വിപണിയില്‍ വില്‍പ്പന സമ്മര്‍ദം: സൂചിക കുത്തനെ ഇടിഞ്ഞു

ഒാഹരി അവലോകനം
Posted on: December 3, 2017 11:02 pm | Last updated: December 3, 2017 at 11:02 pm

ബ്ലൂചിപ്പ് ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദം ഓഹരി സൂചികക്ക് തിരിച്ചടിയായി. നവംബര്‍ സെറ്റില്‍മെന്റ് മുന്‍ നിര്‍ത്തി ഇടപാടുകാര്‍ പൊസിഷനുകള്‍ കുറക്കാന്‍ നടത്തിയ നീക്കങ്ങള്‍ സെല്‍പ്രഷര്‍ ഉളവാക്കി. ഫണ്ടുകള്‍ക്ക് ഒപ്പം പ്രദേശിക ഇടപാടുകാരും വില്‍പ്പനകാരായത് പ്രമുഖ ഇന്‍ഡക്‌സുകളെ സമ്മര്‍ദ്ദത്തിലാക്കി. ബി എസ് ഇ സുചിക 846 പോയിന്റും നിഫ്റ്റി 267 പോയിന്റും ഇടിഞ്ഞു.

മുന്‍ നിരയിലെ 31 ഓഹരികളില്‍ 28 എണ്ണത്തിന്റെ നിരക്ക് ഇടിഞ്ഞപ്പോള്‍ മുന്ന് ഓഹരികള്‍ മികവ് കാണിച്ചു. ടാറ്റാ മോട്ടേഴ്‌സ് ഓഹരി വില ആറ് ശതമാനം ഇടിഞ്ഞപ്പോള്‍ എസ് ബി ഐ 5.93 ശതമാനം താഴ്ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ്മ, പവര്‍ ഗ്രിഡ്, ടാറ്റ സ്റ്റീല്‍, ഐ സി ഐ സി ഐ ബേങ്ക് തുടങ്ങിയവയുടെ നിരക്ക് കുറഞ്ഞു. അതേ സമയം മാരുതി സുസുക്കി, കോള്‍ ഇന്ത്യ, എന്‍ റ്റി പി സി തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു.

പിന്നിട്ട രണ്ടാഴ്ച്ചകളിലെന്നപോലെ സ്റ്റീല്‍, പൊതുമേഖല ഓഹരികള്‍ വില്‍പ്പന സമ്മര്‍ദ്ദത്തിലാണ് ഇടപാടുകള്‍ തുടങ്ങിയത്. ടെക്‌നോജി, ബേങ്കിംഗ്, ഓയില്‍ ആന്റ ഗ്യാസ്, ഓട്ടോമൊബൈല്‍, പവര്‍, എഫ് എം സി ജി, ഹെല്‍ത്ത്‌കെയര്‍, കാപ്പിറ്റല്‍ ഗുഡ്‌സ് വിഭാഗങ്ങള്‍ വില്‍പ്പനക്കാരുടെ നിയന്ത്രണത്തില്‍ തളര്‍ന്നപ്പോള്‍ റിയാലിറ്റി വിഭാഗങ്ങളില്‍ നിക്ഷേപ താത്പര്യം ദൃശ്യമായി. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 1614 കോടി രൂപയുടെ നിക്ഷേപിച്ചപ്പോള്‍ വിദേശ ഫണ്ടുകള്‍ 2772 കോടി രൂപയുടെ നിക്ഷേപം തിരിച്ചു പിടിച്ചു. വര്‍ഷാന്ത്യമായതിനാല്‍ ബാധ്യതകള്‍ വീണ്ടും കുറക്കാം.

നിഫ്റ്റി സൂചിക വാരാന്ത്യം 10,121 പോയിന്റിലാണ്. മുന്‍വാരം സൂചിപ്പിച്ച 10,442 പ്രതിരോധം ഭേദിക്കാനാവാതെ 10,404 ല്‍ സൂചിക വില്‍പ്പന സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടു. ഒരു വേള 10,108 വരെ ഇടിഞ്ഞശേഷം ക്ലോസിംഗില്‍ 10,121 പോയിന്റിലാണ്. ഈ വാരം സപ്പോര്‍ട്ട് 10,018-9915 ലാണ്. തിരിച്ചു വരവ് അനുഭവപ്പെട്ടാല്‍ 10,314-10,507 ലെ പ്രതിരോധത്തിലേക്ക് ഉയരാം.

ബി എസ് ഇ സുചിക വാരാരംഭത്തില്‍ 33,733 പോയിന്റ് വരെ ഉയര്‍ന്ന ശേഷം മാര്‍ക്കറ്റ് ക്ലോസിംഗില്‍ സൂചിക 32,832 ലാണ്. ഈ വാരം സെന്‍സെക്‌സിന്റെ താങ്ങ് 32,508-32,184 പോയിന്റിലാണ്. താഴ്ന്ന റേഞ്ചില്‍ പുതിയ നിക്ഷേപങ്ങള്‍ക്കുള്ള സാധ്യതകള്‍ വിപണിയെ 33,444- 34,056 ലേക്കും ഉയരാം.

റിസര്‍വ് ബേങ്ക് വാരമധ്യം വായ്പ്പാ അവലോകനം നടത്തും. പലിശ നിരക്കുകളില്‍ ദേഭഗതികള്‍ക്ക് ഇടയുണ്ട്. പോയവാരം ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങി. ബി എസ് ഇ യില്‍ 21,385 കോടി രൂപയുടെ ഇടപാടുകള്‍ നടന്നു. എന്‍ എസ് ഇ യില്‍ വ്യാപാരം 1,66,518 കോടി രൂപയാണ്.

വിനിമയ വിപണിയില്‍ അമേരിക്കന്‍ ഡോളറിന് മുന്നില്‍ രൂപയുടെ മുല്യം 32 പൈസ മെച്ചപ്പെട്ടു. 64.70 ല്‍ ഇടപാടുകള്‍ തുടങ്ങിയ രൂപ വാരാന്ത്യം 64.47 ലാണ്.
ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ പലരും നേരിയ റേഞ്ചില്‍ വാരാന്ത്യം ചാഞ്ചാടി. യുറോപ്യന്‍ ഓഹരി സൂചികളില്‍ വാരാന്ത്യം അനുഭവപ്പെട്ട തളര്‍ച്ച യു എസ് മാര്‍ക്കറ്റുകളെ തളര്‍ത്തി.