കനിവുകാട്ടാതെ അധികാരികള്‍; ആദിവാസി കുടുംബം അന്തിയുറങ്ങുന്നത് റെയില്‍വേ സ്റ്റേഷനില്‍

Posted on: January 4, 2018 8:14 am | Last updated: January 4, 2018 at 12:21 am
SHARE

കാസര്‍കോട്: കാലവര്‍ഷക്കെടുതിയില്‍ വീടും റേഷന്‍ കാര്‍ഡും അടക്കമുള്ള മുഴുവന്‍ സമ്പാദ്യവും നഷ്ടമായ ആദിവാസി കുടുംബത്തോട് കനിവ് കാട്ടാതെ അധികാരികള്‍. സര്‍വതും നഷ്ടമായി താമസിക്കാന്‍ പോലും ഇടമില്ലാതെ പെരുവഴിയിലായ ഇവര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത് റെയില്‍വേ സ്റ്റേഷനിലാണ്. നീലേശ്വരം പട്ടേന ലക്ഷംവീട് കോളനിയിലെ ചന്ദ്രനും ഭാര്യ ചെന്നിയും മാസങ്ങളായി അന്തിയുറങ്ങുന്നത് നീലേശ്വരം റെയില്‍വേ പ്ലാറ്റ്‌ഫോമിലാണ്. അന്നന്ന് കൂലിവേല ചെയ്തുകിട്ടുന്ന വരുമാനം കൊണ്ട് ഇവര്‍ ഭക്ഷണത്തിന് വക കണ്ടെത്തുന്നു. എന്നാല്‍ തലചായ്ക്കാന്‍ സ്വന്തമായി വീടില്ലെന്നുമാത്രം.

വിവാഹിതയായ മകള്‍ സന്ധ്യയും പ്രായപൂര്‍ത്തിയായ മറ്റൊരു മകള്‍ ശാന്തിയും രാത്രി വള്ളിക്കുന്നിലെ ബന്ധുവീട്ടിലാണ് കിടന്നുറങ്ങുന്നത്. ഇവിടെ എതത്രകാലം കഴിച്ചുകൂട്ടാനാകുമെന്ന് ഇവര്‍ക്കറിയില്ല.
2017 ജനുവരി ഒന്നിന് ശക്തമായ കാറ്റിലും മഴയിലും പെട്ടാണ് പട്ടേന ലക്ഷംവീട് കോളനിയിലെ ഇവരുടെ വീട് നിലംപൊത്തിയത്. കാറ്റിലും മഴയിലും മേല്‍ക്കൂര തകര്‍ന്നുവീണ വീട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പുനര്‍നിര്‍മിക്കാന്‍ ഈ കുടുംബത്തിനായിട്ടില്ല. അതിനുള്ള സാമ്പത്തിക ശേഷിയും ഇവര്‍ക്കില്ല. ചന്ദ്രന്‍ കൂലിവേല ചെയ്തുകിട്ടുന്ന തുഛമായ വരുമാനം കൊണ്ടാണ് നിര്‍ധന ആദിവാസി കുടുംബം കഴിഞ്ഞുകൂടുന്നത്. ലക്ഷംവീട് കോളനിയില്‍ ഇ എം എസ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ചന്ദ്രന് വീട് നിര്‍മിച്ചത്.
വീട് തകര്‍ന്നപ്പോള്‍ ആധാരവും റേഷന്‍കാര്‍ഡും ഉള്‍പ്പെടെ എല്ലാ വസ്തുക്കളും മഴയില്‍ കുതിര്‍ന്ന് നശിക്കുകയായിരുന്നു. കിടപ്പാടത്തിന്റെയും മറ്റും രേഖകളില്ലാത്തതിനാല്‍ നഗരസഭയില്‍ നിന്നും ഇവര്‍ക്ക് വീട് പണിയാനുള്ള ധനസഹായം കിട്ടുന്നില്ല. സ്ഥലത്തിന്റെ നികുതി അടച്ച രശീതി ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാറിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീട് പണിയാനുള്ള ധനസഹായം നല്‍കാനാകൂവെന്നാണ് നഗരസഭാ അധികൃതരുടെ മറുപടി. ആധാരമില്ലാത്തതിനാല്‍ നികുതി സ്വീകരിക്കാതെ റവന്യൂ അധികൃതരും ഈ കുടുംബത്തെ ബുദ്ധിമുട്ടിക്കുന്നു.
നഷ്ടപ്പെട്ട ആധാരത്തിന്റെ പകര്‍പ്പ് എങ്ങനെയുണ്ടാക്കണമെന്നതിനെക്കുറിച്ച് നിരക്ഷരരായ ചന്ദ്രനും ചെന്നിക്കും ഒരു ഊഹവുമില്ല. ഇതിനായി പലയിടങ്ങളിലും സഹായം അഭ്യര്‍ഥിച്ച് ഇവര്‍ ചെന്നെങ്കിലും അവഗണന മാത്രമാണ് നേരിടേണ്ടിവന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമിലെ അന്തിയുറക്കം നിര്‍ത്തി തിരിച്ചുപോകണമെന്നും ഇല്ലെങ്കില്‍ ഒഴിപ്പിക്കേണ്ടിവരുമെന്നുമാണ് റെയില്‍വേ അധികൃതര്‍ ആദിവാസി ദമ്പതികള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.