ്പെട്ട വിവരങ്ങള്‍ 30 ദിവസത്തിനുള്ളില്‍ അനുവദിക്കാന്‍ പി എം ഒക്ക് നിര്‍ദേശം നല്‍കി.

രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ആര്‍ ടി ഐ ആക്ടിന്റെ 8(1)(എ) വകുപ്പ് പ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന മറുപടിയാണ് നേരത്തെ തനിക്ക് പി എം ഒയില്‍ നിന്ന് ലഭിച്ചതെന്ന് ശര്‍മ കമ്മീഷന്‍ മുമ്പാകെ വ്യക്തമാക്കി. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഈ വിവരങ്ങള്‍ എല്ലാം വെബ്‌സൈറ്റില്‍ ലഭ്യമായിരുന്നുവെന്നും ശര്‍മ ചൂണ്ടിക്കാട്ടി.
മോദി നടത്തുന്ന വിദേശ യാത്രകളില്‍ സര്‍ക്കാറിന്റെ ഭാഗമല്ലാത്തവരുടെ നീണ്ട നിര തന്നെ ഉണ്ടാകാറുണ്ട്. വിദേശകാര്യ മന്ത്രിയെപ്പോലും തഴഞ്ഞ് ഇത്തരം വ്യക്തികള്‍ അനുഗമിക്കുന്നത് വിവാദമാകാറുമുണ്ട്. ഏറ്റവും ഒടുവില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ദാവോസിലെത്തിയപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിനിധി സംഘമാണ് അനുഗമിച്ചത്. റിയലയന്‍സ് മേധാവി മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി, വിപ്രോ മേധാവി അസിം പ്രേംജി, ബജാജ് ഓട്ടോയുടെ രാഹുല്‍ ബജാജ്, ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്ര ശേഖരന്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. നയതന്ത്ര ചര്‍ച്ചകളില്‍ പോലും അദാനിയെപ്പോലുള്ളവര്‍ പങ്കെടുക്കുന്നുവെന്നും ചര്‍ച്ചകളെ സ്വാധീനിക്കുന്നുവെന്നും ആക്ഷേപമുയര്‍ന്നിരുന്നു. മോദി- ശരീഫ് ജന്മദിന നയതന്ത്രത്തിന് പിറകേയും ഈ ആരോപണമുയര്‍ന്നിരുന്നു.