കോടതിക്ക് പുറത്ത് ഫാസിസം നഖംകൂര്‍പ്പിക്കുന്നുണ്ട്‌

ഉത്തര്‍ പ്രദേശില്‍ കൂടി ബി ജെ പി അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ കോടതിക്ക് പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ ഏകപക്ഷീയമാകാനുള്ള സാധ്യത ഏറെയാണ്. അത്തരമൊരു ചര്‍ച്ചക്ക് അരങ്ങൊരുങ്ങിയാല്‍ അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് എതിരാളികളെ നിശ്ശബ്ദരാക്കാന്‍ സംഘപരിവാരത്തിന് പ്രയാസമുണ്ടാകില്ല. ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയോ അതിനൊപ്പം നില്‍ക്കുന്ന മുസ്‌ലിം സംഘടനകളോ നിശ്ശബ്ദരാക്കപ്പെടുകയാണെങ്കില്‍ അത് രാജ്യത്തെ പതിനഞ്ച് ശതമാനം വരുന്ന ജനതക്ക് ഇന്ത്യന്‍ യൂനിയനെന്ന ജനാധിപത്യ, മതനിരപേക്ഷ സംവിധാനത്തിലുള്ള വിശ്വാസത്തെയാണ് ബാധിക്കുക. അതേക്കുറിച്ച് ഓര്‍ക്കേണ്ട ഉത്തരവാദിത്തമുണ്ട് ഉയര്‍ന്ന ന്യായാസനങ്ങളെ അലങ്കരിക്കുന്നവര്‍ക്ക്. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകളെ വര്‍ഗീയമായി ഉപയോഗപ്പെടുത്താന്‍ സര്‍വാധികാരം അനുഭവിക്കുന്നവര്‍ ശ്രമിക്കും. അത് അന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കുകയും ചെയ്യും. ആയതിനാല്‍ പരമോന്നത കോടതിയുടെ നിര്‍ദേശത്തെ, അതിനോടുള്ള സകല ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് നിഷേധിക്കലാണ് ഇപ്പോഴത്തെ കടമ.
Posted on: March 22, 2017 6:00 am | Last updated: March 22, 2017 at 12:46 am

സിവില്‍ വ്യവഹാരങ്ങള്‍ക്ക് കോടതിക്ക് പുറത്തുള്ള ചര്‍ച്ചകളിലൂടെ പരിഹാരം കാണുന്നത് പുതുമയുള്ള സംഗതിയല്ല. ചര്‍ച്ചകളിലൂടെയുള്ള പരിഹാരമെന്ന ആശയത്തെ വ്യവഹാരത്തിലുള്‍പ്പെട്ടവര്‍ പൂര്‍ണ മനസ്സോടെ അംഗീകരിക്കുകയാണെങ്കിലേ ഈ ശ്രമത്തിന് സാംഗത്യമുള്ളൂ. അവ്വിധമുള്ള പരിഹാരമോ അതിനുള്ള ശ്രമമോ ഏതെങ്കിലും വിഭാഗത്തിന് നീതി നിഷേധിക്കുന്നുണ്ടോ എന്നത് പ്രത്യേകം പരിഗണിക്കുകയും വേണം. അപ്പോള്‍ മാത്രമേ നീതിന്യായ സംവിധാനം ജനാധിപത്യപരമായി പ്രവര്‍ത്തിച്ചുവെന്ന് പറയാനാകൂ. കോടതിക്ക് പുറത്തുള്ള പരിഹാരമെന്ന നിര്‍ദേശം എന്ത് കാരണങ്ങളാലാണ് മുന്നോട്ടുവെക്കപ്പെടുന്നത് എന്നതും പ്രധാനമാണ്.

ബാബരി മസ്ജിദ് നിലനിന്ന ഭൂമി രാമന്റെ ജനന സ്ഥലമാണെന്ന് അവകാശപ്പെട്ട് സംഘ്പരിവാരം തുടക്കമിട്ട തര്‍ക്കത്തില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമ നടപടിക്രമങ്ങള്‍ക്ക് ശേഷം അലഹാബാദ് ഹൈക്കോടതി വിധി പറഞ്ഞിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത്, സംഘ്പരിവാരം സ്ഥാപിച്ച താത്കാലിക ക്ഷേത്രം രാമന്‍ ജനിച്ച സ്ഥലമാണെന്ന വിശ്വാസത്തെ ശരിവെക്കുകയും മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി ഭാഗിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നതായിരുന്നു വിധി. ഒരു ഭാഗം വഖ്ഫ് ബോര്‍ഡിനും ഒരു ഭാഗം നിര്‍മോഹി അഖാരക്കും ഒരു ഭാഗം രാം ലല്ലയ്ക്കും (ശിശുവായ രാമന്‍) എന്ന് ഹൈക്കോടതി വിധി വ്യവസ്ഥ ചെയ്തു. രാമന്‍ ജനിച്ച സ്ഥലമെന്ന വിശ്വാസത്തെ കോടതി ശരിവെക്കുന്നത് എങ്ങനെ എന്ന ചോദ്യം അന്ന് തന്നെ ഉയര്‍ന്നിരുന്നു.
ഈ വിധി ചോദ്യംചെയ്ത് വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹരജികളില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ അപേക്ഷ പരിഗണിക്കവെയാണ് ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം കോടതിക്ക് പുറത്തുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിര്‍ദേശം സുപ്രീം കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥനാകാന്‍ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അറിയിക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ യൂനിയനിലെ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുന്നതില്‍ വലിയ പങ്കുവഹിച്ച തര്‍ക്കം കോടതിക്ക് പുറത്ത് രമ്യമായി പരിഹരിക്കുക എന്ന നിര്‍ദേശം സ്വീകരിക്കപ്പെടേണ്ടതാണെന്നാകും പൊതുവില്‍ ഉയരുന്ന വികാരം. ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയോ വിവിധ മുസ്‌ലിം സംഘടനകളോ ഈ നിര്‍ദേശത്തോട് വിയോജിച്ചാല്‍, പ്രശ്‌നപരിഹാര ശ്രമങ്ങളോട് മുഖം തിരിച്ചുനില്‍ക്കുന്നവരായി അവര്‍ ചിത്രീകരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.

കേന്ദ്രത്തില്‍ അധികാരം പിടിച്ച ബി ജെ പി, ഉത്തര്‍ പ്രദേശില്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ സാഹചര്യത്തിലാണ് അപ്പീലുകളില്‍ വേഗം തീര്‍പ്പുണ്ടാകണമെന്ന ആവശ്യവുമായി ഡോ. സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീം കോടതിയെ സമീപിച്ചത്. ഉത്തര്‍ പ്രദേശില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ സാഹചര്യത്തില്‍ രാമക്ഷേത്ര നിര്‍മാണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കാനിടയില്ലെന്നും അപ്പീലുകളില്‍ തീര്‍പ്പുണ്ടായാല്‍ ക്ഷേത്ര നിര്‍മാണം ആരംഭിക്കാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോടതിക്ക് പുറത്തുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരമെന്ന നിര്‍ദേശം കോടതി മുന്നോട്ടുവെക്കുന്നത്. രാജ്യത്ത് ഉയര്‍ന്നുവന്നിരിക്കുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരമൊരു നിര്‍ദേശം പരമോന്നത കോടതി മുന്നോട്ടുവെക്കുമ്പോള്‍ അതിന് നീതിന്യായ നടപടിക്കപ്പുറത്തുള്ള പ്രാധാന്യം കൈവരുന്നുണ്ട്. ആ പ്രാധാന്യം, ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാന്‍ ഒരിക്കലും മടികാട്ടാത്ത, നിലവില്‍ അധികാരം കൈയാളുന്ന രാഷ്ട്രീയ സംവിധാനത്തോടുള്ള താത്പര്യത്താല്‍ പ്രചോദിതമാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ.
ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമന്റെ ജന്മഭൂമിയാണെന്ന വാദമുയര്‍ത്തി സംഘപരിവാരം രംഗത്തുവന്നതു മുതലുള്ള ചരിത്രം, കൃത്രിമമായി സൃഷ്ടിച്ച തെളിവുകളുടേതും അതിന്റെ അടിസ്ഥാനത്തിലുള്ള അനീതിയുടേതുമാണ്. ഭരണ നേതൃത്വത്തിന്റെ അറിവോടെ നടന്ന അനീതി, അതിനെ മുതലെടുത്ത് വര്‍ഗീയമായ വിഭജനം സാധ്യമാക്കി രാഷ്ട്രാധികാരം കൈയാളാന്‍ നടത്തിയ ശ്രമങ്ങള്‍, അതിനുള്ള തീവ്രനടപടികള്‍ക്കിടെ ഇല്ലാതാക്കപ്പെട്ട ജീവനും സ്വത്തും അങ്ങനെ പലതുമുണ്ട്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നയിച്ച കര്‍സേവ, കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ (കേന്ദ്രത്തില്‍ നരസിംഹ റാവുവും ഉത്തര്‍ പ്രദേശില്‍ കല്യാണ്‍ സിംഗുമാണ് ഭരിച്ചിരുന്നത്) മൗനാനുവാദത്തോടെ, സുപ്രീം കോടതിയില്‍ തന്നെ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചുകൊണ്ടാണ് അരങ്ങേറിയത്. സംഘ്പരിവാരം പ്രഖ്യാപിച്ച കര്‍സേവ ബാബരി മസ്ജിദ് ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. സുപ്രീം കോടതിയിലും ഈ ആശങ്ക ഉന്നയിക്കപ്പെട്ടു. 1992 നവംബര്‍ 29ന് പ്രതീകാത്മക കര്‍സേവ നടത്താനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. അയോധ്യയിലെ സ്ഥിതി നിരീക്ഷിക്കുന്നതിന് സുപ്രീം കോടതി പ്ര ത്യേക സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു.

ബാബരി മസ്ജിദിന് കേടുപാടൊന്നും സംഭവിക്കില്ലെന്ന് കല്യാണ്‍ സിംഗ് സര്‍ക്കാറും നരസിംഹ റാവു സര്‍ക്കാറും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തില്‍ കര്‍സേവകര്‍ എന്ന പേരില്‍ തടിച്ചുകൂടിയ, അക്രമാസക്തരായ സംഘ്പരിവാരക്കൂട്ടം മസ്ജിദ് തകര്‍ത്തു. ഈ സംഭവം രാജ്യത്തിന്റെ സാമൂഹിക ശരീരത്തിലുണ്ടാക്കിയ മുറിവ് ആഴമേറിയതായിരുന്നു. ജനസംഖ്യയുടെ പതിനഞ്ച് ശതമാനത്തോളം വരുന്ന മുസ്‌ലിംകളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതിനും ഭരണ – നീതിന്യായ സംവിധാനങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസ്യത ഇല്ലാതാക്കുന്നതിനുമൊക്കെ ഇത് കാരണമായിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണം മുദ്രാവാക്യമാക്കി എല്‍ കെ അഡ്വാനി നടത്തിയ രഥയാത്രയും മസ്ജിദ് ധ്വംസനവും രാജ്യത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി അധികാരം പിടിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന് വലിയ അളവില്‍ ഊര്‍ജമേകുകയും ചെയ്തു.
ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമജന്മഭൂമിയാണെന്ന വാദം ഉയരുന്നത് രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുമ്പാണ്. സ്വാതന്ത്ര്യാനന്തരം 1949ല്‍ മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ കൊണ്ടുചെന്നുവെച്ച് തങ്ങളുടെ വാദത്തിന് ബലമുണ്ടാക്കാന്‍ തീവ്ര ഹിന്ദുത്വ വാദികള്‍ തയ്യാറായി. അഭിരാം ദാസ്, രാം സകല്‍ ദാസ്, സുദര്‍ശന്‍ ദാസ് എന്നിവരും അറുപതോളം പേരും ചേര്‍ന്ന് മസ്ജിദില്‍ അതിക്രമിച്ച് കടക്കുകയും സംഘര്‍ഷമുണ്ടാക്കുകയും മതസ്ഥാപനത്തെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഈ സംഭവത്തെത്തുടര്‍ന്ന് അയോധ്യ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറഞ്ഞത്. പക്ഷേ, തുടര്‍ നടപടികളുണ്ടായില്ല. കോണ്‍ഗ്രസ് നേതാവായിരുന്ന ഗോവിന്ദ് ബല്ലഭ് പന്തായിരുന്നു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി. ഹിന്ദുക്കളുടെ വികാരം എതിരാകുമെന്ന ന്യായം ചൂണ്ടിക്കാട്ടി കേസില്‍ തുടര്‍ നടപടികളെടുക്കാന്‍ തയ്യാറായില്ല. മസ്ജിദിനുള്ളില്‍ നിന്ന് വിഗ്രഹങ്ങള്‍ നീക്കം ചെയ്യണമെന്നും വര്‍ഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ തടയണമെന്നും അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അതനുസരിക്കാന്‍ തയ്യാറാകാതിരുന്ന ഗോവിന്ദ് ബല്ലഭ് പന്ത്, വിഗ്രഹങ്ങള്‍ നീക്കം ചെയ്യുന്നത് വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുമെന്ന് വാദിച്ചു. അതിനു ശേഷം പലകാലങ്ങളിലായി വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച സ്ഥലം ആരാധനക്കായി തുറന്നുകൊടുക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ തയ്യാറായി. കോടതി നടപടികളെത്തുടര്‍ന്ന് പിന്നീട് ഇത് നിരോധിക്കപ്പെട്ടുവെങ്കിലും 1986ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ വീണ്ടും ആരാധനക്കായി തുറന്നുകൊടുത്തു. ഇതോടെയാണ് വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്ര നിര്‍മാണമെന്ന മുദ്രാവാക്യം വീണ്ടും സജീവമാക്കുന്നത്, എല്‍ കെ അഡ്വാനിയെപ്പോലുള്ള നേതാക്കള്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമായി ഇത് ഏറ്റെടുക്കുന്നതും.

ഇതൊക്കെ മുന്നില്‍ നില്‍ക്കെയാണ് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം മൂന്നായി ഭാഗിക്കാന്‍ അലഹാബാദ് ഹൈക്കോടതി വിധി പുറപ്പെടുവിക്കുന്നത്. അതിന്‍മേലുള്ള അപ്പീലുകളില്‍ നിയമപ്രകാരം തീര്‍പ്പുണ്ടാക്കുന്നതിന് പകരം കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുന്നത്. മതം ഉള്‍പ്പെട്ട വൈകാരിക വിഷയമായതുകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കുന്നത് എന്നും കോടതി പറയുന്നു. വസ്തുതകളും രേഖകളും പരിശോധിച്ച് നീതിനടപ്പാക്കാന്‍ ബാധ്യതപ്പെട്ട സംവിധാനം മതം, വികാരം എന്നിവയൊക്കെ കണക്കിലെടുത്ത് ചര്‍ച്ചകളിലൂടെയുള്ള പരിഹാരം നിര്‍ദേശിക്കുമ്പോള്‍ അത് കൃത്യനിര്‍വഹണത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായി മാത്രമേ കാണാനാകൂ. കേവലം ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കമായി ബാബരി മസ്ജിദിന്റെ കാര്യത്തില്‍ സംഘപരിവാരം ഉയര്‍ത്തിയ തര്‍ക്കങ്ങളെ ചുരുക്കിക്കാണുന്നത്, രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ സാമൂഹിക ബോധത്തെക്കുറിച്ചും സമൂഹത്തോട് അവര്‍ക്കുള്ള കടമയെക്കുറിച്ചും വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്.
നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണോ കോടതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്? അങ്ങനെയെങ്കില്‍ അതില്‍ തന്നെ വലിയ അനീതിയുണ്ടെന്ന് പറയേണ്ടിവരും. ഉത്തര്‍ പ്രദേശില്‍ കൂടി ബി ജെ പി അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ കോടതിക്ക് പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ ഏകപക്ഷീയമാകാനുള്ള സാധ്യത ഏറെയാണ്. അത്തരമൊരു ചര്‍ച്ചക്ക് അരങ്ങൊരുങ്ങിയാല്‍ അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് എതിരാളികളെ നിശ്ശബ്ദരാക്കാന്‍ സംഘപരിവാരത്തിന് പ്രയാസമുണ്ടാകില്ല. ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയോ അതിനൊപ്പം നില്‍ക്കുന്ന മുസ്‌ലിം സംഘടനകളോ നിശ്ശബ്ദരാക്കപ്പെടുകയാണെങ്കില്‍ അത് രാജ്യത്തെ പതിനഞ്ച് ശതമാനം വരുന്ന ജനതക്ക് ഇന്ത്യന്‍ യൂനിയനെന്ന ജനാധിപത്യ, മതനിരപേക്ഷ സംവിധാനത്തിലുള്ള വിശ്വാസത്തെയാണ് ബാധിക്കുക. അതേക്കുറിച്ച് ഓര്‍ക്കേണ്ട ഉത്തരവാദിത്തമുണ്ട് ഉയര്‍ന്ന ന്യായാസനങ്ങളെ അലങ്കരിക്കുന്നവര്‍ക്ക്. രാജ്യത്തിന്റെ സാമൂഹിക ഘടനയെ തകര്‍ക്കും വിധത്തിലേക്ക് വളര്‍ത്തിയെടുത്ത ഒരു വിഷയത്തെ, പൊതു ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകളെ വര്‍ഗീയമായി ഉപയോഗപ്പെടുത്താന്‍ സര്‍വാധികാരം അനുഭവിക്കുന്നവര്‍ ശ്രമിക്കും. അത് അന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കുകയും ചെയ്യും. ഭൂരിപക്ഷ മതത്തിന്റെ പേരുപറഞ്ഞ് ഒരു കൂട്ടര്‍ നടത്താന്‍ ശ്രമിക്കുന്ന അധിനിവേശത്തിന് എല്ലാ സാധ്യതയും തുറന്നിടും ആ കാലുഷ്യം. ആയതിനാല്‍ പരമോന്നത കോടതിയുടെ നിര്‍ദേശത്തെ, അതിനോടുള്ള സകല ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് നിഷേധിക്കലാണ് ഇപ്പോഴത്തെ കടമ.