Connect with us

International

ട്രംപ് വംശീയവാദി: യു എന്‍

Published

|

Last Updated

റൂപ്പെര്‍ട് കോളിവില്ലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ജനീവ: കുടിയേറ്റക്കാരെയും ആഫ്രിക്കന്‍ ജനതയേയും മോശമായ രീതിയില്‍ ആക്ഷേപിച്ച ഡൊണാള്‍ഡ് ട്രംപ് വംശീയവാദിയെന്ന് യു എന്‍. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ യു എസ് പ്രസിഡന്റില്‍ നിന്ന് ഉണ്ടായ പ്രതികരണം ലജ്ജാവഹവും അമ്പരപ്പിക്കുന്നവയുമാണെന്ന് യു എന്‍ മനുഷ്യാവകാശ വക്താവ് റൂപ്പെര്‍ട് കോളിവില്ലെ വ്യക്തമാക്കി. ട്രംപ് ഉപയോഗിച്ച വാക്കുകള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തെ വംശീയവാദിയെന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനില്ലെന്ന് ജനീവയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
വെളുത്തവര്‍ഗക്കാരനല്ലാത്തവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനമില്ലെന്നാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്നും നോര്‍വെയില്‍ നിന്നുള്ള കുടിയേറ്റക്കാരെ കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശത്തില്‍ നിന്ന് അത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ട്രംപിന്റെ പരാമര്‍ശത്തിലൂടെ ലക്ഷ്യംവെക്കുന്നത് മെക്‌സിക്കക്കാരെയും മുസ്‌ലിംകളെയുമാണ്. വംശീയ വിദ്വേഷത്തിന്റെ പേരിലുള്ള നയങ്ങളെ അംഗീകരിക്കാനാകില്ല. മനുഷ്യത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള അസഭ്യവര്‍ഷമാണ് ട്രംപ് നടത്തിയത്. ഇത്തരം പ്രസ്താവനകള്‍ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കിയേക്കും. ” അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ പ്രസ്താവനക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നിന്ന് പ്രതിരോധം ഉയര്‍ന്നുകഴിഞ്ഞു. ട്രംപിന്റെ വംശീയവിദ്വേഷപരമായ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവന അങ്ങേയറ്റം ഖേദകരമാണെന്നും ചരിത്രം പഠിക്കാന്‍ അദ്ദേഹം സന്നദ്ധനാകണമെന്നും ആഫ്രിക്കന്‍ യൂനിയന്‍ വക്താവ് അറിയിച്ചു.

 

Latest