ധാര്‍മികത നാടു നീങ്ങരുത്

Posted on: December 31, 2016 9:18 am | Last updated: December 31, 2016 at 9:18 am
SHARE

സ്‌നേഹം, കാരുണ്യം, സഹകരണം തുടങ്ങിയ മൂല്യങ്ങളുടെ അളവ് കുറഞ്ഞുവരുന്നു. സല്‍ഗുണങ്ങളുടെ അഭാവം അനുഭവപ്പെടുന്നു. അഹങ്കാരം, പൊങ്ങച്ചം, മത്സരം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ വര്‍ധിച്ചുവരുന്നു, കൊല, കൊള്ള, വ്യഭിചാരം, കളവ് എന്നിവ നാടിന്റെ മുഖമുദ്രയാവുന്നു. കഷ്ടപ്പെടുന്നവര്‍ക്ക് കടം പോലും ലഭിക്കാത്ത സ്ഥിതിയില്‍ വിശ്വാസ്യത കുറഞ്ഞുവരുന്നു. കുടുംബത്തകര്‍ച്ചയും തര്‍ക്കങ്ങളും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും നാടിന്റെ നട്ടെല്ല് തകര്‍ക്കുന്നു. എങ്ങും നീതി നിഷേധിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ‘ധാര്‍മികത നാടു നീങ്ങരുത്’ എന്ന പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ എസ് ജെ എം തീരുമാനിച്ചത്.
ധര്‍മം സംരക്ഷിക്കപ്പെടണം, അധര്‍മം തടഞ്ഞുനിര്‍ത്തണം. ധര്‍മം ക്ഷയിച്ചാല്‍ നല്ല സമൂഹം അപ്രത്യക്ഷമാവും. വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ സുസ്ഥിതിക്ക് അത്യന്താപേക്ഷിതമായ തത്വങ്ങളാണ് ധാര്‍മിക മൂല്യങ്ങള്‍. ധര്‍മബോധം ജീവിതത്തെ ആകമാനം ബാധിക്കുന്നു. ധര്‍മങ്ങളാണ് മനുഷ്യ വംശത്തെ നിലനിര്‍ത്തുന്നത്. അവയുടെ പൂര്‍ണമായ തിരോധാനം മനുഷ്യ വര്‍ഗത്തിന്റെ നിലനില്‍പ്പിനെ അപായപ്പെടുത്തും. ഇതുകൊണ്ടാണ് എക്കാലത്തും വിദ്യാഭ്യാസ പദ്ധതിയില്‍ ധര്‍മബോധനത്തിന് പ്രാധാന്യം കല്‍പ്പിച്ചുപോന്നത്.
പാശ്ചാത്യ ദര്‍ശനത്തിന്റെ സ്വാധീനം, ശാസ്ത്രത്തിന്റെ തെറ്റായ വ്യാഖ്യാനം, ലഹരി ഉപയോഗം, അശ്ലീലം, വര്‍ഗീയത, സംഘര്‍ഷം, അതിമാത്സര്യം, സോഷ്യല്‍ മീഡിയയുടെ അതിപ്രസരം, നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ അഭാവം, സാമ്പത്തിക ചൂഷണങ്ങള്‍, മൂല്യവത്കരിക്കപ്പെടാത്ത ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍, വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സമൂഹത്തിന്റെ തെറ്റായ മനോഭാവം ഇവയെല്ലാം മൂല്യച്യുതിയുടെ കാരണങ്ങളില്‍ പെട്ടവയാണ്.
ഭക്തി, ക്ഷമ, പശ്ചാതാപം, വിട്ടുവീഴ്ച, സ്വഭാവ ശുദ്ധി, സാമ്പത്തിത ശുദ്ധി, ഹൃദയവിശുദ്ധി, സാമൂഹിക വിശുദ്ധി മുതലായവ ധാര്‍മിക ബോധത്തില്‍ ഉള്‍ക്കൊള്ളുന്നു. ഈ ധാര്‍മിക ഗുണങ്ങള്‍ സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യസേവകരാകണം നാം.
മാതാപിതാക്കളോടുള്ള സ്‌നേഹം, മാതാപിതാക്കള്‍ക്ക് മക്കളോടുള്ള വാത്സല്യം, സഹോദര സ്‌നേഹം, സമൂഹത്തോടുള്ള പ്രതിബദ്ധത, ഉത്തരവാദിത്വ ബോധം ഇതൊന്നും നാം മറന്നുകൂടാ. മാതാപിതാക്കളില്‍ നിന്നും ലഭിച്ചതാണ് നമ്മുടെ പൈതൃകം. മാതാപിതാക്കളോട് കാരുണ്യം കാണിക്കാത്തവന്‍ എങ്ങനെ സമൂഹത്തോട് കാരുണ്യം കാണിക്കും. സ്വന്തം മാതാപിതാക്കളെ വൃദ്ധ സദനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നവര്‍ എന്ത് സാമൂഹിക വിപ്ലവമാണുണ്ടാക്കാന്‍ പോകുന്നത്. മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗം എന്ന നബി വചനം ധാര്‍മികതയുടെ അകപ്പൊരുളാണ്.
ജീവിതത്തിലെ കഠിന യാഥാര്‍ഥ്യമായ വാര്‍ധക്യത്തില്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലയക്കുന്ന മക്കള്‍, സമ്പന്നതയില്‍ ബാധ്യതകള്‍ മറക്കുന്ന യുവാക്കള്‍, കൈക്കൂലി വാങ്ങി വിധി പറയുന്ന ന്യായാധിപന്മാര്‍, മരുന്നുകമ്പനികള്‍ക്ക് വേണ്ടി മരുന്നു കുറിക്കുന്ന ഡോക്ടര്‍മാര്‍, സ്വന്തം വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന അധ്യാപകര്‍, തെറ്റായ പരസ്യം നല്‍കി ബിസിനസ് നടത്തുന്ന കമ്പനികള്‍, അഴിമതി നടത്തുന്ന ഭരണാധികാരികള്‍, പൊതുമുതല്‍ കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാര്‍, സ്വജനപക്ഷപാതം നടത്തുന്ന ജനപ്രതിനിധികള്‍, തിന്മകളെ പാലൂട്ടുന്ന മീഡിയകള്‍, തിന്മയിലേക്ക് നയിക്കുന്ന കലാ-സാഹിത്യങ്ങള്‍, അസത്യം പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയകള്‍…. ഇവക്കെല്ലാം നടുവിലാണ് നാം ജീവിക്കുന്നത്. നാം ഇതിനോടെല്ലാം സമരസപ്പെട്ട് ജീവിക്കണോ? അല്ലെങ്കില്‍ തിരുത്തല്‍ ശക്തിയാവണോ?
നമ്മുടെ ധാര്‍മിക ബോധം ഉണരണം. ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരമാണ് അവരുടെ സംസ്‌കാരത്തിന്റെ അളവുകോല്‍. മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്ന, ബന്ധങ്ങള്‍ പഠിപ്പിക്കുന്ന, അയല്‍വാസിയെയും ബന്ധുവിനെയും തിരിച്ചറിയാന്‍ പഠിപ്പിക്കുന്ന ധാര്‍മിക വിദ്യയാണ് നാം നേടേണ്ടത്.
കുടുംബം നന്നായാല്‍ സമൂഹം നന്നാവും. പല രമ്യഹര്‍മങ്ങളിലും ചെന്നാല്‍ കാണുന്നത് ശ്മശാനമൂകതയാണ്. പണക്കാരന്റേത് രഹസ്യമാണെങ്കില്‍ പാവപ്പെട്ടവന്റേത് പരസ്യമാണ് എന്നതാണ് വ്യത്യാസം. ഒരേ ഗര്‍ഭപാത്രത്തില്‍ പിറന്നവര്‍ പരസ്പരം കലഹിക്കുന്ന രംഗമാണ് പല കുടുംബത്തിലും നിലവിലുള്ളത്. സമൂഹത്തിന്റെ അടിത്തറ കുടുംബമാണ്. അന്തസ്സായ ഭവനത്തിന് തുല്യമായ വിദ്യാലയമില്ല. സദ്ഗുണ സമ്പന്നരായ മാതാപിതാക്കളെക്കാള്‍ നല്ല അധ്യാപകരുമില്ല. രാജ്യത്തെ ഓരോ വീടും വിദ്യാലയമാണ്; മാതാപിതാക്കള്‍ അധ്യാപകരും. കുടുംബവിശുദ്ധി സാമൂഹിക വിശുദ്ധിയാണ്. ആഗോള വിശുദ്ധിയാണ്. മാനവ കുലത്തിന്റെ ആകെ വിശുദ്ധിയാണത്.
കൊലപാതകം, കൊള്ള, പലിശ, മറ്റു ചൂഷണങ്ങള്‍, തട്ടിപ്പു സംഘങ്ങള്‍, ബലാത്സംഗങ്ങള്‍ ഇത്യാദി വാര്‍ത്തകള്‍ നമ്മുടെ മീഡിയകളില്‍ നിറയുമ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ ധാര്‍മികതയാണ്. സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. മറ്റുള്ളവന്റെ അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. ഈ തിരിച്ചറിവ് നഷ്ടപ്പെടുത്തുന്ന തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഭംഗം വരുത്തുന്ന മദ്യത്തിന് വേണ്ടി നില്‍ക്കുന്ന ക്യൂ കാണുമ്പോള്‍ നമ്മുടെ സദാചാര ബോധത്തിന്റെ ചിതലരിക്കല്‍ ചെറുതല്ല എന്ന് ആര്‍ക്കും ബോധ്യപ്പെടും. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ബലമായി പണം പിരിച്ച് പുതുവത്സരം ആഘോഷിക്കുന്ന ചെറുപ്പക്കാര്‍ മദ്യപാനത്തിന്റെ നാള്‍ നിശ്ചയത്തിലൂടെ തിന്മയെ സമൂഹം പ്രതിരോധിച്ചു നിര്‍ത്തിയ വേലി തകര്‍ക്കുകയാണ്. പുതുവത്സരാഘോഷത്തിന്റെ മറവില്‍ ജനുവരി ഒന്നിന് മദ്യപിച്ച് പൂസാവാനും ഏപ്രില്‍ ഒന്നിന് നുണ പറയാനും തീയതി കാലേക്കൂട്ടി നിശ്ചയിക്കുന്ന ഒരു സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് ആശയല്ല; ആശങ്ക മാത്രമാണ് അവശേഷിക്കുന്നത്. നഷ്ട പ്രതാപത്തിന്റെ ഓര്‍മകളാണ് ‘ധാര്‍മികത നാടു നീങ്ങരുത്’ എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ നമുക്കനുഭവപ്പെടുന്നത്.
അശ്ലീലം നാടുവാഴുകയാണ്. പൊതു ചുമരുകളില്‍ സിനിമ എന്ന കലയുടെ പേരില്‍ പതിഞ്ഞുനില്‍ക്കുന്ന നഗ്‌ന സ്ത്രീ ശരീരത്തിന്റെ ചിത്രങ്ങളും, സീരിയലില്‍ കാണുന്ന നാണത്തിന്റെ അവസാന കണികയും നഷ്ടപ്പെട്ട ചിത്രങ്ങളും സമൂഹത്തോട് വിളിച്ചുപറയുന്നത് എന്താണ്?
മിതത്വം ധാര്‍മിക സമൂഹത്തിന്റെ ലക്ഷണമാണ്. ധൂര്‍ത്തിനും പിശുക്കിനുമിടയിലുള്ള മിതവ്യയമാണ് ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നത്. ആവശ്യങ്ങളുടെ സ്ഥാനത്ത് അനാവശ്യങ്ങളുടെ അഴിഞ്ഞാട്ടം എവിടെയും ദര്‍ശിക്കാം. വരവില്‍ കൂടുതല്‍ ചെലവ് ചെയ്യുന്ന രീതി ആശ്വാസകരമല്ല. ആഹാരവും, ആവാസ കേന്ദ്രങ്ങളുമെല്ലാം ആവശ്യത്തിന് മതി. മിതവ്യയമാണഭികാമ്യം. കടുത്ത വരള്‍ച്ചയും വേനലും മുമ്പിലെത്തി അനുഭവിച്ചിട്ടും കരണ്ടും വെള്ളവും മിതമായി ഉപയോഗിക്കുന്ന ശീലം നാം പഠിച്ചിട്ടില്ല. ആവശ്യവും അത്യാവശ്യവും അനാവശ്യവും തിരിച്ചറിയണം. വിവാഹങ്ങളും മറ്റു ആവശ്യങ്ങളും ധൂര്‍ത്തിന്റെ ഉദാഹരണങ്ങളാകരുത്. അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം ലഭിക്കുന്ന വേദികളും ആവരുത്. ബന്ധങ്ങള്‍ ഉറപ്പിക്കാനും സന്തോഷം പങ്കിടാനും ഉതകുന്ന മാതൃകാപരമായ വേദികളാകണം. ധൂര്‍ത്ത് മനുഷ്യത്വത്തിന് നിരക്കുന്നതല്ല. ധൂര്‍ത്ത് നടത്തുന്നവര്‍ പിശാചിന്റെ കൂട്ടാളികളാണ് എന്നാണ് അല്ലാഹു പറയുന്നത്.
ശുചിത്വം ധാര്‍മികതയുടെ ഭാഗമാണ്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹിക ശുചിത്വം ഇതെല്ലാം പ്രധാനമാണ്. ശരീര ശുദ്ധിയില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നവരും മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിച്ചും വലിച്ചെറിഞ്ഞും പരിസര ശുചിത്വം ശ്രദ്ധിക്കാറില്ല. വിശക്കുന്നവരെ കണ്ടറിയാന്‍ നമുക്ക് സാധിക്കണം. പാവപ്പെട്ടവരെ സഹായിക്കണം. വിധവകളും അനാഥകളും എന്റെ ചുറ്റുമുണ്ട് എന്നോര്‍മ വേണം. നിങ്ങളിലുള്ള പാവങ്ങളെ സഹായിക്കുന്ന കാരണത്താലാണ് നിങ്ങള്‍ അല്ലാഹുവിങ്കല്‍ നിന്ന് സഹായിക്കപ്പെടുന്നത് എന്ന് മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ട്.
ഇസ്‌ലാം സമാധാനമാണ്. സൗഹൃദമാണ്. തീവ്രതക്കും ജീര്‍ണതക്കും മധ്യേ ധാര്‍മികതയാണ് ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍. വര്‍ഗീയതക്കും തീവ്രവാദത്തിനും എതിരെയുള്ള ഇസ്‌ലാമിന്റെ നിലപാട് സുവ്യക്തമാണ്. തീവ്രവാദം മനുഷ്യരാശിയുടെ നാശത്തിന്റെ ഹേതുവാണ്. അതിനാല്‍ ഇസ്‌ലാം അതിനെ നിരാകരിക്കുന്നു. അയല്‍പക്ക ബന്ധം, മാതൃ പിതൃ ബന്ധം, സാഹോദര്യബന്ധം, സൗഹൃദ ബന്ധം തുടങ്ങിയ മനുഷ്യ ബന്ധങ്ങളാണ് ധാര്‍മികത ഉറപ്പിച്ചു നിര്‍ത്തുന്നത്. ഈ സന്ദേശങ്ങളുടെ ആകെത്തുകയാണ് മദ്‌റസകളിലൂടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിന് നേതൃത്വം നല്‍കുന്നവരാണ് മദ്‌റസാധ്യാപകര്‍. മദ്‌റസാധ്യാപകരുടെ സംഘടനയാണ് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ് ജെ എം) ‘ ‘ധാര്‍മികത നാടു നീങ്ങരുത്” എന്ന പ്രമേയത്തില്‍ സംഘടന 2017 ജനുവരിയില്‍ 409 കേന്ദ്രങ്ങളില്‍ നടത്തുന്ന റെയ്ഞ്ച് സമ്മേളനങ്ങളുലൂടെയാണ് ഈ പ്രമേയം ചര്‍ച്ച ചെയ്യപ്പെടുന്നത്.