Connect with us

Kerala

പ്രകടനപത്രികയിലെ ഭൂരിഭാഗം പദ്ധതികളും ആരംഭിച്ചതായി പ്രവര്‍ത്തന റിപ്പോര്‍ട്ട് കോഴിക്കോട്

Published

|

Last Updated

എല്‍ ഡി എഫ് പ്രകടനപത്രികയിലെ ശ്രദ്ധേയമായ 35 ഇന കര്‍മ പരിപാടികളില്‍ ഭൂരിഭാഗത്തിനും ഒരു വര്‍ഷം കൊണ്ട് തന്നെ തുടക്കമിട്ടതായി സര്‍ക്കാറിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. വലിയ അവകാശ വാദങ്ങള്‍ ഇല്ലാതെ ഏറെക്കുറെ കുറ്റമറ്റ പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ചില പദ്ധതികള്‍ തുടങ്ങിയപ്പോള്‍ മറ്റ് ചിലതില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാനായതായി പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പുതിയ തൊഴില്‍ സാധ്യത അടക്കമുള്ള ചില വിഷയങ്ങളില്‍ കൃത്യമായ കണക്കുകള്‍ റിപ്പോര്‍ട്ടില്‍ ഇല്ല. കൂടാതെ സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ജലപാതകള്‍, തീരദേശ പാക്കേജ് തുടങ്ങിയ വിഷയങ്ങളില്‍ കാര്യമായ ഒരു പ്രവര്‍ത്തനവും കഴിഞ്ഞ ഒരു വര്‍ഷത്തിനകം നടന്നില്ല എന്നതും ശ്രദ്ധേയമാണ്.

അഞ്ച് വര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും ഐ ടി, ടൂറിസം മേഖലകളില്‍ പത്ത് ലക്ഷം പുതിയ തൊഴിലവസരം ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ 2,13745 പേര്‍ക്ക് ഒരു വര്‍ഷത്തിനകം തൊഴില്‍ നല്‍കാന്‍ സാധിച്ചു. ഐ ടി അനുബന്ധ മേഖലകളിലെ കണക്കുകള്‍ ലഭ്യമായിട്ടില്ല. വൈകാതെ പൂര്‍ത്തായികുന്ന ആധുനിക വ്യവസായ മേഖലകളില്‍ 4,58000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. പി എസ് സി വഴി 36047 പേര്‍ക്ക് തൊഴില്‍ നല്‍കി. മുഴുവന്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മണ്ണന്തലയില്‍ പ്രത്യേക പരിശീലന കേന്ദ്രം ആരംഭിച്ചു.
കേരളത്തിലെ ഐ ടി പാര്‍ക്കുകളുടെ വിസ്തൃതി 1.3 കോടി ചതുരശ്ര അടിയില്‍ നിന്ന് 2.3 കോടിയായി വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഒരു വര്‍ഷത്തിനകം വിവിധ ഐ ടി പാര്‍ക്കുകളിലായി 17 ലക്ഷം ചതുരശ്രി അടി അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചു. മുന്‍സര്‍ക്കാറിന്റെ മദ്യ നിരോധനം സൃഷ്ടിച്ച പ്രതിസന്ധിക്ക് ഇടയിലും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 60940 പേര്‍ കൂടുതലായി എത്തി. പൊതുമേഖല സ്ഥാപനങ്ങളുട മൊത്തം നഷ്ടം 2015- 16ല്‍ 131.60 കോടി രൂപയായിരുന്നു. ഒരു വര്‍ഷം കൊണ്ട് ഇത് 71.34 കോടിയായി കുറക്കാന്‍ കഴിഞ്ഞു.
പ്രകൃതി വാതക പൈപ്പ് ലൈന്‍ പുനരുജ്ജീവിപ്പിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ പൈപ്പ്‌ലൈന്‍ ഇട്ടുതുടങ്ങി. കര്‍ഷക പെന്‍ഷനില്‍ മുന്‍സര്‍ക്കാര്‍ വരുത്തിയ 22 മാസത്തെ 151.4 കോടി രൂപ വിതരണം ചെയ്തു.
വിഴിഞ്ഞം ഹാര്‍ബര്‍ ഡ്രഡ്ജിങ്ങും കര വീണ്ടെടുക്കലും 40 ശതമാനം പൂര്‍ത്തിയാക്കി. ഇതില്‍ 35 ശതമാനവും ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് നടന്നത്. കണ്ണൂര്‍ വിമാനത്താവളം റണ്‍വേ 4000 മീറ്ററാക്കി വലുപ്പം കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി. കൊച്ചി മെട്രോ 11 സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജം. സൗരവൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ പാനലുകള്‍ സ്ഥാപിക്കല്‍ തുടങ്ങി. വെള്ളത്തൂവല്‍ പതങ്കയം, പെരുന്തേനരുവി ജലവൈദ്യുത പദ്ധതികള്‍ കമ്മീഷന്‍ ചെയ്തു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുടങ്ങിക്കിടന്ന പള്ളിവാസല്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട തുടങ്ങിയ പദ്ധതികള്‍ പുനരാരംഭിച്ചു.
പൂട്ടിക്കിടന്ന 40 കശുവണ്ടി ഫാക്ടറികള്‍ തുറന്നു. 18000 പേര്‍ക്ക് മേഖലയില്‍ ജോലി ലഭിച്ചു. കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനായി എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം വിതരണം നടത്തി. കയറിന്റെ ബജറ്റ് വിഹിതം ഇരട്ടിയാക്കി. കയറുത്പന്ന സംഭരണത്തില്‍ 20 ശതമാനം വര്‍ധനവ് ഉണ്ടായില്ല. റോഡ് വികസന വിഷയത്തില്‍ ദേശീയപാത വികസനം 45 മീറ്ററാക്കി ആറ് വരിയാക്കാന്‍ തീരുമാനം എടുത്തു. കാസര്‍കോട് മുതല്‍ കോഴിക്കോട് വരെയുള്ള ഭൂമിയെടുപ്പ് അന്തിമ ഘട്ടത്തിലാക്കി. 1170 കോടി രൂപയുടെ 579 റോഡ് പദ്ധതികള്‍ പുരോഗമിക്കുന്നതായും പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. ശുചിത്വകേരളം എന്ന ഉറപ്പിനായി ഹരിതകേരളം മിഷന്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. 2,02,178 പുതിയ ശൗചാലയങ്ങള്‍ നിര്‍മിച്ചു. ഭൂരഹിതര്‍ക്ക് പാര്‍പ്പിടം എന്ന വാഗ്ദാനം നടപ്പാക്കുന്നതിനായി ലൈഫ് മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കുമെന്ന് പറഞ്ഞിരുന്നു. ഇതില്‍ 2017- 18നുള്ളില്‍ 45000 ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ഹൈടെക് ആക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
എന്നാല്‍ പ്രകടപത്രകയില്‍ പറഞ്ഞ ആയുര്‍വേദ സര്‍വകലാശാല, കുടുംബശ്രീയെ ഗ്രാമസഭകളുടെ ഉപഘടകങ്ങളാക്കല്‍, കുടുംബശ്രീക്ക് നാല് ശതമാനം പലിശക്ക് വായ്പ, പ്രവാസി വികസനനിധി, പരമ്പരാഗത വ്യവസായങ്ങള്‍ക്കായി പ്രത്യേക വകുപ്പ്, നെല്‍വയലുകള്‍ക്ക് റോയല്‍റ്റി നല്‍കല്‍ തുടങ്ങിയ വാഗ്ദാനങ്ങളില്‍ ഒരു നടപടിയും ഒരു വര്‍ഷത്തിനകം സര്‍ക്കാറിന് തുടങ്ങാനും കഴിഞ്ഞിട്ടില്ല.