ബെംഗളൂരു സംഘര്‍ഷം: സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി

Posted on: September 13, 2016 4:15 pm | Last updated: September 13, 2016 at 9:12 pm

modiന്യൂഡല്‍ഹി: കാവേരി നദീജലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള സംഘര്‍ഷം വേദനാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷം ഉടന്‍ നിയന്ത്രിക്കണമെന്നും ഇരു സംസ്ഥാനങ്ങളും സംയമനം പാലിക്കണമെന്നും പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

നിയമം കയ്യിലെടുക്കുന്നത് പ്രശ്‌നത്തിന് പരിഹാരമല്ല. പാവപ്പെട്ട ജനങ്ങളുടെ വസ്തുക്കളും പൊതുമുതലും നശിപ്പിക്കുന്നതിന് പകരം ഉഭയകക്ഷി ചര്‍ച്ചയിലൂടെയും ജനാധിപത്യ മാര്‍ഗങ്ങളിലൂടെയുമാണ് പ്രശ്‌നത്തിന് പരിഹാരം കാണെണ്ടത്. ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ ഇന്ത്യന്‍ പൗരന്‍മാരാണ്. ആ നിലക്ക് ഔചിത്യത്തോടെ പ്രവര്‍ത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു.