Connect with us

Malappuram

ആത്മീയ പ്രഭയില്‍ പ്രശോഭിച്ച് മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദ്‌

Published

|

Last Updated

മലപ്പുറം: വിശുദ്ധ റമസാനിലെ ദിനരാത്രികളില്‍ വിശ്വാസികള്‍ക്ക് കുളിര് പകര്‍ന്ന് ആത്മീയ പ്രഭയില്‍ പ്രശോഭിച്ച് നില്‍ക്കുകയാണ് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ്.
പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന പുണ്യമാസം സമാഗതമായതോടെ ഗ്രാന്റ്മസ്ജിദിന്റെ വാതിലുകളടഞ്ഞിട്ടില്ല. ആത്മീയ വചനങ്ങളുടെ നിലക്കാത്ത പ്രവാഹമാണ് ഇവിടെ എപ്പോഴും. പ്രപഞ്ചനാഥന്റെ അനുഗ്രഹം തേടി ഇവിടുത്തെ ഇഅ്തികാഫ് ജല്‍സയിലൂടെ ആത്മ നിര്‍വൃതിയടയുന്നത് നിരവധി വിശ്വാസികളാണ്. ഖുര്‍ആന്‍ വചനങ്ങള്‍ ഉരുവിട്ടും സ്വലാത്ത്-ദിക്‌റുകള്‍ ചൊല്ലിയും നാഥനിലേക്കടുക്കയാണിവര്‍.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രായഭേദമന്യേ വയോജനങ്ങളും യുവാക്കളും കുട്ടികളുമടക്കം ഗ്രാന്റ് മസ്ജിദില്‍ ഇഅ്തികാഫിന് എത്തിച്ചേരുന്നു. പൂര്‍വ്വികര്‍ ആരാധനകളില്‍ വളരെ പ്രാമുഖ്യം കല്‍പ്പിച്ചിരുന്ന ഇഅ്തികാഫ് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ വളരെ പ്രാധാന്യത്തോടെയാണ് നടക്കുന്നത്. തീരദേശവാസികള്‍, ഡ്രൈവര്‍മാര്‍, വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ക്കായി ഓരോ ദിവസവും പ്രത്യേക തസ്‌കിയത്ത് ക്യാമ്പുകളും ആത്മീയ മജ്‌ലിസുകളും ഇവിടെ ഒരുക്കിയിരുന്നു. പരകോടി പുണ്യംലഭിക്കുന്ന വിശുദ്ധമാസത്തിന്റെ പവിത്രമായ നിമിഷങ്ങള്‍ അല്ലാഹുവിന്റെ ഭവനത്തില്‍ ചെലവഴിക്കുന്നതിന്റെ ആനന്ദം ജല്‍സയില്‍ പങ്കെടുക്കുന്നവരുടെ മുഖത്ത് കാണാം. മതപഠന ക്ലാസുകളും ആത്മീയ സംഗമങ്ങളുമാണ് ഇഅ്തികാഫ് ജല്‍സക്കെത്തുന്നരെ ഏറെ ആകര്‍ഷിക്കുന്നത്.
പ്രമുഖ പണ്ഡിതരുടെ ഹ്രസ്വവും ഗഹനവുമായ ക്ലാസുകള്‍ ഇസ്‌ലാമിന്റെ ആത്മീയവും കര്‍മശാസ്ത്രപരവും ധൈഷണികവുമായ വശങ്ങളെ സ്പര്‍ശിക്കുന്ന നിരവധി വിഷയങ്ങളിലൂടെ കടന്നുപോകുന്നു. വിവിധ വിഷയങ്ങളില്‍ സംശയനിവാരണത്തിനും അവസരം നല്‍കുന്നു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുടെ സാന്നിധ്യത്തിലുള്ള വിവിധ ആത്മീയ മജ്‌ലിസുകളും ഇഅ്തികാഫ് ജല്‍സക്കെത്തുന്നവര്‍ക്ക് ആവേശം പകരുന്നു.
അവസാന പത്തായതോടെ ആളുകളുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. കൃത്യമായ സമയക്രമവും വ്യവസ്ഥാപിതമായ ക്ലാസ് അനുബന്ധ പ്രവര്‍ത്തനങ്ങളുമുള്ളതിനാല്‍ ഇത് ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളാണെന്ന് ഇഅ്തികാഫ് ജല്‍സക്കെത്തുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. അത്താഴവും മുത്താഴവും നോമ്പുതുറയുമെല്ലാം ഇവര്‍ക്ക് മഅ്ദിന്‍ ക്യാമ്പസില്‍ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.