ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ആഗസ്റ്റ് അഞ്ചിന്

Posted on: June 29, 2017 12:17 pm | Last updated: June 29, 2017 at 6:42 pm

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ആഗസ്റ്റ് അഞ്ചിന് നടക്കും. അന്നുതന്നെ ഫലപ്രഖ്യാപനവും നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അസീം സെയ്ദി അറിയിച്ചു.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജൂലൈ നാലിന് പുറത്തിറക്കും. പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി ജൂലൈ 18നും, സൂക്ഷ്മ പരിശോധന ജൂലൈ 19നും, പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 21നും ആയിരിക്കും. വോട്ടെടുപ്പ് ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മണിമുതല്‍ വൈകീട്ട് അഞ്ച് വരെ. അന്നുതന്നെ ഫലപ്രഖ്യാപനവും നടത്തും. ആഗസ്റ്റ് 11ന് പുതിയ ഉപരാഷ്ട്രപതി ചുമതലയേല്‍ക്കും.

നിലവിലെ രാഷ്ട്രപതിയായ ഹമീദ് അന്‍സാരിയുടെ കാലാവധി ആഗസ്റ്റ് 10നാണ് അവസാനിക്കുന്നത്. 2007 ആഗസ്റ്റില്‍ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റ അദ്ദേഹം, 2012ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പേരുകളൊന്നും ഇതുവരെ ഉയര്‍ന്നിട്ടില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് ജൂലൈ 17നാണ്. 20ന് വോട്ടെണ്ണല്‍ നടക്കും.