തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗ റെയില്‍പ്പാതക്ക് കരട്; ഏറ്റെടുക്കേണ്ടത് 790 ഹെക്ടര്‍

  • കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് മണിക്കൂര്‍
  • ഒമ്പത് സ്റ്റേഷനുകള്‍
Posted on: July 13, 2016 9:14 am | Last updated: July 13, 2016 at 12:13 pm
SHARE

തിരുവനന്തപുരം:തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ നിര്‍ദിഷ്ട അതിവേഗ റെയില്‍പ്പാത നിര്‍മിക്കുന്നതിനുള്ള കരട് റിപ്പോര്‍ട്ട് തയ്യാറായി. റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ റെയില്‍ ഇടനാഴിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 300- 350 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകുന്ന അതിവേഗ പാത നിര്‍മിക്കാനാണ് ആലോചന.

സംസ്ഥാന സര്‍ക്കാറിന് വേണ്ടി മെട്രോ റെയില്‍ കോര്‍പറേഷനാണ് സാധ്യതാ പഠനം നടത്തിയത്. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിക്കാന്‍ നിലവില്‍ 12 മണിക്കൂര്‍ വേണ്ടിവരുന്നുണ്ട്. അതിവേഗ പാത വരുമ്പോള്‍ കേവലം രണ്ട് മണിക്കൂര്‍ കൊണ്ട് ഈ ദൂരം താണ്ടാനാകും.

ഈ പദ്ധതിക്കായി 20 മീറ്റര്‍ വീതിയില്‍ മാത്രം ഭൂമി ഏറ്റെടുത്താല്‍ മതിയാകും. ഇതോടനുബന്ധിച്ച് സര്‍വീസ് റോഡുകളും പാതയോടനുബന്ധിച്ച് നിര്‍മിക്കാനാകും. പുതിയ റോഡുകള്‍ വരുന്നതോടെ തൊട്ടടുത്ത പ്രദേശങ്ങളുടെ വികസനവും ഭൂമിയുടെ വില കൂടുതലിനും ഇടയാകും. അതിവേഗ റെയില്‍പ്പാതയുടെ ഇരു വശത്തും 15 മീറ്റര്‍ വീതം കെട്ടിട നിര്‍മാണങ്ങള്‍ അനുവദനീയമല്ല. എന്നാല്‍, കൃഷി നടത്തുന്നതിന് തടസ്സങ്ങളില്ലെന്ന പ്രത്യേകതയുമുണ്ട്.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള അതിവേഗ റെയില്‍ ഇടനാഴിയില്‍ ഒമ്പത് സ്റ്റേഷനുകള്‍ ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, കൊച്ചി, തൃശൂര്‍, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് നിര്‍ദിഷ്ട സ്റ്റേഷനുകള്‍. തിരുവനന്തപുരം കൊച്ചുവേളിക്ക് സമീപമായിരിക്കും പ്രധാന ഡിപ്പോയും സ്റ്റേഷനും. ഇതിനായി ഏകദേശം 30 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും.

ഇത്രയും ബൃഹത്തായ പദ്ധതിക്ക് കേവലം 790 ഹെക്ടര്‍ ഭൂമി ഏറ്റെടുത്താല്‍ മതിയാകും. ഇതില്‍ 450 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. തെക്കുവടക്കന്‍ ദേശീയ പാതക്ക് രണ്ട് ലൈനുകളേയുള്ളൂ. ദേശീയപാത നാല് വരിയാക്കാനുള്ള ശ്രമം കടുത്ത പ്രതിരോധത്തെ നേരിടുകയാണ്. റെയില്‍പ്പാതയുടെയും ദേശീയ പാതയുടെയും ഇരുവശത്തായി കനത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ സഞ്ചാരപാതകള്‍ വിപുലീകരിക്കാനുള്ള സാധ്യതകള്‍ തീരെ മങ്ങിയിരിക്കുകയാണ്.

ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് അതിവേഗ റെയില്‍പ്പാതയുടെ പ്രസക്തി. റെയില്‍പ്പാതയുടെ 190 കിലോമീറ്റര്‍ ദൂരം തറനിരപ്പില്‍ നിന്ന് ഉയര്‍ത്തിയായിരിക്കും നിര്‍മിക്കുക. 146 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയായിരിക്കും. ബാക്കിയുള്ള ദൂരം ഭൂമി കിളച്ച് ചാലുകളുണ്ടാക്കിയും വരമ്പുകളുണ്ടാക്കിയുമാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. വൈദ്യുതി ഉപയോഗിച്ചാണ് അതിവേഗ റെയില്‍ പ്രവര്‍ത്തിക്കുന്നത്.

പാതക്ക് അനുമതി കിട്ടിയാല്‍ ഒമ്പത് വര്‍ഷം കൊണ്ട് പാതയുടെ പണി പൂര്‍ത്തീകരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി രൂപംകൊടുക്കുന്ന സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളര്‍ രൂപവത്കരിച്ചാകും പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന നികുതികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒഴിവാക്കിയാല്‍ തന്നെ ഏതാണ്ട് 6,000 കോടി രൂപ പദ്ധതി ചെലവില്‍ നിന്ന് കുറക്കാനാകും. പദ്ധതി നടത്തിപ്പിനുള്ള വായ്പക്കായി ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോര്‍പറേഷന്‍ ഏജന്‍സിയുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി വരികയാണ്.

ഹൈസ്പീഡ് റെയില്‍പാത നിലവില്‍ വന്നാല്‍ റോഡപകടങ്ങള്‍ 30 ശതമാനം കണ്ട് കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. 1964ല്‍ ടോക്യോക്കും ഒസാക്കക്കും ഇടയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടി തുടങ്ങി. വന്‍തോതിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടുതന്നെ ജപ്പാന്റെ മുഖച്ഛായ മാറ്റിയെടുക്കാന്‍ കഴിഞ്ഞു. തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗ റെയില്‍പ്പാത സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന്റെ രൂപവും ഘടനയും ഉടച്ചുവാര്‍ക്കുമെന്നുറപ്പാണ്. ഇതിന്റെ നിര്‍മാണത്തിന് അനുകൂലമായ നിലപാട് ഇടതു മുന്നണിയുടെ പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരുന്നു.