ധോണിക്കെതിരെ വീണ്ടും യുവരാജിന്റെ പിതാവ്‌

Posted on: January 12, 2017 7:01 am | Last updated: January 12, 2017 at 1:01 am

ന്യൂഡല്‍ഹി: യുവരാജ് സിംഗിന്റെ പിതാവ് യോഗ് രാജ് സിംഗ് മഹേന്ദ്രസിംഗ് ധോണിയെ വെറുതെ വിടാന്‍ തീരുമാനിച്ച മട്ടില്ല. തന്റെ മകന്റെ കരിയറിന് തടസം സൃഷ്ടിച്ചത് ധോണിയാണെന്ന ആരോപണവുമായി പരസ്യമായി രംഗത്ത് വന്ന യോഗ് രാജ് തന്റെ മകന്‍ ടീമിലേക്ക് തിരിച്ചെത്തിയത് ധോണി ക്യാപ്റ്റന്‍സ്ഥാനത്ത് നിന്ന് പുറത്തായതോടെയാണെന്ന് തുറന്നടിച്ചു.

താന്‍ കുറേക്കാലമായി പറയുന്ന കാര്യം സത്യമായി. ധോണി എന്ന് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുന്നുവോ അന്ന് യുവരാജ് ടീമില്‍ തിരിച്ചെത്തുമെന്ന് യോഗ് രാജ് പറഞ്ഞിരുന്നു. അത് സത്യമായില്ലേ ഇപ്പോള്‍ – യോഗ് രാജ് ചോദിക്കുന്നു. വിരാട് കോഹ്ലി ഏകദിന, ട്വന്റി20 ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റനായതിന് ശേഷമുള്ള ആദ്യ ടീം പ്രഖ്യാപിക്കലില്‍ യുവരാജ് തിരിച്ചെത്തി. ഇംഗ്ലണ്ട് ഇലവനെതിരായ പരിശീലന മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടി തകര്‍പ്പന്‍ ഫോം പ്രദര്‍ശിപ്പിക്കുകയും ചെയ്തു യുവി.
പരിശീലന മത്സരത്തില്‍ മഹേന്ദ്ര സിംഗ് ധോണിയും തിളങ്ങിയിരുന്നു. എന്നാല്‍, ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണിയുടെ അവസാന മത്സരമായിരുന്നു ഇത്. ടീം മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടതോടെ ധോണിക്ക് വലിയ തിരിച്ചടിയായി. നായകന്‍ എന്ന നിലയിലുള്ള അവസാന മത്സരത്തില്‍ തോല്‍വിയോടെ പടിയിറക്കം. ഇതിന് പിന്നാലെയാണ് യോഗ് രാജ് സിംഗിന്റെ കൂരമ്പുകള്‍.