അഴിമതിവിരുദ്ധതയോ രാഷ്ട്രീയ പകപോക്കലോ?

Posted on: May 19, 2017 6:51 am | Last updated: May 18, 2017 at 11:53 pm

അനധികൃത ഇടപാട്, സ്വത്തു സമ്പാദന ആരോപണത്തെ തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രിമാരായ പി ചിദംബരത്തിന്റെയും ലാലുപ്രസാദ് യാദവിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുകയുണ്ടായി. എന്‍ എക്‌സ് മീഡിയ കമ്പനിക്കെതിരെയുള്ള റവന്യൂ വകുപ്പിന്റെ അഴിമതി അന്വേഷണം ഒഴിവാക്കുന്നതിന് 2008-ല്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി പത്ത് ലക്ഷം കൈപ്പറ്റിയെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചിദംബരത്തിന്റെ ജന്മസ്ഥലമായ കാരൈക്കുടിയിലും വീട്ടിലുമുള്‍പ്പെടെ 14 ഇടങ്ങളില്‍ സി ബി ഐ പരിശോധന നടത്തിയത്. യു പി എ മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരിക്കുമ്പോള്‍ ആയിരം കോടിയുടെ ബിനാമി ഇടപാട് നടത്തിയെന്നാണ് ലാലുപ്രസാദ് യാദവിന്റെ പേരിലുള്ള ആരോപണം. ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് മെയ് 12ന് വാര്‍ത്താസമ്മേളനത്തില്‍ ഇതേക്കുറിച്ചു അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ലാലുവിന്റെ മകളും രാജ്യസഭാ എം പിയുമായ മിസാ ഭാരതി സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചതായും പ്രസാദ് ആരോപിക്കുകയുണ്ടായി. ഇതടിസ്ഥാനത്തിലാണ് ഡല്‍ഹി, ഗുരുഗ്രാമം, റെവാരി എന്നിവിടങ്ങളിലെ ലാലുവുമായി ബന്ധമുള്ള പ്രമുഖ വ്യവസായികളുടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെയും രാഷ്ട്രീയ ജനതാദള്‍ എം പിയുടെ മകന്‍ പി സി ഗുപ്തയുടെ വീട്ടിലും പരിശോധന നടന്നത്.

അഴിമതിനിര്‍മാര്‍ജന ലക്ഷ്യത്തില്‍ നടക്കുന്ന ഏത് അന്വേഷണവും പരിശോധനകളും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കാലിത്തീറ്റ കേസ് ഉള്‍പ്പെടെ ലാലുവിന്റെ പേരില്‍ ഒട്ടേറെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കാലിത്തീറ്റ അഴിമതിക്കേസില്‍ ലാലുവിനെ കുറ്റവിമുക്തനാക്കിയ ഝാര്‍ക്കണ്ഡ് ഹൈക്കോടതി വിധി പ്രസ്താവം കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കുകയുമുണ്ടായി. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന ചിദംബരത്തിന്റെ അധികാരപദവി ഉപയോഗപ്പെടുത്തി മകന്‍ കാര്‍ത്തി ചിദംബരം അനധികൃത സ്വത്തുസമ്പാദനം നടത്തിയിട്ടുണ്ടെങ്കില്‍ അതിനെതിരെയും ശക്തമായ നടപടി അനിവാര്യമാണ്. എന്നാല്‍ ഇവര്‍ രണ്ട് പേരോ പ്രതിപക്ഷ നേതാക്കളോ മാത്രമല്ല രാജ്യത്ത് അഴിമതിയാരോപണങ്ങളെ അഭിമുഖീകരിക്കുന്നത്. ഐ പി എല്‍ വിവാദനായകന്‍ ലളിത് മോദിയുമായി കേന്ദ്രമന്ത്രി സുഷമാ സ്വരാജിനും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കും വസുന്ധരയുടെ മകനും ബി ജെ പി എംപിയുമായ ദുഷ്യന്ത് സിംഗിനുമുള്ള അവിശുദ്ധ ബന്ധങ്ങള്‍ പുറത്തു വരികയും അതെക്കുറിച്ചു അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെ ഉള്‍പ്പെടെ വേറെയും നിരവധി ബി ജെ പിനേതാക്കളും അഴിമതിയാരോപണത്തിന് വിധേയരായിട്ടുണ്ട്.

ഈ ആരോപണങ്ങളിലൊന്നും അന്വേഷണത്തിനോ റെയ്ഡിനോ മുതിരാതെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ മാത്രം അന്വേഷണവും റെയ്ഡും നടത്തുമ്പോള്‍ അതിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ സംശയിക്കപ്പെടുക സ്വാഭാവികമാണ്.
നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനാണ് ചിദംബരം. മോദിയുടെ നോട്ട് നിരോധനത്തിന് പിന്നില്‍ വന്‍അഴിമതിയുണ്ടെന്നും അതിന്റെ ഉള്ളറകളെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ചിദംബരത്തിന്റെ വിമര്‍ശങ്ങള്‍ മോദിയെയും സര്‍ക്കാറിനെയും വല്ലാതെ അലോസരപ്പെടുത്തിയതുമാണ്. ലാലുപ്രസാദ് യാദവും മോദിയുടെയും സംഘ്പരിവാറിന്റെയും കണ്ണിലെ കരടാണ്. കഴിഞ്ഞ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ തറപറ്റിച്ച വിശാല സഖ്യത്തിന് മുന്‍കൈയെടുത്ത നേതാവെന്ന നിലയിലും ബി ജെ പിക്ക് അദ്ദേഹത്തോട് കടുത്ത രാഷ്ട്രീയ ശത്രുതയുണ്ട്. രാഷ്ട്രീയ വിരോധികളെ നിശ്ശബ്ദരാക്കാന്‍ നിയമ നടപടികളില്‍ തളച്ചിടുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പതിവാണ്. 2015 ഡിസംബറില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ നടന്ന സി ബി ഐ റെയ്ഡ് മറക്കാറായിട്ടില്ല.
മലീമസമാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇന്ന്. എതിരാളികളെ ആദര്‍ശാധിഷ്ടീതമായി നേരിടുന്നതിന് പകരം വ്യക്തിഹത്യ, വ്യാജ ആരോപണങ്ങള്‍, കേസുകള്‍, അക്രമം തുടങ്ങിയ മാര്‍ഗങ്ങളാണ് എല്ലാവരും പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പ്രതിരോധത്തിലാക്കാന്‍ കാലഹരണപ്പെട്ട കേസുകള്‍ പോലും പൊടിതട്ടിയെടുക്കുന്നു.

അഴിമതി വിരുദ്ധ നിയമങ്ങളും സി ബി ഐയെ പോലെയുള്ള അന്വേഷണ ഏജന്‍സികളെയും പകപോക്കല്‍ രാഷ്ട്രീയത്തിനുള്ള ആയുധങ്ങളാക്കി ഉപയോഗിക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഭരണത്തിലിരിക്കുന്നവരുടെ ഗുരുതരമായ അഴിമതികള്‍ക്കും സാമ്പത്തിക ക്രമക്കേടുകള്‍ക്കും സ്വഭാവ ദൂഷ്യങ്ങള്‍ക്കും നേരെ കണ്ണടക്കുന്നു. ഇതിനിടയില്‍ അഴിമതി തഴച്ചുവളരുകയാണ്. മാത്രമല്ല ജനങ്ങള്‍ക്ക് രാഷ്ട്രീയത്തിലുള്ള വിശ്വാസം നഷ്ടമാകാനും അരാഷ്ട്രീയ ചിന്താഗതി വളരാനും ഇതിടയാക്കുന്നുണ്ട്. മാവോയിസം പോലെയുള്ള പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കും രാഷ്ട്രീയത്തിലെ ജീര്‍ണതകളാണ് വലിയൊരളവോളം കാരണം.