ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ ‘ഇടിമുറികള്‍’

വിജിലന്‍സ് ഓഫീസുകളിലെ ലോക്കപ്പ് കൊണ്ട് അഴിമതി എന്ന പ്രതിഭാസത്തെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുമോ? പോട്ടെ, ഏതെങ്കിലും അളവില്‍ അതിന്റെ ഭീകരതയെ തടയാനെങ്കിലും സാധിക്കുമോ എന്ന ചോദ്യം പ്രസക്തമാണിപ്പോഴും. ബ്രിട്ടീഷ് നാളുകള്‍ മുതല്‍ നമ്മുടെ നാട്ടില്‍ നിലവിലുള്ള പ്രാകൃതമായ പോലീസ് ലോക്കപ്പുകളില്‍ സാധാരണക്കാരായ പൗരന്മാര്‍ - ഭൂരിപക്ഷവും നിരപരാധികള്‍ - പൗരാവകാശ ധ്വംസനങ്ങള്‍ക്ക് ഇരകളായി കൊണ്ടിരിക്കുന്നതിന്റെ വാര്‍ത്തകള്‍ നിത്യേന കേട്ടുകൊണ്ടിരിക്കുന്ന രാജ്യമാണിത്. രാജ്യം കൊള്ളയടിക്കുന്ന ഒരു മന്ത്രിയും ഉദ്യോഗസ്ഥനും ലോക്കപ്പുകളില്‍ കിടക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അഴിമതിക്കേസുകളില്‍ പ്രത്യേകിച്ചും. അതുകൊണ്ടു തന്നെ, ജേക്കബ് തോമസിന്റെ ലോക്കപ്പുകളില്‍ ഈ നാട്ടിലെ പാവപ്പെട്ട ഏതെങ്കിലും പ്രതികള്‍ ഒരുപക്ഷേ കിടന്നേക്കാം. അല്ലാതെ, കോടികള്‍ തട്ടിയെടുത്തുകൊണ്ടിരിക്കുന്ന ഒരു ഉന്നതനും ഈ ലോക്കപ്പ് വലയില്‍ വീഴില്ല.
Posted on: September 27, 2016 6:00 am | Last updated: September 26, 2016 at 11:20 pm
SHARE
ജേക്കബ് തോമസ്്
ജേക്കബ് തോമസ്്

വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള അഴിമതി നിര്‍മാര്‍ജ്ജന സമരം ഗംഭീരമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അഴിമതിക്കേസുകളില്‍ പിടികൂടുന്നവരെ കൂട്ടിനകത്താക്കാന്‍ വിജിലന്‍സ് ഓഫീസുകളില്‍ ലോക്കപ്പ് അനുവദിക്കണമെന്ന പുതിയ നിര്‍ദേശമാണ് ജേക്കബ് മുന്നോട്ട് വച്ചിരിക്കുന്നത്. തീര്‍ച്ചയായും അഴിമതിക്കെതിരായിട്ടുള്ള ആത്മാര്‍ഥമായ ഏത് നീക്കത്തെയും പിന്തുണക്കാന്‍ പൊതുസമൂഹം നിശ്ചയമായും തയ്യാറാകും. എന്നാല്‍, ലോക്കപ്പ് കൊണ്ട് അഴിമതി എന്ന പ്രതിഭാസത്തെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുമോ? പോട്ടെ, ഏതെങ്കിലും അളവില്‍ അതിന്റെ ഭീകരതയെ തടയാനെങ്കിലും സാധിക്കുമോ എന്ന ചോദ്യം പ്രസക്തമാണിപ്പോഴും.
അഴിമതിക്കേസുകള്‍ അന്വേഷിക്കാനും കുറ്റക്കാരെ ചോദ്യം ചെയ്യാനും രക്ഷപ്പെടാന്‍ അവര്‍ക്ക് പഴുതുകള്‍ നല്‍കാതിരിക്കാനുമായാണ് ലോക്കപ്പുകള്‍ എന്ന പഴഞ്ചന്‍ ഇടിമുറി സമ്പ്രദായം തിരിച്ചുകൊണ്ടുവരണമെന്ന് വിജിലന്‍സിന്റെ മേധാവി ആവശ്യപ്പെടുന്നത്. സാധാരണ വിജിലന്‍സ് സംവിധാനം കൊണ്ടുമാത്രം നിലവിലുള്ള അന്വേഷണങ്ങള്‍ക്ക് ഫലപ്രദമായ പരിസമാപ്തി കാണാനാകില്ലായെന്ന തിരിച്ചറിവില്‍ നിന്നാണത് വരുന്നത്. ലോക്കപ്പുമുറികളില്‍ അഴിമതിക്കാരെ എന്തുചെയ്യാമെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്? മൂന്നാംമുറ പ്രയോഗിക്കാമെന്നാണോ? മറ്റു ക്രിമിനല്‍ കേസുകളിലേതുപോലെ ശാരീരിക ശിക്ഷയുടെ അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ കഴിയുന്നതാണോ ക്രമക്കേടുകളും തട്ടിപ്പുകളും വന്‍ അഴിമതികളും? വിശേഷിച്ചും ഭരണാധികാരത്തിലുള്ള ‘വലിയ’ ആളുകളാണ് അഴിമതിയിലെ രാജാക്കന്മാര്‍ എന്നു വരുമ്പോള്‍ ‘ഇടിമുറി’കള്‍ നിര്‍മിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം?
ജേക്കബ് തോമസിന്റെ വിജിലന്‍സ് സംവിധാനത്തെ ക്രിയേറ്റീവ് വിജിലന്‍സ് എന്നാണ് വിളിക്കുന്നത്. ഇന്നേവരെ നടന്ന വിജിലന്‍സ് അന്വേഷണങ്ങളുടെ ചരിത്രം ശുഭകരമായ ഒരു ചിത്രമല്ല കാഴ്ചവക്കുന്നതെന്ന് മനസ്സിലാക്കിയതുകൊണ്ടാകണം വിജിലന്‍സിനെ തന്നെ മാറ്റിയെടുക്കാനായി അദ്ദേഹം പണിപ്പെടുന്നത്. എന്നാല്‍, അതില്‍ കാര്യമായ പുരോഗതി സൃഷ്ടിക്കാനായിട്ടില്ലായെന്ന കാര്യം തിരിച്ചടിയാണ്. വിജിലന്‍സിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് പല അഴിമതിക്കേസുകളും അട്ടിമറിച്ചുകൊണ്ടിരിക്കുന്നതെന്ന കാര്യം വാസ്തവത്തില്‍ കൂടുതല്‍ ഞെട്ടലുണ്ടാക്കുന്നുണ്ട്.
മുന്‍ മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് കേസ് പൂഴ്ത്തിയത് വിജിലന്‍സ് ഉദ്യോഗസ്ഥ തന്നെയാണെന്ന കാര്യം പുറത്തുവന്നിരുന്നല്ലോ. സര്‍ക്കാറിലെ ഉന്നതരും പോലീസിലെ ഉന്നതരും തമ്മിലുള്ള അവിശുദ്ധ സഖ്യം നിലനില്‍ക്കുന്ന കാലത്തോളം വിജിലന്‍സ് വലയില്‍ ഉന്നതന്മാര്‍ കുടുങ്ങില്ല. അഥവാ കുടുങ്ങിയാലും മന്ത്രി ബാബുവുള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായി വന്ന 14 കേസും കഴിഞ്ഞ വര്‍ഷം അട്ടിമറിക്കപ്പെട്ടതുപോലെ എല്ലാം വെള്ളത്തില്‍ വരച്ച വരപോലെ മാഞ്ഞുപോകും. എക്‌സൈസ് മന്ത്രിക്കു പത്ത് ബാറുകളില്‍ ഓഹരിയുണ്ടെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളായിരുന്നു മുന്‍ പരാതികളില്‍ ഉണ്ടായിരുന്നത്. എന്നിട്ടെന്തായി?
ഒരു വശത്ത് കെ ബാബുവിന്റെ വസതികളില്‍ റെയ്ഡ് നടക്കുമ്പോള്‍ മറുവശത്ത് ബേങ്ക് ലോക്കറുകളില്‍ അവര്‍ അനധികൃതമായി സൂക്ഷിച്ച വസ്തുക്കള്‍ സുഗമമായി കടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ മാത്രമാണ് നാട്ടുകാര്‍ക്കും വിജിലന്‍സിനും കാണാന്‍ ഭാഗ്യമുണ്ടായത്. അപ്പോള്‍ ക്രിയേറ്റീവ് വിജിലന്‍സ് എന്നു പേരിട്ടാലും നിയമങ്ങളില്‍ വന്‍ കിടക്കാര്‍ കുടുങ്ങില്ലായെന്നാണിത് കാണിക്കുന്നത്.
അഴിമതി നിര്‍മാര്‍ജ്ജന നിയമങ്ങള്‍ ഒരു ചിലന്തിവല പോലെയാണ്. വന്‍കിടക്കാരെ തൊടാന്‍ കഴിയില്ല. അപ്പോള്‍, വിജിലന്‍സ് പോലീസ് സ്റ്റേഷനുകളില്‍ ലോക്കപ്പുകള്‍ തുറക്കുന്നതുകൊണ്ട് എന്ത് മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്?
അഴിമതി, രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥിതിയുടെ കൂടപ്പിറപ്പായി ജന്മംകൊണ്ടതാണ്. ജീര്‍ണമായ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയില്‍ ലാഭം, കൊള്ളലാഭം, ദുര, ചൂഷണം, തട്ടിപ്പ്, അഴിമതി തുടങ്ങിയ പ്രതിഭാസങ്ങള്‍ ഒരു ശൃംഖലയായി വന്നുകൊണ്ടിരിക്കും. അതിന്റെ ഏതെങ്കിലും ഒരു അഗ്രത്ത് തൊടാന്‍ ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ സാധ്യമാകില്ല. അഴിമതി എത്ര ആഴത്തില്‍ സമൂഹത്തില്‍ വേരോടിയിരിക്കുന്നുവെന്ന് കാണിക്കാന്‍ ഒരുപക്ഷേ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞേക്കും. ജേക്കബ് തോമസിന് അതിനപ്പുറം എന്തെങ്കിലും ചെയ്യണമെങ്കില്‍ രാഷ്ട്രീയ ഭരണകൂടാധികാരത്തില്‍ മാറ്റം വരുത്താന്‍ പ്രവര്‍ത്തിക്കേണ്ടി വരും.
ബ്രിട്ടീഷ് നാളുകള്‍ മുതല്‍ നമ്മുടെ നാട്ടില്‍ നിലവിലുള്ള പ്രാകൃതമായ പോലീസ് ലോക്കപ്പുകളില്‍ സാധാരണക്കാരായ പൗരന്മാര്‍ – ഭൂരിപക്ഷവും നിരപരാധികള്‍ – പൗരാവകാശ ധ്വംസനങ്ങള്‍ക്ക് ഇരകളായി കൊണ്ടിരിക്കുന്നതിന്റെ വാര്‍ത്തകള്‍ നിത്യേന കേട്ടുകൊണ്ടിരിക്കുന്ന രാജ്യമാണിത്. രാജ്യം കൊള്ളയടിക്കുന്ന ഒരു മന്ത്രിയും ഉദ്യോഗസ്ഥനും ലോക്കപ്പുകളില്‍ കിടക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അഴിമതിക്കേസുകളില്‍ പ്രത്യേകിച്ചും. അതുകൊണ്ടു തന്നെ, ജേക്കബ് തോമസിന്റെ ലോക്കപ്പുകളില്‍ ഈ നാട്ടിലെ പാവപ്പെട്ട ഏതെങ്കിലും പ്രതികള്‍ ഒരുപക്ഷേ കിടന്നേക്കാം. അല്ലാതെ, കോടികള്‍ തട്ടിയെടുത്തുകൊണ്ടിരിക്കുന്ന ഒരു ഉന്നതനും ഈ ലോക്കപ്പ് വലയില്‍ വീഴില്ല.
അഴിമതിക്കെതിരെയും മറ്റും ഇതിനകം സൃഷ്ടിക്കപ്പെട്ടിട്ടുള്ള എണ്ണമറ്റ കമ്മീഷനുകളുടെയും മറ്റും റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും മേശപ്പുറങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്ന കാര്യവും ശ്രദ്ധിക്കുക. കാരണം, ആരാണോ അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യാന്‍ വകുപ്പുകള്‍ ചമക്കുന്നത്, ആരാണോ അഴിമതി വിമുക്തഭരണത്തെക്കുറിച്ച് പ്രസംഗിക്കുന്നത്, ആരാണോ കമ്മീഷനുകളെ നിയമിക്കുന്നത്, ആരാണോ നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍ അവര്‍ തന്നെയാണ് യഥാര്‍ഥ പ്രതികള്‍. അതുകൊണ്ട്, അഴിമതിവിരുദ്ധസമരം യഥാര്‍ഥത്തില്‍ ഫലം കാണണമെങ്കില്‍ അഴിമതിയുടെ മൂലകാരണമായ വ്യവസ്ഥിതിക്കെതിരായി പൊരുതാന്‍ തയ്യാറാകണമെന്ന തിരിച്ചറിവ്, സ്വര്‍ഗരാജ്യത്തിന് വേണ്ടി പ്രയത്‌നിക്കുന്ന ജേക്കബ് തോമസിനും ഉണ്ടാകുമാറാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here