ഫായിസിന്റെ വിയോഗം താങ്ങാനാവാതെ സുഹൃത്തുക്കള്‍

Posted on: September 9, 2016 3:17 pm | Last updated: September 9, 2016 at 3:17 pm
SHARE

ദുബൈ: ദുബൈ-അല്‍ ഐന്‍ റോഡില്‍ വാഹനാപകടത്തില്‍ കന്മനം സ്വദേശി ഫായിസ് മരിച്ചത് ഉറ്റവര്‍ക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല. വിപുലമായ സുഹൃദ് വലയമാണ് ഫായിസിനുണ്ടായിരുന്നത്. അല്‍ഐന്‍ റോഡില്‍ വെച്ച് ഫായിസ് ഓടിച്ചിരുന്ന വാന്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടെങ്കിലും ഫായിസിന് രക്ഷപ്പെടാന്‍ കഴിയും മുമ്പ് വാഹനം കത്തുകയായിരുന്നു.
മൃതദേഹം കാണാന്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ മോര്‍ച്ചറിയില്‍ പോയിരുന്നെങ്കിലും ഫായിസിന്റെ സഹോദരന്മാരായ സക്കീറിനും ഫൈസലിനും മാത്രമേ കാണിച്ച് കൊടുക്കാന്‍ പോലീസ് തയ്യാറായുള്ളൂവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മയ്യിത്ത് കണ്ടിറങ്ങിയ അവരെ എങ്ങിനെ സമാധാനിപ്പിക്കണമെന്ന് അവിടെ ഉണ്ടായിരുന്ന ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അറിയില്ലായിരുന്നു.
ഫായിസിന്റെ സഹോദരങ്ങള്‍ തന്നെ നാട്ടിലുള്ള ഉമ്മയുമായി സംസാരിച്ച് മയ്യിത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്തി. അവസാനം ഇവിടെ മറവ് ചെയ്യാന്‍ ഉമ്മ സമ്മതിച്ചത് പ്രകാരം അതിനുള്ള നിയമ നടപടികള്‍ ചെയ്ത് വരുന്നുണ്ട്. ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തകര്‍ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. നിയമ നടപടികള്‍ ശരിയായ ഉടന്‍ ദുബൈ സോനാപൂരിലെ ഖബര്‍സ്ഥാനില്‍ ഫായിസിന്റെ മൃതദേഹം മറവ് ചെയ്യും.
ഫായിസിനെ കുറിച്ച് കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്ലത് മാത്രമേ പറയാനുള്ളൂ. സരസനും സംസാര പ്രിയനുമായിരുന്നു. നാട്ടിലെ മത സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എസ് എസ് എഫ് കുറുങ്കാട് യൂണിറ്റ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫായിസ് കഴിഞ്ഞ വര്‍ഷം നടന്ന പുനഃസംഘടനയില്‍ എസ് വൈ എസ് സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.
ജോലി ആവശ്യാര്‍ഥം ആറു മാസം മുമ്പ് ഗള്‍ഫിലേക്ക് എത്തുന്നത് വരെ ആത്മാര്‍ഥതയുള്ള ഒരു പ്രവര്‍ത്തകനായി നാട്ടില്‍ ഉണ്ടായിരുന്നു, സുഹൃത്തുക്കള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here