Connect with us

Gulf

നാം സാങ്കേതികവിദ്യാ വിപ്ലവത്തിന്റെ വഴിയില്‍: ശൈഖ് മുഹമ്മദ്‌

Published

|

Last Updated

ദുബൈ: നമ്മുടെ വ്യാപാരങ്ങളിലും സേവനങ്ങളിലും ജീവിതത്തിലുടനീളവും നാം സാങ്കേതികവിദ്യാവിപ്ലവത്തിന്റെ വഴിയിലാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രസ്താവിച്ചു. ഇന്നലെ ദുബൈയില്‍ ആരംഭിച്ച മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനമായ ജൈറ്റക്‌സ് മേളയിലാണ് ഇങ്ങനെ പ്രസ്താവിച്ചത്.

റോബോര്‍ട്ടുകള്‍, കൃത്രിമബുദ്ധി, ഇന്റെര്‍നെറ്റ് എന്നിവ കൂടുതല്‍ സ്മാര്‍ടായ നഗരങ്ങളെ സൃഷ്ടിക്കുന്നുവെന്നും എളുപ്പമുള്ള ജീവിത വഴികളെ തുറന്നുതരുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ജൈറ്റക്‌സ് സന്ദര്‍ശിച്ച ശേഷം തന്റെ അനുഭവങ്ങള്‍ ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ വിശദീകരിച്ചു. അനുഭവങ്ങളുടെ ആമുഖം ശൈഖ് മുഹമ്മദ് കുറിച്ചിട്ടതിങ്ങനെ; ജൈറ്റക്‌സ് വീക്ക് സന്ദര്‍ശിക്കാന്‍ ഇന്നെനിക്ക് ഭാഗ്യമുണ്ടായി. 71 രാജ്യങ്ങളില്‍ നിന്ന് 4,000 ലധികം സ്ഥാപനങ്ങള്‍. നമ്മുടെ സ്ഥാപനങ്ങള്‍ക്കും സമൂഹത്തിനും നഗരത്തിനും അത്ഭുതകരമായ ഭാവിയുടെ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്നതായിരുന്നു സാങ്കേതിക പ്രദര്‍ശനമേള. നാം സാങ്കേതിക വിദ്യാ രംഗത്ത് വലിയൊരു വിപ്ലവത്തിന്റെ പാതയിലാണ്. റോബോട്ടുകളും കൃത്രിമബുദ്ധിയും ഇന്റര്‍നെറ്റുമെല്ലാം ചേര്‍ന്ന ഏറ്റവും സ്മാര്‍ടായ നഗരമാക്കി മാറ്റുന്നു. ജീവിത സാഹചര്യങ്ങളെ കൂടുതല്‍ എളുപ്പമുള്ളതുമാക്കും.”

ജൈറ്റക്‌സ് കാണാനെത്തിയ ശൈഖ് മുഹമ്മദ് നഗരിയിലെ ലോകോത്തര ബ്രാന്‍ഡുകളുടെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. പ്രദര്‍ശനങ്ങളുടെ വിശദവിവരം ഉദ്യോഗസ്ഥരില്‍ നിന്ന് ചോദിച്ചറിഞ്ഞു. മൈക്രോ സോഫ്റ്റ് ഇന്റര്‍നാഷണലിന്റെ സ്റ്റാള്‍ സന്ദര്‍ശിച്ച ശൈഖ് മുഹമ്മദ്, സാങ്കേതികവിദ്യയുടെ മേഖലയില്‍ കമ്പനി അവസാനം എത്തിനില്‍ക്കുന്നതെവിടെയെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം ശ്രവിച്ചു.

സാങ്കേതികത ലോകത്തെ പ്രമുഖരും ഭീമന്‍മാരുമായ ഡീല്‍ ഇലക്‌ട്രോണിക്, ഒറകിള്‍ എന്നിവ സന്ദര്‍ശിച്ച ശേഷം ദുബൈ ഗവണ്‍മെന്റിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും സ്റ്റാളുകളും സന്ദര്‍ശിച്ചു. ഇത്തിസലാത്ത് സിലിക്കോണ്‍ ഒയാസിസ്, സഊദി ഇത്തിസലാത്ത്, ദുബൈ പോലീസ് തുടങ്ങിയവയുടെ സ്റ്റാളുകളാണ് ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചത്. ദുബൈ പോലീസിന്റെ “സ്മാര്‍ട് സെന്റര്‍” സന്ദര്‍ശിച്ച ശൈഖ് മുഹമ്മദിന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖലീഫ അബ്ദുല്ല അല്‍ മര്‍റി സെന്ററിന്റെ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ചുകൊടുത്തു. പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഇത്തരം സ്മാര്‍ട് സെന്ററുകളില്‍ ദുബൈയുടെ മുഴുവന്‍ ഭാഗങ്ങളിലും സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും അല്‍ മര്‍റി വിശദീകരിച്ചു.
ദുബൈ പ്രോട്ടോകോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍, മേജര്‍ ജനറല്‍ ഹുമൈദ് ബില്‍ഹുല്‍ അല്‍ ഫലാസി, ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ എക്‌സി. ചെയര്‍മാന്‍ ഹിലാല്‍ സഈദ് അല്‍മര്‍റി തുടങ്ങിയ പ്രമുഖരും ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.

 

Latest