‘കസ്റ്റഡിയിലെടുത്തപ്പോഴുള്ള സെല്‍ഫി’ എന്നും പറഞ്ഞ് പ്രചരിക്കുന്ന ചിത്രം വ്യാജം

Posted on: July 12, 2017 4:26 pm | Last updated: July 12, 2017 at 4:28 pm
SHARE

കൊച്ചി: കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ പഴയൊരു സെല്‍ഫി പ്രയാസത്തിലാക്കിയ രണ്ട് പൊലീസുകാരുണ്ട്. സോഷ്യല്‍മീഡിയയില്‍ ‘കസ്റ്റഡിയിലെ സെല്‍ഫി’ എന്നും പറഞ്ഞ് പ്രചരിക്കുന്ന ഈ സെല്‍ഫി ഇരിങ്ങാലക്കുട സ്റ്റേഷനിലെ സിപിഒ അരുണ്‍ സൈമണ്‍ എന്നയാളും മറ്റൊരു പൊലീസുകാരനും ദിലീപിനൊപ്പം നില്‍ക്കുന്നതാണ്.

നീല ഷര്‍ട്ടിട്ട് ദിലീപ് രണ്ട് പൊലീസുകാര്‍ക്കൊപ്പം നില്‍ക്കുന്നതാണ് സെല്‍ഫി. ഇതേ നീല ഷര്‍ട്ട് ധരിച്ചാണ് ദിലീപിനെ പൊലീസ് ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോയത്. ഇതോടെയാണ് ഫോട്ടോ വൈറലായത്. നിരവധി ഗ്രൂപ്പുകളില്‍ ഈ ചിത്രം പ്രചരിക്കുന്നുണ്ട്. ദിലീപിന് കസ്റ്റഡിയില്‍ ലഭിക്കുന്ന വി.ഐ.പി. പരിഗണനയായും കേസില്‍ നിന്ന് ദിലീപ് എളുപ്പത്തില്‍ രക്ഷപ്പെടും എന്നതിന്റെ സൂചനയായും വ്യാഖ്യാനിച്ചാണ് ഈ ഫോട്ടോ പ്രചരിപ്പിക്കപ്പെട്ടത്. ഇതോടെ ഫോട്ടോയിലുള്ള പൊലീസുകാരിലൊരാളായ അരുണ്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

ഇരിങ്ങാലക്കുട പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് അരുണ്‍. അത് ദിലീപ് കസ്റ്റഡിയിലുള്ളപ്പോള്‍ എടുത്തതല്ല, ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിന് ദിലീപ് വന്നപ്പോള്‍ എടുത്ത ഫോട്ടോയാണെന്ന് അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.