പ്രവാസി പ്രശ്‌നങ്ങളില്‍ സംഘടനകള്‍ ഒരുമിച്ച് നില്‍ക്കണം: സ്പീക്കര്‍

Posted on: August 18, 2016 4:29 pm | Last updated: August 18, 2016 at 4:29 pm

sreerama krishnanഅബുദാബി:പ്രവാസി സംഘടനകള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിച്ചു നിന്ന് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരുകളുടെ മുന്നില്‍ കൊണ്ട് വരണമെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പ്രവാസി സംഘടനകള്‍ മാസ്റ്റര്‍ പ്ലാനുണ്ടാക്കി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കണം. മികച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രവാസി സംഘടനകള്‍ക്ക് കഴിയുന്ന രീതിയില്‍ സംഘടനകള്‍ വളരണം. പ്രവാസികള്‍ സ്വപ്‌നമായി കാണുന്നത് ദീര്‍ഘ കാല പ്രവാസ ജീവിതത്തിന് ശേഷം, നാട്ടിലേക്ക് തിരിച്ചു പോകുവാന്‍ ആഗ്രഹിക്കുന്നു എന്നുള്ളതാണ്. തിരിച്ചു പോകുമ്പോള്‍ അനാഥമാകാതിരിക്കാനുള്ള പരിശ്രമം പ്രവാസികള്‍ തുടരണം. പ്രവാസികളുടെ മടക്ക യാത്ര ആഹ്ലാദകരമാകണം, അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മീഡിയ അബുദാബി സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ വിഷയത്തില്‍ അല്‍പം ഗൗരവ ബുദ്ധിയോടെ ഇടപെടണമെന്ന് ഭരണ പക്ഷവും പ്രതിപക്ഷവും ആഗ്രഹിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലും അതിന്റെ വ്യക്തമായ സൂചനകളുണ്ടായിരുന്നു. പ്രവാസി സംബന്ധമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു നയം പ്രഖ്യാപിക്കാന്‍ പോവുകയാണ്. സര്‍ക്കാര്‍ പ്രവാസികള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന കാര്യത്തില്‍ ഗൗരവമായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സേവന അവകാശ നിയമം എന്നൊരു നിയമം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊണ്ട് വന്നിരുന്നു. എന്നാല്‍ അത് പരിമിതവും ഉപകാരമില്ലാത്തതുമായിപ്പോയി. സേവനാവകാശ നിയമത്തെ വിപുലീകരിക്കുക എന്നതാണ് ഏറ്റവും വലിയ ദൗത്യം.

വിവരാകാശ നിയമം പോലെ സേവന അവകാശ നിയമവും നിലവില്‍ വന്നാല്‍ വലിയ മാറ്റം ഉദ്യോഗസ്ഥ മേഖലയിലുണ്ടാകും. അതിന് ആവശ്യമായ നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. സേവന അവകാശ നിയമത്തെ പഴുതുകളില്ലാത്ത, ജനങ്ങളെ സഹായിക്കുന്ന നിയമമാക്കി മാറ്റുന്നതിന് വേണ്ടുന്ന നടപടി സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കുന്നത് നന്നായിരിക്കും. ജനങ്ങള്‍ക്ക് സേവനം ഉറപ്പ് വരുത്തുന്ന നിയമങ്ങള്‍ ഏത് യൂണിയന്‍ എതിര്‍ത്താലും പരിഗണിക്കേണ്ടതില്ല. നിയമസഭയില്‍ പരിഷ്‌കാരങ്ങള്‍ക്ക് പരിമിതിയുണ്ട്. നടപടി ക്രമങ്ങള്‍ പരമാവധി പരിപാലിക്കാന്‍ ശ്രമിക്കണം. അത് സമയം തൊട്ട് തുടങ്ങണം. നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടുകള്‍ വേണ്ടത്ര പരിഗണനക്ക് വരുന്നില്ല. നിയമ സഭ സമിതികള്‍ പല മേഖലകളിലും ചര്‍ച്ച ചെയ്തിട്ട് വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ട് അത് സഭയില്‍ കൊണ്ട് വന്ന് ചര്‍ച്ച ചെയ്താലേ അതിന് ഗൗരവം വര്‍ധിക്കുകയുള്ളൂ. നിയമ നിര്‍മാണത്തില്‍ ജനങ്ങളുടെ പങ്ക് ഉറപ്പ് വരുത്താനാവുന്ന വിവിധ തരം പദ്ധതികളില്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ പുതിയ തല മുറക്ക് പരിചയപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം.

പല മേഖലയിലും നിയമ നിര്‍മാണം ആവശ്യമുണ്ട്. ടെക്സ്സ്‌റ്റൈല്‍ മേഖലയിലും, ആധ്യാപക മേഖലയിലും അടിയന്തിര നിയമ നിര്‍മാണം ആവശ്യമാണ്. വരേണ്യവിദ്യാര്‍ഥികളും, അവര്‍ണ അധ്യപകരുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരം കാര്യങ്ങള്‍ നിയമ നിര്‍മാണത്തിലൂടെ മാറ്റം വരുത്തണം. അദ്ദേഹം പറഞ്ഞു. നവ മാധ്യമങ്ങളിലൂടെ ഉയര്‍ന്നു വരുന്ന ചെറുപ്പക്കാരെ കുറിച്ച് ആശങ്ക ആവശ്യമില്ല. അവരില്‍ സമൂഹത്തിന് നല്ല പ്രതീക്ഷയുണ്ട്.അവരുടെ സൗന്ദര്യ ശാസ്ത്രം,അവരുടെ കണ്ട് പിടുത്തങ്ങള്‍, എല്ലാം വ്യത്യസ്തവും കൗതുക കരവുമാണ്. പുരോഗമന പരമായി ചിന്തിക്കാന്‍ കഴിയുന്ന ഒരു യുവത്വം ഇന്ന് നാട്ടിലുണ്ട്. അവര്‍ക്ക് ആവശ്യമായ പ്രോചോദനം നല്‍കാന്‍ തയ്യാറായാല്‍ മതി. പ്രചോദനത്തിന് കഴിയുന്ന സ്ഥലങ്ങളില്‍ അതിന്റെ ഫലം കാണാനുണ്ട്. ഓരോ കാലത്തും അതിന്റെ പ്രത്യേകതകളുണ്ടാകും.അതാണ് യുവജനങ്ങളിലും കാണാണാനാകുന്നത്. അതിന് അപ്പുറം ഒരു ആശങ്കക്ക് ആവശ്യമില്ല അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് അനില്‍ സി ഇടിക്കുള, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പത്മനാഭന്‍, അഫ്‌സല്‍ അഹ്മദ് എന്നിവര്‍ പങ്കെടുത്തു.