ചെറിയ വീടുകള്‍ക്ക് പണം ഈടാക്കാതെ നമ്പര്‍ നല്‍കും: മന്ത്രി കെ ടി ജലീല്‍

Posted on: November 22, 2016 9:32 am | Last updated: November 22, 2016 at 9:32 am

kt jaleelകോഴിക്കോട്: 1,500 ചതുരശ്ര അടിയില്‍ കുറവുള്ള നമ്പര്‍ ലഭിക്കാത്ത വീടുകള്‍ക്ക് പണം ഈടാക്കാതെ നമ്പര്‍ നല്‍കുമെന്ന് തദ്ദേശമന്ത്രി കെ ടി ജലീല്‍. ഇതിനുള്ള നടപടി സ്വീകരിക്കും. 1500 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണം വരുന്ന കെട്ടിട ഉടമകളില്‍ നിന്ന് വാങ്ങുന്ന നികുതി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന ഫണ്ടായി നല്‍കും.

കേരളത്തിലെ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ആവശ്യമായ കെട്ടിട നിര്‍മാണ ഭേദഗതി നിയമം കൊണ്ടു വരുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ജലീല്‍ പറഞ്ഞു. അയല്‍ക്കൂട്ട എ ഡി എസുമാര്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ട് വിതരണം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടിന്റെ പുരോഗതി അളക്കേണ്ടത് സ്ത്രീകള്‍ക്ക് ലഭിക്കുന്ന അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജലീല്‍ പറഞ്ഞു.
സ്ത്രീ സുരക്ഷിതമായൊരു സമൂഹമാണ് ഏറ്റവും പരിഷ്‌കൃതമായ സമൂഹം. സ്ത്രീകള്‍ മെച്ചപ്പെട്ടാല്‍ ഓരോ കുടുംബത്തിലും അതിന്റേതായ പ്രതിഫലനങ്ങള്‍ ഉണ്ടാകും. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി നാട്ടിന്‍ പുറത്തെയും നഗരപ്രദേശങ്ങളിലെയും സ്ത്രീകളുടെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 245 അയല്‍ക്കൂട്ടങ്ങള്‍ക്ക് 10,000 രൂപയും, 18 എ ഡി എസുകള്‍ക്ക് 50,000 രൂപയുമാണ് റിവോള്‍വിംഗ് ഫണ്ടായി നല്‍കിയത്. കൂടാതെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങളെ ബേങ്കുകളുമായി ബന്ധിപ്പിക്കുകയും താങ്ങാവുന്ന നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുക എന്നതും പദ്ധതി വിഭാവനം ചെയ്യുന്നു. ഇതിന്റെ ഭാഗമായാണ് ലിങ്കേജ് വായ്പ ലഭിച്ച 537 അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള 26 ലക്ഷം രൂപ പലിശ സബ്‌സിഡിയായും നല്‍കുന്നത്.

ലിങ്കേജ് വായ്പകളുടെ പലിശ സബ്‌സിഡിയുടെ വിതരണോദ്ഘാടനം എ പ്രദീപ് കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു.